തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ചർച്ചയാക്കുന്നത് മാഫിയാ നേതാവിന്റെ അവിഹിത ഇടപെടൽ. കടലാസ് സെക്യൂരിറ്റി കമ്പനിയെ ഉണ്ടാക്കി സ്വന്തം ഗുണ്ടാ ടിമിലെ ക്രിമിനലുകളെയാണ് ഇയാൾ ആശുപത്രിയിൽ നിയോഗിച്ചത്. ഇതാണ് കൂട്ടിരിപ്പുകാർക്ക് പോലും മന സമാധാനം ഇല്ലാത്ത അവസ്ഥയുണ്ടാക്കിയത്. ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും പോലും ഇവരെ പേടിയാണ്.

ഡോക്ടർമാരെ പോലും എടാ മറ്റവനെ എന്ന് അഭിസംബോധന ചെയ്യുന്ന സെക്യൂരിറ്റിക്കാരുണ്ട്. നേഴ്‌സുമാരെ അശ്ലീല കമന്റും പറയും. കുറച്ചു കാലം മുമ്പ് യൂണിയൻ നേതാവിനെ പോലും മോർച്ചറിക്ക് അടുത്തുവച്ച് ഇവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. എന്റെ അടുത്ത് കളിച്ചാൽ വിവരം അറിയും എന്നായിരുന്നു അന്ന് സെക്യൂരിറ്റിക്കാരന്റെ ആക്രോശം. അതിനിടെയാണ് കൂട്ടിരിപ്പുകാരനെ മർദ്ദിച്ച വീഡിയോ വൈറലാകുന്നതും. മെഡിക്കൽ കോളേജിലെ അറിയപ്പെടുന്ന ഗുണ്ടാ രാഷ്ട്രീയ നേതാവാണ് ഈ സെക്യൂരിറ്റി നിയമനങ്ങൾ നടത്തിയിരുന്നതെന്നാണ് വസ്തുത.

പുറത്ത് വന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിരുന്നു. മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടും. അവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കാനോ മാറ്റി നിർത്താനോ മെഡിക്കൽ കോളജ് അധികൃതർ തയാറാകുന്നില്ല എന്നതാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. ക്രിമിനലുകൾക്ക് ജാമ്യം നൽകി വിട്ടയച്ചതും വിവാദമായിട്ടുണ്ട്. ഈ മേഖലയിലെ സിപിഎം പ്രമുഖനായിരുന്നു ജാമ്യം ഉറപ്പാക്കിയത്.

അതിനിടെ ഇത്തരം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നൽകിയ ഏജൻസിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കിൽ ഈ ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി നിർദ്ദേശം നൽകി.

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോർട്ടിംഗും ദൈനംദിന പ്രവർത്തനങ്ങളുമെല്ലാം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ നടത്തണമെന്നും നിർദ്ദേശം നൽകി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകാനും മന്ത്രി നിർദേശിച്ചു. ഈ സെക്യൂരിറ്റിക്കാരെ നിയമിച്ചത് മെഡിക്കൽ കോളേജിലെ മാഫിയാ നേതാവാണ്. എസ് എ ടി ആശുപത്രിക്ക് മുമ്പിൽ ന്യായ വിലയ്ക്ക് മരുന്ന് നൽകിയിരുന്ന മെഡിക്കൽ സ്റ്റോർ അടപ്പിച്ച അതേ കരങ്ങളാണ് സെക്യൂരിറ്റിക്കാർക്ക് പിന്നിലും.

ക്രിമിനലുകളാണ് ഇവിടെ ഈ മാഫിയാ നേതാവിന്റെ പിന്തുണയിൽ ജോലിക്ക് കയറുന്നത്. സിപിഎം രാഷ്ട്രീയത്തിലെ സ്വാധീനത്തിലാണ് ഇതെല്ലാം നടക്കുന്നത്. സ്വന്തമായി ആരോഗ്യ സഹകരണ സംഘവും ഇയാൾ നടത്തുന്നുണ്ട്. സ്ഥലത്തെ പ്രധാന ഇടതു നേതാവായ ഇയാൾ, അാളുടെ സഹകരണ സ്ഥാപനത്തിന് വേണ്ടിയാണ് എസ് എ ടിയിലെ ന്യായ വില മരുന്ന് കട പൂട്ടിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സംഭവം വിവാദമായെങ്കിലും സർക്കാർ ഈ മാഫിയാ തലവനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെയാണ് ഗുണ്ടകളെ സെക്യൂരിറ്റിക്കാരായി നിയോഗിച്ച് ആശുപത്രിയുടെ പൂർണ്ണ നിയന്ത്രണം ഇയാൾ ഏറ്റെടുത്തത്.

നേരത്തെ ആശുപത്രി വികസന സൊസൈറ്റിയാണ് സെക്യൂരിറ്റിക്കാരേയും മറ്റും നിയമിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയ സ്വാധീനത്തിൽ അത് സ്വകാര്യ ഏജൻസി സ്വന്തമാക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെ രാഷ്ട്രീയ ഗുണ്ടുയും പിടിമുറുക്കി. സ്വകാര്യ ഏജൻസിയിലൂടെ സ്വന്തക്കാരെ ആശുപത്രിയിലേക്ക് നിയോഗിച്ചു. ഇതോടെ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം തുടർക്കഥയായി. രോഗിയുടെ കൂട്ടിരുപ്പുകാരെ മുൻപും അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സെക്യൂരിറ്റി ജീവനക്കാർ മുൻപും സ്ത്രീകളെയും കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തി. ഈ മാസം 11 ന് സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ നടന്ന ആക്രമണ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം സമാനമായ സംഭവം നടക്കുകയും നടപടി പൊലീസ് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 11 ന് നടന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസത്തെ വാർത്തയുടെ പശ്ചാത്തലത്തിലാണ് വാർത്ത പുറത്ത് വന്നതും. 17 ആം വാർഡിൽ ഡയാലിസിസ് ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ബന്ധുവുമായി സെക്യൂരിറ്റി ജീവനക്കാർ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രോഗിക്കൊപ്പം കൂടെ പോകാനായി കൂട്ടിരിപ്പുകാരൻ ആവശ്യപ്പെട്ടു എന്നാൽ സെക്യൂരിറ്റി ജീവനക്കാർ അത് അനുവദിച്ചില്ല. തുടർന്നാണ് വാക്കേറ്റത്തിലേക്കും കൈയേറ്റവും നടന്നത്. സ്ത്രീകൾക്ക് നേരെ മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാർ അതിക്രമം നടത്താൻ മുതിർന്നിരുന്നു. ഗുരുതരമായി ഒരുപാട് രോഗങ്ങളോടെ ചികിത്സയിലെത്തുന്ന രോഗികളോടും കൂട്ടിരുപ്പുകാരോടുമാണ് ഈയൊരു തരത്തിലുള്ള അക്രമം.