- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളവ് വേണമെന്ന് ദേവസ്വങ്ങൾ; തൃശൂർ പൂരം സംബന്ധിച്ച് നാളെ വീണ്ടും യോഗം; ഇളവ് ആവശ്യപ്പെടുന്നത് രണ്ട് ഡോസിന്റെയും പാപ്പാന്മാരുടെയും കാര്യത്തിൽ
തൃശൂർ: തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. നാളെ വീണ്ടും ചീഫ് സെക്രട്ടറിയുമായി യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ പൂരം നടത്തിപ്പിന് തടസമാകുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി. നാളെ നടക്കുന്ന യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കലക്ടർ വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ പൂരത്തിനെത്താൻ അനുവദിക്കു എന്ന നിബന്ധന മാറ്റണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സിൻ എടുത്തവരേയും പ്രവേശിപ്പിക്കണമെന്നാണ് ഇരു ദേവസ്വങ്ങളും നിലപാടെടുത്തത്.
പാപ്പാന്മാരുടെ കാര്യത്തിലും ഇളവ് വേണമെന്നാണ് ഉയർന്ന മറ്റൊരു ആവശ്യം. എല്ലാ പാപ്പാന്മാരും ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിച്ചാൽ മാത്രമേ ആനയുമായി പൂരത്തിന് എത്താൻ കഴിയു എന്നാണ് നേരത്തെ എടുത്ത തീരുമാനം. എന്നാൽ ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്ന നിർദ്ദേശമാണ് ദേവസ്വം അധികൃതർ മുന്നോട്ടുവച്ച ആവശ്യം.
പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതൽ ലഭിക്കും. കോവിഡ് ജാഗ്രത പോർട്ടലിൽ നിന്ന് രാവിലെ പത്ത് മണി മുതൽ പാസ് ഡൗൺലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം.
തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കോവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.