ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) ഏർപ്പെടുത്തിയിട്ടുള്ള മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് 2015ന് സൺടെക് ബിസിനസ് ഗ്രൂപ്പ് സിഇഒ: നന്ദകുമാർ അർഹനായി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ടിഎംഎ 1986 മുതൽ നൽകി വരുന്ന പുരസ്‌കാരമാണിത്. മാനേജ്മെന്റ് പ്രൊഫഷണലുകളിൽ നിന്ന് മികച്ച നേതൃപാടവവും സുദൃഢമായ ബന്ധങ്ങളും സാമൂഹ്യ പ്രതിബദ്ധതയുമുള്ളവരെ കണ്ടെത്തിയാണ് ഓരോ വർഷവും പുരസ്‌കാരം നൽകുന്നത്.

കെൽട്രോണിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ഔദ്യോഗികജീവിതം തുടങ്ങിയ നന്ദകുമാർ 1991ലാണ് സൺടെക് ബിസിനസ് സൊല്യൂഷൻസിന് തുടക്കമിട്ടത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സൺടെക് സൊല്യൂഷൻസ് ഇന്ത്യയിലെതന്നെ ആദ്യത്തെ സോഫ്റ്റ്‌വെയർ ഉൽപാദന കമ്പനികളിലൊന്നാണ്. ഇവർ രൂപംകൊടുത്ത സോഫ്റ്റ്‌വെയറാണ് 20 വർഷക്കാലം ബിഎസ്എൻഎൽ ഇന്ത്യയിലുടനീളം ബില്ലിംഗിനും മറ്റുമായി ഉപയോഗിച്ചിരുന്നത്.

ഐ.ടി കമ്പനികളുടെ കേരളത്തിലെ കൂട്ടായ്മയായ ജി-ടെക്കിന്റെ ചെയർമാൻകൂടിയായ നന്ദകുമാർ സിഐഐ തിരുവനന്തപുരം സോൺ ചെയർമാനായും സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ ഇത്തവണത്തെ പുരസ്‌കാരം നന്ദകുമാറിന് സമ്മാനിക്കും.