തിരുവനന്തപുരം: 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ലുലു മാൾ തുറന്നതോടെ, തിരുവനന്തപുരത്തെ മറ്റ് മാളുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. പാറ്റൂരിലെ സെൻട്രൽ മാൾ ഏതാണ്ട് പൂട്ടിയമട്ടാണ്. തീയേറ്ററുകൾ മാത്രമാണ് അവിടെ കാര്യമായി പ്രവർത്തിക്കുന്നത്. ചാക്കയിൽ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന മാൾ ഓഫ് ട്രാവൻകൂറാവട്ടെ കടുത്ത പ്രതിസന്ധിയിലാണ്. അവിടെ മലബാർ ഗ്രൂപ്പ് നടത്തിയിരുന്ന ഹൈമാർട്ട് എന്ന വമ്പൻ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടുകയാണ്. ഈമാസം പത്തിന് ഹൈമാർട്ട് പ്രവർത്തനം അവസാനിപ്പിക്കും.

അവരുടെ വമ്പൻ ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ വ്യാപാരശാലയായ ഇഹം ഡിജിറ്റൽ അടച്ചുപൂട്ടിക്കഴിഞ്ഞു. ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും ഒഴിപ്പിച്ച് ആ സ്ഥലം രാമചന്ദ്രൻ ഗ്രൂപ്പിന് പാട്ടത്തിന് നൽകുകയാണ് മാൾ ഓഫ് ട്രാവൻകൂറിന്റെ ഉടമസ്ഥരായ മലബാർ ഗ്രൂപ്പ്. മാൾ ഓഫ് ട്രാവൻകൂർ ഏറ്റെടുത്ത് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിലിന്റെ ഭാഗമാക്കാൻ അദാനി ഗ്രൂപ്പും രംഗത്തുണ്ട്. മലബാർ ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ലുലു മാൾ വരുന്നതോടെ തലസ്ഥാനത്തെ മറ്റ് വാണിജ്യ സമുച്ചയങ്ങളെല്ലാം തകരുമെന്ന് നേരത്തേയുണ്ടായിരുന്ന പ്രവചനം യാഥാർത്ഥ്യമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. തലസ്ഥാനത്തെ ആദ്യ മാളായ ബിഗ്ബസാർ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. റിലയൻസിന്റെ മിക്ക സൂപ്പർമാർക്കറ്റുകൾക്കുള്ളിലും മറ്റ് ഔട്ട്‌ലെറ്റുകൾ അനുവദിച്ച് സ്ഥലം ലീസിന് നൽകിയിരിക്കുകയാണ്. 2 ലക്ഷം ചതുരശ്ര അടിയിലെ ലുലു ഹൈപ്പർ മാർക്കറ്റാണ് അവിടുത്തെ പ്രധാന ആകർഷണം.

തലസ്ഥാനവാസികൾ മറ്റ് സൂപ്പർമാർക്കറ്റുകൾ വിട്ട് അവിടേക്ക് പോവുന്നതാണ് മറ്റ് മാളുകളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, കനത്ത വിലക്കുറവ് ഉപഭോക്താക്കൾക്ക് നൽകി രാമചന്ദ്രൻ സൂപ്പർമാർക്കറ്റ് തലസ്ഥാനത്ത് നിരവധി ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. തമിഴ്‌നാട് ഗ്രൂപ്പായ പോത്തീസും വിലക്കുറവ് നൽകി ലുലുവുമായി മത്സരിക്കുകയാണ്.

മലബാർ ഗ്രൂപ്പ്, വിമാനത്താവളത്തിനടുത്ത് മാൾ ഓഫ് ട്രാവൻകൂർ തുറന്നിട്ട് നാലുവർഷമേ ആയിട്ടുള്ളൂ. കഴക്കൂട്ടംകോവളം ബൈപാസിൽ ഈഞ്ചയ്ക്കൽ അനന്തപുരി ആശുപത്രിക്കു സമീപം ഏഴ് ഏക്കർ സ്ഥലത്താണ് മാൾ ഓഫ് ട്രാവൻകൂർ. ഏഴു തിയറ്ററുകൾ ഉൾപ്പെടുന്ന മൾട്ടി പ്ലക്‌സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പേഴ്‌സ്, ലൈഫ് സ്‌റ്റൈൽ തുടങ്ങിയ വമ്പൻ രാജ്യാന്തര ഫാഷൻ ഷോപ്പിങ് സ്റ്റോറുകളുടേത് ഉൾപ്പെടെ ചെറുതും വലുതുമായ 150ൽപരം സ്റ്റോറുകൾ, ഫുഡ് പ്ലാസകൾ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഈ മാൾ.

മലബാർ ഡവലപ്പേഴ്‌സിന്റെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ ഈ മാളിൽ രാജ്യാന്തരതലത്തിലുള്ളവ ഉൾപ്പടെ 250ലധികം ബ്രാൻഡുകൾ ഒറ്റക്കുടക്കീഴിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാർണിവൽ ഗ്രൂപ്പിന്റെ ഏഴു തിയറ്ററുകളിലും ഫുഡ് കോർട്ടുകളിലും മാത്രമാണ് ആളുകയറുന്നത്. കുട്ടികളുടെ വിനോദത്തിനു മാത്രമായി 14,383 ചതുരശ്രയടി ഫൺ ഏരിയ (പ്ലെയാസാ) ഒരുക്കിയിട്ടുണ്ട്. അവിടെയും തിരക്കുണ്ട്. പക്ഷേ മാൾ ലാഭകരമായി നടത്തിക്കൊണ്ടുപോവാൻ ഇത്രയും തിരക്കു പോരാ.

മലബാർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ആയ ഹൈമാർട്ട്, ഇഹാം ഡിജിറ്റൽ എന്നിവയുടെ വിപുലമായ ഷോറൂമുകൾ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. അതാണ് ഇല്ലാതായത്. ഓഗസ്റ്റ് പത്തിന് ഹൈമാർട്ട് അടച്ചുപൂട്ടും. ഇഹം ഡിജിറ്റൽ പൂട്ടിയിട്ട് മാസങ്ങളായി. ലൈഫ്‌സ്‌റ്റൈൽ, ആപ്പിൾ, മാക്‌സ്, കല്യാൺ, ചിക്കിങ്, ആരോ, ഹഷ് പപ്പീസ്, ഈസിബൈ എന്നിവയുടെ സാന്നിധ്യം തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ പല ഔട്ട്‌ലെറ്റുകളും നിറുത്തിക്കഴിഞ്ഞു. വിമാനത്താവളത്തിനടുത്ത് മികച്ച പാർക്കിങ് സൗകര്യമുള്ള മാളാണ് ഇത്.

കേരളത്തിൽ മാളുകളുടെ വസന്തകാലം പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിയ കാഴ്ചയാണ് കാണുന്നത്. ചെറുതും വലുതുമായ 35മാളുകളാണ് കേരളത്തിലുള്ളത്. മാളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ കൊച്ചി കഴിഞ്ഞാൽ മുന്നോട്ടു കുതിക്കുന്നത് വടക്കൻ കേരളമാണ്. കൊച്ചിയിൽ മാളുകൾക്ക് ഇനിയും സാധ്യതയുണ്ട്. ജനങ്ങളുടെ പർച്ചേസിങ് പവറിൽ വന്ന മാറ്റം, ഉയർന്ന ശമ്പളം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് ഇതിനു കാരണം. കുറഞ്ഞത് മൂന്നു ലക്ഷം ജനങ്ങളുള്ള പട്ടണങ്ങളാണ് മാളുകൾ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.

ജനങ്ങളുടെ വരുമാനം, അരുടെ ക്രയശേഷി, അഭിരുചികൾ, ആർക്കൊക്കെ അവിടെ കട തുറക്കാൻ താൽപ്പര്യം കാണും, അവരിൽ നിന്നു ലഭിക്കാൻ സാധ്യതയുള്ള വാടക എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് നിർമ്മാണം.