- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നഗരസഭയിലെ കയ്യേറ്റത്തിൽ ഗുരുതര പരിക്കേറ്റ നഗരപിതാവിന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു; കഴുത്തിൽ ക്ഷതമേറ്റതിനാൽ 48 മണിക്കൂറിന് ശേഷം വീണ്ടും പരിശോധന വേണ്ടിവരുമെന്ന് ഡോക്ടർമാർ; മേയർ പ്രശാന്തിന് രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് പരിശോധക സംഘം
തിരുവനന്തപുരം:നഗരസഭയിൽ ശനിയാഴ്ചയുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മേയർ വികെ പ്രശാന്തിന് രണ്ടാഴ്ച കൂടി വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ കോളേജ് ചികിത്സ വിഭാഗം. കഴുത്തിന് ക്ഷതമേറ്റ മേയർക്ക് 48 മണിക്കൂറിന് ശേഷം പരിശോധന നടത്തേണ്ടതുണ്ടെന്നും ഇന്ന് രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. മറ്റ് പൊതുപരിപാടികൾ ഉൾപ്പടെ മാറ്റിവെച്ച് രണ്ടാഴ്ച വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്തായാലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉടൻ ഡിസ്ചാർജ് വേണ്ടെന്നാണ് തീരുമാനം. നഗരസഭയിലുണ്ടായ സംഘർഷത്തെ തുടർന്ന് സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ അഡ്വ. വി.കെ. പ്രശാന്തിന്റെ ചികിത്സയ്ക്കായി ഇന്ന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഓർത്തോപീഡിക്‌സ്, സർജറി, മെഡിസിൻ വിഭാഗം മേധാവികൾ, ആർ.എം.ഒ., യൂണിറ്റ് മേധാവി എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. പ്രത്യേക മെഡിക്കൽ ബോർഡ് യോഗം കൂടി മേയറുടെ ആരോഗ്യനില വിലയിരുത്തി. ശരീരത്ത
തിരുവനന്തപുരം:നഗരസഭയിൽ ശനിയാഴ്ചയുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മേയർ വികെ പ്രശാന്തിന് രണ്ടാഴ്ച കൂടി വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ കോളേജ് ചികിത്സ വിഭാഗം.
കഴുത്തിന് ക്ഷതമേറ്റ മേയർക്ക് 48 മണിക്കൂറിന് ശേഷം പരിശോധന നടത്തേണ്ടതുണ്ടെന്നും ഇന്ന് രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. മറ്റ് പൊതുപരിപാടികൾ ഉൾപ്പടെ മാറ്റിവെച്ച് രണ്ടാഴ്ച വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്തായാലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉടൻ ഡിസ്ചാർജ് വേണ്ടെന്നാണ് തീരുമാനം.
നഗരസഭയിലുണ്ടായ സംഘർഷത്തെ തുടർന്ന് സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ അഡ്വ. വി.കെ. പ്രശാന്തിന്റെ ചികിത്സയ്ക്കായി ഇന്ന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഓർത്തോപീഡിക്‌സ്, സർജറി, മെഡിസിൻ വിഭാഗം മേധാവികൾ, ആർ.എം.ഒ., യൂണിറ്റ് മേധാവി എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്.
പ്രത്യേക മെഡിക്കൽ ബോർഡ് യോഗം കൂടി മേയറുടെ ആരോഗ്യനില വിലയിരുത്തി. ശരീരത്തിനേറ്റ ക്ഷതവും പരുക്കുകളും തുടർ ചികിത്സയും മെഡിക്കൽ ബോർഡ് ചർച്ച ചെയ്തു. കഴുത്തിനേറ്റ പരുക്കിനെപ്പറ്റിയറിയാൻ എം.ആർ.ഐ. സ്‌കാനിങ് നടത്താൻ ബോർഡ് നിർദ്ദേശം നൽകി. രണ്ടാഴ്ചത്തെ തുടർ ചികിത്സയും വിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. 48 മണിക്കൂറിന് ശേഷം വീണ്ടും മേയറെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തും. ഡിസ് ചാർജ് ഉടൻ വേണ്ടെന്നും ചികിത്സ തുടരാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
ശനിയാഴ്ച തന്നെ അക്രമിച്ചവരിൽ കണ്ടാലറിയാവുന്ന ഇരുപത് ബിജെപി കൗൺസിലർമാരെയും മറ്റ് ഏഴ്പേർക്കെതിരെയും മേയർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മേയറെ വകവരുത്തുക എന്നത് തന്നെയാണ് ബിജെപി കൗൺസിലർമാർ ലക്ഷ്യം വെച്ചതെന്നും തലനാരിഴയ്ക്ക് മാത്രമാണ് രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.
തലയ്ക്ക് പരുക്കേറ്റ മേയർക്ക് ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാൽ കാലിൽ പ്ലാസ്റ്ററും കഴുത്തിൽ കോളറുമിട്ടിട്ടുണ്ട്. അൾട്രാ സൗണ്ട് പരിശോധനയും സി.ടി. സ്‌കാൻ പരിശോധനയും നടത്തിയിരുന്നു.
മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് ബിജെപി നേതാക്കൾ ഡിജിപിയുമായി ചർച്ച നടത്തിയിരുന്നു. അറസ്റ്റുണ്ടായാൽ അതിന് പ്രതിരോധം തീർക്കുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. മേയർ പരിക്ക് അഭിനയിക്കുകയാണെന്നും പൊലീസ് വിഷയത്തിൽ ഏകപക്ഷീയമായിട്ടാണ് പെരുമാറിയതെന്നും ബിജെപിക്ക് പരാതിയുണ്ട്. മേയർ പരിക്ക് അഭിനയിച്ച് തലസ്ഥാന നഗരവാസികളെ പറ്റിക്കുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ എസ് സുരേഷ് ആരോപിച്ചിരുന്നു.
സഭയ്ക്കുള്ളിൽ നടന്ന സംഭവങ്ങളിൽ മേയർക്കെതിരെ ആരെങ്കിലും കൈയോങ്ങുകയോ, മർദ്ദിക്കുകയോ ഉണ്ടായിട്ടില്ലായെന്ന് ദൃശ്യങ്ങളിൽനിന്നും, ഫോട്ടോകളിൽനിന്നും വ്യക്തമാണെന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം മേയറും, സിപിഎമ്മിന്റെ ചില കൗൺസിലർമാരും ചേർന്ന് ബിജെപി കൗൺസിൽ പാർട്ടി ലീഡർ അഡ്വ.ഗിരികുമാറിനേയും, വനിതാ കൗൺസിലർമാരായ ആർ.സി.ബീനയെയും, എം.ലക്ഷ്മിയെയും ആക്രമിക്കുന്നതും, അടിച്ചു തറയിലിട്ടശേഷം അഡ്വ.ഗിരികുമാറിന്റെ ശരീരത്തിൽ ചവിട്ടി മേയർ കയറിപ്പോകുന്നതും ദൃശ്യങ്ങളിലൂടെ കാണാവുന്നതാണ് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിക്കുന്നു.
മേയർ തനിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് അഭിനയിക്കുകയാണ്. മേയർക്ക് പരിക്കേറ്റിരുന്നുവെങ്കിൽ ദൃശ്യങ്ങളിൽ കാണുന്നതുപോലെ അദ്ദേഹം നടന്ന് ആശുപത്രിയിലേക്ക് പോകുമായിരുന്നില്ല. തലയിൽ മുറിവുണ്ട് എന്നു പറയുന്നത് വ്യാജപ്രചരണമാണ്. നെറ്റിയിലുള്ള മുഖക്കുരുവിന്റെ പുറത്ത് വച്ചുകെട്ടിയിട്ട് അതുകൊലപാതക ശ്രമത്തിനിടയിൽ ഉണ്ടായ മുറിവാണെന്ന് പ്രചരിപ്പിക്കുന്ന മേയർ പൊതുപ്രവർത്തകർക്കാകെ അപമാനമാണ്. മൂന്നാംകിട ക്രിമിനലുകളെപ്പോലും ലജ്ജിപ്പിക്കുന്ന സമീപനമാണ് മേയറുടേത്. ഈ മേയർ തിരുവനന്തപുരം നഗരസഭയ്ക്ക് അപമാനമാണെന്നും സുരേഷ് ആരോപിക്കുന്നു.