തിരുവനന്തപുരം: കോവിഡ് കാലത്ത് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഒപി കൗണ്ടറിൽ സൂചി കുത്താൻ ഇടമില്ല. സാമൂഹ്യ അകലം പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ച് ആവർത്തിച്ച് പറയുമ്പോഴും അകലങ്ങളില്ലാതെ രോഗികളെ 'ചേർത്തുനിർത്തുക'യാണ് ജനറൽ ഹോസ്പിറ്റൽ അധികൃതർ എന്നാണ് പരാതി.

അതിരാവിലെ മുതൽ നൂറുകണക്കിനാളുകളാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് ജനറൽ ഹോസ്പിറ്റലിലെ ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ തിങ്ങിനിറഞ്ഞത്. ഒപി ടിക്കറ്റ് നൽകുന്നതിന് ഏഴോളം കൗണ്ടറുകൾ ഉണ്ടെങ്കിലും അതിൽ രണ്ടെണ്ണം മാത്രമാണ് പതിവായി തുറന്നുപ്രവർത്തിക്കാറുള്ളത്. അതുകൊണ്ടാണ് തിരക്ക് വർദ്ധിക്കുന്നതെന്നാണ് രോഗികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നത്. കോവിഡ് കാലമായിരുന്നിട്ടും ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഇവിടെയെത്തുന്നവരുടെ ആരോപണം,

യാതൊരു സുരക്ഷാകരുതലുകളുമില്ലാതെയാണ് ആളുകൾ ഒപി ടിക്കറ്റ് എടുക്കുന്നതിന് ആശുപത്രിയിൽ കൊണ്ടറിന് മുന്നിൽ തിക്കിതിരക്കുന്നത്. രാവിലെ ഏഴ് മണിക്ക് എത്തിയാലും പത്ത് മണിക്ക് ശേഷം മാത്രം ഒപി ടിക്കറ്റ് കിട്ടുന്നത്ര തിരക്കാണ് ഇവിടെയെന്ന് ഒരു രോഗിയുടെ ബന്ധു മറുനാടനോട് പറഞ്ഞു. ഇവിടെ ക്യൂ നിൽക്കുന്നതിൽ രോഗികളും രോഗികളുടെ ബന്ധുക്കളുമുണ്ട്. പനിലക്ഷണങ്ങളുമായി എത്തുന്നവർ പോലും ഈ തിരക്കിനിടയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

ഇവിടെയെത്തുന്ന ആളുകൾക്ക് എല്ലാവർക്കും കോവിഡ് പകർത്തുന്ന രീതിയിലാണ് ഇവിടത്തെ തിരക്ക്. ഒപി വിഭാഗത്തിന് വേണ്ടി പുതിയ കൗണ്ടർ നിർമ്മിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി അത് അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ജീവനക്കാരുടെ ക്ഷാമം മൂലമാണ് എല്ലാ കൗണ്ടറുകളും തുറക്കാനാകാത്തതെന്ന് ആശുപത്രി സൂപ്രണ്ട് മറുനാടനോട് പറഞ്ഞു. കുറച്ചു ദിവസമായി ഒപി കൗണ്ടറിൽ തിരക്കില്ലെന്നും അതുകൊണ്ടാണ് ടോക്കണുകൾ നൽകാത്തതെന്നും അവർ അവകാശപ്പെട്ടു.