- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന് പുറമേ ഇറക്കുമതി ചെയ്ത മിഠായികളും ബ്രാൻഡഡ് പെർഫ്യൂമുകളും ട്രാവൽ ആക്സസറികളും; വൈറലായി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്; ഫ്‌ളമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും വാങ്ങിയുള്ള അദാനിയുടെ ബിസിനസ് നീക്കം; തിരുവനന്തപുരം വിമാനത്താവളത്തിന്റെ തലവര മാറുമ്പോൾ
തിരുവനന്തപുരം: അദാനി എത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ തലവര മാറുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ പൂട്ടിക്കിടന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. ഗണപതി ഹോമത്തോടെയാണ് വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നത്. ഈ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്.
2018-ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്‌സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചിടുന്നത്. യാത്രക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ആറുകോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തിൽ സിബിഐ., കേസെടുത്തതോടെയാണ് ഷോപ്പ് പൂട്ടിയത്. ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര ബ്രാൻഡായ ഫ്ളെമിംഗോയും അദാനി ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്നത്. ഡ്യൂട്ടിഫ്രീ ഷോപ്പ് നിലവിലുണ്ടായിരുന്നയിടത്ത് അന്താരാഷ്ട്ര നിലവാരത്തിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയത് ആരംഭിച്ചത്.
ഇറക്കുമതി ചെയ്ത സാധനങ്ങൾ മുംബൈയിൽ നിന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തിച്ചിട്ടുണ്ട്. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് ഷോപ്പുകളാണ് തുറന്നത്. എമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾക്കിടയിലാണ് പുതിയ ഷോപ്പ്. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്ലെറ്റുകൾ ഉണ്ട്.
മദ്യത്തിന് പുറമേ ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമാണ്. കൂടാതെ, ഹാൻഡ്ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ ഉൽപന്നങ്ങളും വൈകാതെ ഇവിടെനിന്ന് ലഭ്യമാകും. യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവുകളെ നിയോഗിച്ചിട്ടുണ്ട്.
2018ൽ മദ്യക്കടത്ത് കേസിൽ കുടുങ്ങിയ പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് സീൽ ചെയ്തിരിക്കുകയാണ്. മദ്യക്കടത്തിൽ കസ്റ്റംസ്, സിബിഐ എന്നിവ രജിസ്റ്റർ ചെയ്ത കേസുകൾ ഇതുവരെ തീർന്നിട്ടില്ല. 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ദുരുപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ആറുകോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സിബിഐ കേസെടുത്തതിനെ തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്.
മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ് നടത്തിയിരുന്ന ഫ്‌ളമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും അദാനി ഗ്രൂപ് വാങ്ങി. ബാക്കി 25 ശതമാനം മാത്രം ഷെയറുകളാണ് ഫ്‌ളമിഗോ കമ്പനിക്കുള്ളത്. അതിനാലാണ് അദാനി-ഫ്‌ളമിഗോ കമ്പനികൾ ചേർന്നുള്ള പുതിയ പേരിലാണ് ഷോപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ