- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടിക്കും സസ്പെൻഷനും പിന്നാലെ എക്സൈസിന്റെ റെയ്ഡ് ഭീതിയും; തിരുവനന്തപുരം പ്രസ് ക്ലബിലെ 'സങ്കേതം' താൽക്കാലികമായി പൂട്ടി; പത്രപ്രവർത്തകരുടെ അനധികൃത ബാർ വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ 'സങ്കേത'മെന്ന ഓമന പേരിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാർ അടച്ചുപൂട്ടി. എക്‌സൈസ് വകുപ്പിന്റെ നടപടി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന വിവരം ലഭിച്ചതോടെയാണ് തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ മദ്യപാന കേന്ദ്രം അടച്ചുപൂട്ടിയത്. മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസ് ഇല്ലാതെ ക്ലബ്ബുകളിൽ മദ്യം വിളമ്പുന്
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ 'സങ്കേത'മെന്ന ഓമന പേരിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാർ അടച്ചുപൂട്ടി. എക്‌സൈസ് വകുപ്പിന്റെ നടപടി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന വിവരം ലഭിച്ചതോടെയാണ് തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ മദ്യപാന കേന്ദ്രം അടച്ചുപൂട്ടിയത്. മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസ് ഇല്ലാതെ ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ ഒരുങ്ങിയതോടെയാണ് മന്ത്രിമാരുടെയും അധികാരികളുടെയും മൂക്കിന് കീഴിലെ മദ്യപാന കേന്ദ്രത്തിന് താൽക്കാലികമായി പൂട്ടുവീണത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആറ്റിങ്ങലിലെ ഒരു ക്ലബിനകത്ത് നടത്തിപ്പോന്ന ബാർ അടപ്പിക്കുകയും ക്ലബിന്റെ ഭാരവാഹികളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഈ സംഭവം വാർത്തയായതോടെ എക്‌സൈസ് വകുപ്പിനുള്ളിൽ നിന്നു തന്നെ പത്രപ്രവർത്തകരുടെ മദ്യപാന കേന്ദ്രത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. കർശന നടപടി വേണമെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഈ വിവരം പ്രവർത്തകർ തന്നെ അറിഞ്ഞതോടെയാണ് പ്രസ്‌ക്ലബ് ബാർ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്.
ആറ്റിങ്ങലിലെ ക്ലബിൽ അനധികൃത ബാർ പ്രവർത്തിച്ചു പോന്നത് എക്‌സൈസ് ഉദ്യോഗസ്ഥന്മാരിൽ ചിലരുടെ ഒത്താശയോടെയാണെന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അതേത്തുടർന്ന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്മാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയുമുണ്ട്. തങ്ങളുടെ കൂട്ടത്തിൽ തന്നെ രണ്ട് പേർക്ക് പണിതന്ന മാദ്ധ്യമപ്രവർത്തകരെ പാഠംപഠിപ്പിക്കണമെന്ന വികാരമാണ് ഇതോടെ എക്‌സൈസ് വകുപ്പിൽ ശക്തിപ്പെട്ടത്. ഇതോടെയാണ് എക്‌സൈസ് ജീവനക്കാരെ കുറ്റപ്പെടുത്തുമാറുള്ള വാർത്ത പത്രങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പത്രക്കാരുടെ ആസ്ഥാനമന്ദിരത്തിൽ പ്രവർത്തിക്കുന്ന ബാർ റെയ്ഡ് ചെയ്ത് പൂട്ടിക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്മാരും തീരുമാനിച്ചത്.
ഈ വിവരം വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനിൽനിന്ന് പ്രസ് ക്ലബ് ഭാരവാഹികൾക്ക് ചോർന്നുകിട്ടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ബാർ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. വിവാദം ശമിക്കുമ്പോൾ പതിയെ സങ്കേതം തുറക്കാമെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ തീരുമാനം. എന്നാൽ, ഇപ്പോൾ അടച്ചെങ്കിലും അനധികൃതമായി പ്രവർത്തിക്കുന്ന ഈ ബാർ മേലിൽ തുറക്കാൻ അനുവദിക്കില്ലെന്നുമാണത്രെ എക്‌സൈസ് വകുപ്പ് ജീവനക്കാരുടെ നിലപാടത്രേ. തെരഞ്ഞെടുപ്പും നോമ്പുകാലവും കൂടി ആയതിനാൽ ആ പരിഗണനയും സങ്കേതത്തിന്റെ ഭാരവാഹികൾ നൽകി. ഒരുപക്ഷേ അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ മാത്രമേ സങ്കേതം തുറക്കാൻ സാധ്യതയുള്ളൂ.
അടുത്തിടെ ക്ലബിൽ നടന്ന മദ്യപാന സൽക്കാരത്തിനിടെ മാദ്ധ്യമപ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതും ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് രണ്ട് പേരെ സസ്‌പെന്റ് ചെയ്ത നടപടിയും ഉണ്ടായി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലും തുടർന്നു നടന്ന ക്ലബ് ഡേ ആഘോഷത്തിലും ഉണ്ടായ കശപിശയാണ് തല്ലിൽ കലാശിച്ചത്. ഇതിനിടെയാണ് മദ്യപാന കേന്ദ്രം താൽക്കാലികമായ പൂട്ടാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ബാറുകൾ ഒഴികെയുള്ള ബാറുകൾ എല്ലാം പൂട്ടിയ വേളയിലാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മൂക്കിന് താഴെ തികച്ചും നിയമവിരുദ്ധമായി മാദ്ധ്യമപ്രവർത്തകരുടെ ബാർ പ്രവർത്തിച്ചു പോന്നത്. ക്ലബ്ബുകൾക്കുള്ള ബാർലൈസൻസ് പോലും മാദ്ധ്യമപ്രവർത്തകരുടെ ബാറിന് ഉണ്ടായിരുന്നില്ല.
താഴെ ബാറും മുകളിൽ വിദ്യാഭ്യാസ സ്ഥാപനവും ഒരേ ഉടമയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്. പുതുതായി പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മദ്യപാനത്തിലും പരിശീലനം നൽകുന്നതും ഈ കേന്ദ്രമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു.