തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ക് തേങ്ങയടിച്ചാൽ ഫലം ഉറപ്പെന്ന് തിരുവനന്തപുരത്തുകാർക്കൊരു വിശ്വാസമുണ്ട്. അതു ശരിയാണെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ കണക്കുപുസ്തകങ്ങൾ. കഴിഞ്ഞ ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പ്രസ് ക്ലബ്ബിന്റെ സ്വന്തം ടീം കപ്പ് നേടിയത് പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹംകൊണ്ടാണെന്ന് പ്രസ് ക്ലബ്ബ് അംഗങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികളും മുസ്ലീമുകളുമൊക്കെ ചേർന്ന ഭരണസമിതി എഴുതി തയാറാക്കിയ സാമ്പത്തിക റിപ്പോർട്ടിലാണ് പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹത്തെക്കുറിച്ച് അത്രയേറെ വാഴ്‌ത്തുന്നത്.

കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക രേഖകൾ പരിശോധിക്കാൻ പ്രസ് ക്ലബ്ബിലെ പുതിയ ഭരണസമിതി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽ ഒന്നിനെക്കുറിച്ചാണ് തുടക്കത്തിൽ പറഞ്ഞത്. തീർന്നില്ല, ക്ലബ്ബിലെ അംഗങ്ങളോ അവരുടെ ബന്ധുക്കളോ മരിച്ചാൽ വീട്ടിൽ പോകാനും മറ്റുമായി പ്രത്യേകം ഫണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവിട്ടതായാണ് രേഖകളിലുള്ളത്. കഴിഞ്ഞില്ല, മദ്യശാലയായ സങ്കേതത്തിൽ കർട്ടൻ വാങ്ങിയ വകയിൽ അമ്പതിനായിരം, റൂഫ് ടോപ്പ് പണിത വകയിൽ 20 ലക്ഷം... ഇങ്ങനെ പോകുന്നു ഞെട്ടിക്കുന്ന കണക്കുകൾ.

201213 വർഷത്തിൽ ജേണലിസ്റ്റ് പ്രീമിയർലീഗ് നടത്തി കാൽ കോടിയോളം രൂപയുടെ ലാഭക്കണക്ക് അവതരിപ്പിച്ചതിന്റെ തൊട്ടടുത്ത വർഷംതന്നെ പ്രസ്‌ക്ലബ്ബ് സാമ്പത്തിക ബുദ്ധിമുട്ടിലായി. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ ഖജനാവിൽ നയാപൈസ കാണാനില്ല. ക്ലബ്ബ് നിത്യച്ചെലവിന് പണമില്ലാതെ നട്ടംതിരിയാൻ തുടങ്ങിയപ്പോഴാണ് അന്വേഷണ സമിതിയെ നിയോഗിക്കാൻ പുതിയ ഭരണസമിതി തീരുമാനിച്ചത്.

ഞായറാഴ്ച ക്ലബ്ബിന്റെ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് അന്വേഷണസമിതിയുടെ കണ്ടെത്തലുകൾ ചർച്ച ചെയ്തു. പണം പോയ വഴികളെക്കുറിച്ചറിഞ്ഞ് കമ്മിറ്റി അംഗങ്ങൾ മൂക്കത്ത് വിരൽവച്ചുപോയി എന്നാണ് അറിയുന്നത്. കേരളകൗമുദി, ജ•ഭൂമി, മലയാള മനോരമ, മാദ്ധ്യമം തുടങ്ങിയ പത്രങ്ങളിലെ പ്രമുഖരുടെ നേർക്കാണ് അന്വേഷണങ്ങൾ നീങ്ങുന്നതെന്നും സൂചനയുണ്ട്. പണ്ട് ക്ലബ്ബിന്റെ ഭരണത്തിലുണ്ടായിരുന്ന ചിലർ ഇപ്പോൾ അന്വേഷണ കമ്മീഷനിലുണ്ട്.

അവർ ഭാരവാഹികളായിരുന്ന കാലത്തെ വെട്ടിപ്പുകളും പുറത്തുവന്നതോടെ അന്വേഷണ സമിതി അംഗത്വം രാജിവച്ചതായും വിവരമുണ്ട്. ടിഎ ഇനത്തിൽ മുൻ ഭരണസമിതി അംഗങ്ങൾ ദിവസം തോറും 5000 മുതൽ 10000 രൂപവരെ ഒപ്പിട്ടെടുത്തതിന്റെ കണക്കുകളും ലഭിച്ചിട്ടുണ്ടത്രേ. കഴിഞ്ഞ ജെപിഎല്ലിന്റെ പബ്ലിസിറ്റി, ഭക്ഷണം തുടങ്ങിയ കമ്മിറ്റികൾക്ക് അനുവദിച്ചതിന്റെ 75 ശതമാനം തുകയും അംഗങ്ങളുടെ പോക്കറ്റിലായതായി ആരോപണം ഉയർന്നിരുന്നു. അതുപോലെ, ദേശീയ ഗെയിംസിന്റെ പേരിൽ ലഭിച്ച ലക്ഷക്കണക്കിന് രൂപയും അഞ്ഞൂറോളം കമ്പ്യൂട്ടറും എവിടെപ്പോയി എന്ന് കണ്ടെത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഈ മാസം നടക്കുന്ന ജനറൽ ബോഡിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. 'കള്ളന്മാർക്കെതിരെ നടപടിയെടുക്കണം, വെട്ടിച്ചവൻ ആരായാലും പുറത്താക്കണം' തുടങ്ങിയ ആവശ്യങ്ങളാണ് ഇന്നലെ നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലുയർന്നത്. 10 വർഷത്തെ ഭരണസമിതികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കമ്മീഷൻ റിപ്പോർട്ട് നൽകിയാൽ കേരളത്തിലെതന്നെ വമ്പന്മാരായ പല മുതിർന്ന മാദ്ധ്യമപ്രവർത്തകരും നടപടിയേറ്റുവാങ്ങി പ്രസ് ക്ലബ്ബിൽനിന്ന് പുറത്തുപോകേണ്ടിവരുമെന്നാണ് സംസാരം.