- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷം നികുതി അടവ് മുടങ്ങിയാൽ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടർന്ന് നികുതി സ്വീകരിക്കാനെന്ന് വ്യവസ്ഥ; സ്വാധീന ബലത്തിൽ പത്രപ്രവർത്തക യൂണിയൻ അടച്ചത് 40 കൊല്ലത്തെ നികുതിയോ? വടക്കുംനാഥ ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ബോർഡ്; തൃശൂർ പ്രസ് ക്ലബ്ബിന് സംഭവിച്ചത് എന്ത്?
തൃശൂർ:തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കും. ഇതിനുള്ള നടപടികൾ കൊച്ചിൻ ദേവസ്വം ബോർഡ് തുടങ്ങി. ഇതു സംബന്ധിച്ച് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകൾക്കെതിരേ ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ്, നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം തൃശൂർ പ്രസ് ക്ലബ്ബിന് സ്ഥലവും നഷ്ടമാകുന്നത്.
തൃശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരേ വ്യാജ രേഖ ചമച്ച കേസും നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടുത്ത മാസം ഈ കേസും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. തൃശൂർ സ്വദേശി ജയകുമാറാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
1971 ൽ അന്നത്തെ മാധ്യമ പ്രവർത്തക കൂട്ടായ്മയായ വർക്കിങ് ജേർണലിസ്റ്റ് അസോസിയേഷൻ തൃശൂർ എന്ന സംഘടനയ്ക്ക് അന്നത്തെ കലക്ടർ സാധാരണ നോട്ടിഫിക്കേഷനിലൂടെ കൈമാറിയ സ്ഥലത്തിന് വ്യാജ രേഖ ചമച്ചാണ് നാൽപ്പത് വർഷങ്ങൾക്ക് ശേഷം പ്രസ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി ചേർന്ന് ഭൂമി സ്വന്തമാക്കിയത് എന്നാണ് ആരോപണം. 2019ലെ പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നാൽപ്പത് വർഷത്തെ നികുതി ഒന്നിച്ചടച്ചത്.
തൃശൂർ മുൻസിപ്പാലിറ്റി കൗൺസിൽ തീരുമാനമെന്ന വ്യാജേനയായിരുന്നു, വടക്കുംനാഥൻ ദേവസ്വംഭൂമി, വർക്കിങ് ജേർണലിസ്റ്റ് അസോസിയേഷൻ തൃശൂരിന് അന്നത്തെ കലക്ടർ നോട്ടിഫിക്കേഷനിലൂടെ കൈമാറിയത്. ആ സംഘടനയുമായി ബന്ധമില്ലാത്ത നിലവിലെ പത്ര പ്രവർത്തക യൂണിയൻ പ്രസ് ക്ലബ്ബ് നേതൃത്വം വ്യാജരേഖ ചമച്ച് നികുതിയടച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതാണ് ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. തൃശൂർ സ്വദേശി ജയകുമാറാണ് ഹർജിക്കാരൻ.
അഞ്ച് വർഷം നികുതി അടവ് മുടങ്ങിയാൽ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടർന്ന് നികുതി സ്വീകരിക്കാനെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി നികുതി അടച്ചത്. പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത കാലത്തും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും.
രേഖകൾ ശരിയാക്കി, മുതിർന്ന മാധ്യമ പ്രവർത്തകരുമായി കൂടിയാലോചിച്ച്, നിയമോപദേശം തേടിയായിരുന്നു നികുതി അടയ്ക്കാനുള്ള നീക്കം നടത്തിയതെങ്കിൽ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടില്ലായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പ്രസ്€ബ്ബ് സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും തികഞ്ഞ നിരുത്തരവാദപരമായ ഇടപെടലാണ് സ്ഥലവും ഓഫീസും നഷ്ടമാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിമർശനം.
മറുനാടന് മലയാളി ബ്യൂറോ