അഗർത്തല: ത്രിപുരയിൽ 2013ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിനു നഷ്ടമായത് 7,63,132 വോട്ട്. കഴിഞ്ഞ തവണ 8,04,457 വോട്ടും പത്തും സീറ്റും ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 41,325 വോട്ട് മാത്രം. സീറ്റൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല മത്സരിച്ച 59 മണ്ഡലങ്ങളിൽ നാലിടത്തു മാത്രമാണ് ആയിരത്തിലധികം വോട്ട് നേടിയത്. ഒരിടത്തു പോലും രണ്ടാം സ്ഥാനം ലഭിച്ചില്ല. നാണക്കേടിന്റെ കണക്കുകൾ നിരത്തി എതിർ പാർട്ടിക്കാർ ആഞ്ഞടിക്കുമ്പോൾ തലയിൽ മുണ്ടിട്ട് ഗതികേടിലാണ് കോൺഗ്രസ് നേതാക്കൾ

പിസിസി അധ്യക്ഷൻ ബിരാജിത് സിൻഹ മത്സരിച്ച കൈലാഷാഹർ മണ്ഡലത്തിൽ മാത്രമാണു കെട്ടിവച്ച തുക തിരികെ ലഭിച്ചത്. ബിരാജിത് സിൻഹ 7,787 വോട്ട് നേടി. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഏഴു പേർ ഇത്തവണ ബിജെപി സ്ഥാനാർത്ഥികളായി സഭയിലെത്തി. അന്നു കോൺഗ്രസ് ജയിച്ച 10 സീറ്റിൽ ഒൻപതിടത്തു ബിജെപിയാണ് ഇത്തവണ ജയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ഐപിഎഫ്ടി ഇത്തവണ ബിജെപി സഖ്യത്തിലെത്തിയെങ്കിലും വോട്ടു ശതമാനത്തിൽ വർധന ഉണ്ടായില്ല. പുതിയതായി എട്ടു സീറ്റിൽ ജയിക്കാൻ സാധിച്ചു. ഐപിഎഫ്ടി വോട്ട് 1,67,078ൽനിന്ന് 1,73,603 ആയി.

സിപിഎമ്മിന്റെ വോട്ടിലും ചോർച്ചയുണ്ടായി. കഴിഞ്ഞ തവണ 10,59,327 (48.11%) വോട്ടാണ് പാർട്ടിക്കു ലഭിച്ചത്. ഇത്തവണ അത് 9,92,575 (42.7%) ആയി കുറഞ്ഞു66,752 വോട്ടിന്റെ കുറവ്. ഇടതുമുന്നണിയുടെ മൊത്തം വോട്ടിൽ 1,09,600 കുറവ്. എന്നാൽ ബിജെപി വോട്ടിൽ 9,65,285ന്റേതാണു വർധന. 2013ൽ നേടിയ 33,808 (1.54%) വോട്ട് 9,99,093 (43.0%) ആയി. സിപിഎമ്മിന് 5.41% വോട്ട് കുറഞ്ഞപ്പോൾ നഷ്ടമായത് 33 സീറ്റാണ്. സിപിഐക്ക് ഏക സീറ്റും നഷ്ടമായി.

കഴിഞ്ഞ തവണ കോൺഗ്രസ് സഖ്യം 44.12% വോട്ട് നേടിയിരുന്നു. ഇത്തവണ രണ്ടു ശതമാനത്തിൽ താഴെയായി. സിപിഎമ്മിനു സ്വാധീനമുള്ള കേരളം, ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ കോൺഗ്രസും സിപിഎമ്മുമായിരുന്നു പ്രബല കക്ഷികൾ. ബംഗാളിൽ കോൺഗ്രസും സിപിഎമ്മും തകർന്നടിഞ്ഞു. ത്രിപുരയിൽ കോൺഗ്രസ് തറപറ്റി. സിപിഎം 25 വർഷത്തിനു ശേഷം അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു.