അഗർത്തല: വിവാഹേതര ബന്ധം സംശയിച്ച് യുവതിയെ ഭർത്താവിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം 'കാമുകനെ' കൊണ്ട് ബലംപ്രയോഗിച്ച് കല്യാണം കഴിപ്പിച്ചതായി റിപ്പോർട്ടുകൾ. ത്രിപുരയിലെ മധ്യ കൃഷ്ണപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

മർദ്ദനമേറ്റ് അവശനിലയിലായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഭർത്താവിന്റെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘമാണ് സ്്ത്രീയെ ക്രൂരമായി മർദ്ദിച്ചത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണം. കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സ്ത്രീയെ മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിൽ സ്ത്രീയുടെ ബോധം നഷ്ടപ്പെട്ടു. സ്ത്രീയുടെ കാമുകൻ എന്ന് ആരോപിക്കുന്നയാളെയും സംഘം വെറുതെ വിട്ടില്ല. യുവാവിനെയും ക്രൂരമായി മർദ്ദിച്ചതായാണ് റിപ്പോർട്ടുകൾ.

ബോധം തിരികെ വന്ന സ്ത്രീയെ യുവാവിനെ കൊണ്ട് നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇരുവരെയും കൊണ്ട് നിർബന്ധിച്ച് പരസ്പരം മാലയിടീപ്പിക്കുന്നതും സ്ത്രീയുടെ നെറ്റിയിൽ യുവാവ് കുങ്കുമം തൊടുന്നതും അടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഒരേ ഗ്രാമത്തിലെ മറ്റൊരു ആളുമായി ഭാര്യ വിവാഹേതരബന്ധം തുടർന്നതാണ് മർദ്ദനത്തിന് കാരണമെന്ന് ഭർത്താവ് പറയുന്നു. സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രി മുഴുവൻ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ ചെലവഴിച്ചതായും ഭർത്താവ് പറയുന്നു.