തിരുവനന്തപുരം: പാതയോരങ്ങളിൽ ചവറുകൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കോടതി ഉത്തരവ് വെട്ടിലാക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികളെയാണ്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉള്ളവരെയടക്കം വിധി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനിടെയാണ് ചവറു കത്തിക്കുന്ന പുക വീടിനുള്ളിലേക്ക് വരുന്നു എന്ന് പരാതി പറഞ്ഞപ്പോൾ അയൽവാസിയുമായി പിണങ്ങേണ്ടി വന്ന ഉള്ളൂർ സ്വദേശിയുടെ കഥ വാർത്തയാകുന്നത്. ചെവിയിലെ അസുഖം കാരണം ജോലിയിൽ നിന്നും വിആർഎസ് എടുത്തയാളെ മനഃപൂർവ്വം ബുദ്ധിമുട്ടിക്കുകയാണ് അയൽവാസിയെന്നാണ് പരാതി. എത്ര പരാതി പറഞ്ഞിട്ടും അധികാരികൾ അനാസ്ഥ തുടുരുന്നതായും ആക്ഷേപമുണ്ട്.

ഉള്ളൂർ സ്വദേശി കെ.എസ് സുനിൽകുമാറും ഭാര്യയുമാണ് അയൽവാസിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അയൽക്കാരനായ ജയകുമാർ എന്ന വ്യക്തിയാണ് നിരന്തരം മനഃപൂർവ്വം തന്നേയും കുടുംബത്തേയും ബുദ്ധിമുട്ടിക്കുന്നതായാണ് സുനിൽകുമാറിന്റെ പരാതി.2002 മെയ്‌ മുതലാണ് സുനിൽ കുമാർ ഭാര്യക്കും മകൾക്കുമൊപ്പം ഇവിടെ താമസമായത്. തൊട്ടടുത്ത വർഷമാണ്. ട്യൂഷൻ അദ്ധ്യാപകനായ ജയകുമാറും ഭാര്യ ഉമാ ജയകുമാറും ഇവരുടെ അയൽവാസികളായി താമസമാരംഭിച്ചത്.

2012 വരെ നല്ല അയൽക്കാരായി തന്നെയാണ് ഇവർ കഴിഞ്ഞതും. വീടിനു ഇടതു ഭാഗത്തായിട്ടാണ് ആദ്യം ചവറ് കൂട്ടിയിട്ട് കത്തിച്ചിരുന്നത്. എന്നാൽ ഇടത് ഭാഗത്ത് പുതിയ വീട് പണിയുകയും അവിടെ താമസക്കാർ എത്തിയതോടെയുമാണ് ജയകുമാർ മാലിന്യം ആ ഭാഗത്ത് കത്തിച്ചിരുന്ന മാലിന്യങ്ങൾ പിന്നീട് സുനിൽ കുമാറിന്റെ വീടിനോട് ചേർന്ന മതിലിനടുത്ത് കത്തിക്കാൻ തുടങ്ങിയത്. ഒന്നര മീറ്റർ ആഴത്തിൽ കുഴിയെടുത്ത ശേഷം അതിന് മുകളിൽ കോൺഗ്രീറ്റ് അറകൾ വച്ച ശേഷമാണ് അതിൽ പ്ലാസ്റ്റിക് റബ്ബർ തുടങ്ങിയവ മാലിന്യത്തോടൊപ്പം കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ഉടനെ തന്നെ സുനിൽ കുമാർ ഇവരെ നേരിൽ കണ്ട ശേഷം ചവർ കത്തിക്കുമ്പോൾ പുക മുഴുവൻ തങ്ങളുടെ വീട്ടിലെ വരാന്തയിലും അടുക്കളയിലും നിറയുകയാണെന്ന് പരാതി പറഞ്ഞു. എന്നാൽ അയൽവാസി ഇത് തുടർന്നു കൊണ്ടേയിരുന്നു. പിന്നീട് ഇന്ന് വരേയും പ്ലാസ്റ്റിക്കും റബ്ബറും മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ച് ബുദ്ധിമുട്ടിക്കുകയാണെന്നാണ് പരാതി.

ആരോഗ്യകരമായ ചുറ്റ്പാടിൽ ജീവിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് അയൽവാസി ചെയ്യുന്നതെന്ന് കാണിച്ച് പല പരാതികളും നൽകിയെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് സുനിൽകുമാറിന്റെ പരാതി. പ്ലാസ്റ്റിക്കും മറ്റും കത്തിക്കുന്നത് കാണാതിരിക്കാനായി സുനിൽകുമാറിന്റെ വീട്ട് മതിലിനോട് ചേർന്ന് ഒന്നര മീറ്റർ ഉയരത്തിൽ ഒരു മെറ്റൽ മറ തീർത്തിരി്കകുന്നതിനാൽ ഇടിമിന്നലുള്ളപ്പോൾ ബുദ്ധിുമുട്ടുണ്ടാകുന്നതായും സുനിൽകുമാർ തന്റെ പരാതിയിൽ പറയുന്നു.

2012ൽ നഗരസഭയിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ കേസ് നൽകിയപ്പോഴാണ് അൽപ്പമെങ്കിലും നീതി ലഭിച്ചതെന്നും സുനിൽ കുമാർ പറയുന്നു. തന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായ കമ്മീഷൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ജയകുമാറിന് താക്കീത് നൽകാൻ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയതനുസരിച്ച് കുറച്ച് ദിവസം ബുദ്ധിമുട്ടുണ്ടാക്കാൻ തുനിഞ്ഞിരുന്നില്ല.

വി എസ്എസ്സിയിൽ ഉദ്യോഗസ്ഥനായിരുന്ന സുനിൽകുമാർ ചെവിയിൽ അസുഖം കാരണം വലിയ ശബ്ദങ്ങൾ കേൾക്കുന്നതിന് ബുദ്ധിമുട്ടായതിനാൽ ജോലിയിൽ നിന്നും വിആർഎസ് എടുക്കുകയായിരുന്നു. ഇത് അറിയാവുന്ന അയൽവാസി കേസ് കൊടുത്തതിന്റെ വൈരാഗ്യം കാരണം ശാരീരികമായ ബുദ്ധിമുട്ടുകൾ സുനിലിന് ഉണ്ടെന്നറിഞ്ഞിട്ടും ആഡംബര കാറിന്റെ വലിയ ഹോൺ നിരന്തരം മുഴക്കിയും ബുദ്ധിമുട്ടിക്കുന്നതായും പരാതിയിൽ പറയുന്നു. തന്റെ അസുഖവും അവസ്ഥയും അറിയാവുന്നതിനാൽ തന്നെ മറ്റ് അയൽവാസികൾ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കാതെ തന്നെ സഹായിക്കാറുണ്ടെന്നും പരാതിക്കാരനായ സുനിൽ കുമാർ പറയുന്നു. പരാതികളുമായി മുന്നോട്ട് പോയപ്പോൾ ഇല്ലാത്ത പീഡനക്കേസിൽ നോട്ടീസയച്ചതായും പരാതിയിൽ പറയുന്നു.

മലിനീകരണ നിയന്ത്രണ ബോർഡിൽ ഉൾപ്പടെ പരാതി കൊടുത്തു. എന്നാൽ പിന്നീട് അവിടെ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് സുനിലിന്റെ വീടിനു സമീപമുള്ള ചില വീടുകളിൽ തിരക്കിയപ്പൊൾ അവർക്ക് ഇതേക്കുറിച്ചറിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്നാണ് സുനിൽ പറയുന്നത്. മാത്രമല്ല പരാതിക്കാരനായ തന്റെ വീട് സന്ദർശിക്കാതെ ജയകുമാർ പറഞ്ഞത് അത്പോലെ വിശ്വസിക്കുകയും വെറും കരിയില മാത്രമാണ് കത്തിച്ചതെന്ന് തങ്ങളേയും പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തിയതെന്നും സുനിൽ കുമാർ പറയുന്നു. എന്തായാലും പ്ലാസ്റ്റിക് കത്തിക്കരുതെന്ന കോടത് വിധി വന്നിട്ടും അയൽവാസി പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുനിൽകുമാർ.