തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായിരുന്നു കുന്നുകുഴിയിലെ ബിജെപി സംസ്ഥാന സമിതി ഓഫീസ് ആക്രമണം ഉൾപ്പടെയുള്ളവ. ബിജെപിയാണ് ആക്രമത്തിന് തുടക്കമിട്ടതെന്ന് സിപിഎമ്മും സി.പി.എം ആണ് അക്രമം അഴിച്ച് വിടുന്നതെന്ന് ബിജെപിയും ആരോപിക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ആക്രമങ്ങളും തിരിച്ചടിയും സജീവമാണ് ഇരു വിഭാഗവും പ്രവർത്തകരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമം നടത്തുന്നുണ്ട്. എന്നാൽ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണവും തുടക്കവും നഗരത്തിലെ രണ്ട് കോളേജുകളിലെ എസ്എഫ്‌ഐ എബിവിപി യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

തിരുവനന്തപുരത്ത് എംജി കോളേജ് വർഷങ്ങളായി എബിവിപിയുടെ കോട്ടയാണ്. നഗരത്തിലെ കോളേജുകളിൽ ഇവിടമൊഴികെ എല്ലായിടത്തും എസ്എഫ്‌ഐക്കാണ് മേൽക്കൈ. കഴിഞ്ഞയാഴ്ച ഇവിടെ എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പൻ മാർച്ച് നടത്തുകയും എബിവിപി പ്രധാന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടി എടുത്ത് കളഞ്ഞ ശേഷം എസ്എഫ്‌ഐയുടെ കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എബിവിപി സംഘം എസ്എഫ്‌ഐയുടെ കൊടി എടുത്ത് മാറ്റി വീണ്ടും പഴയ കൊടി സ്ഥാപിക്കുകയും ചെയ്തു. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ ഇപ്പോഴും വൻ പൊലീസ് സന്നാഹമാണ് രംഗത്തുള്ളത്. വലിയ രീതിയിലുള്ള സംഘർഷമാണ് ഇവിടെ ഇരു വിഭാഗവും തമ്മിൽ നടന്നത്.

എസ്എഫ്‌ഐ എംജി കോളേജിൽ യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വാക്കേറ്റവും സംഘർഷത്തിനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പരസ്പരം വെല്ലുവിളികളും പോരിനുള്ള മുറവിളികളുമായിരുന്നു. യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കോടി കത്തിച്ച എബിവിപി പ്രവർത്തകനെ മർദ്ദിച്ചിരുന്നു. എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച ബാദുഷ എന്ന വിദ്യാർത്ഥിയെ നോട്ടപുള്ളിയാക്കികൊണ്ട് ഇവനെ പണിയണം എന്നുൾപ്പടെ പറഞ്ഞ് പോസ്റ്റുകളും സജീവമായിരുന്നു. എസ്എഫ്‌ഐ യൂണിയൻ രൂപീകരിച്ചതും കൂടതൽ വിദ്യാർത്ഥികൾ ഇവിടെ എസ്എഫ്‌ഐയിലേക്ക് പോയതും സംഘർഷത്തിന് തുടക്കമായി. ഒറ്റപെട്ടതും ചെറുതുമായിരുന്നു സംഘർഷങ്ങൾ.

ഒറ്റപെട്ട സംഘർഷങ്ങൾ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിച്ചതും പരസ്പരം ആക്രമവുമായി ഇരു കൂട്ടരും രംഗതെത്തിയതും ബുധനാഴ്ച എംജി കോളേജിൽ നവാഗതർക്ക് എസ്എഫ്‌ഐ സ്വാഗതം നൽകിയത് മുതലാണ്. നവാഗതരെ റോസാപ്പൂവും മധുരവും നൽകിയാണ് സ്വീകരിച്ചത്. ജില്ലാ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇത് എബിവിപിയെയും ആർഎസ്എസ്സിനേയും ചൊടിപ്പിച്ചിരുന്നു. നേരത്തെ എസ്എഫ്‌ഐ കോളേജിന് മുന്നിൽ സ്ഥാപിച്ച കൊടിമരം എബിവിപി പ്രവർത്തകർ നശിപ്പിച്ചതിന് മറുപടിയായി എംജി കോളേജിന് മുന്നിൽ 10 കൊടിമരങ്ങളാണ് എസ്എഫ്‌ഐ സ്ഥാപിച്ചത്.

എംജി കോളേജിൽ യൂണിറ്റ് സ്ഥാപിച്ച ശേഷം എസ്എഫ്‌ഐയുടെ ശക്തി കേന്ദ്രമായ യൂണിവേഴ്‌സിറ്റിയിൽ ഇതിന് പകരം ചോദിക്കുമെന്നും അവിടെ എബിവിപി യൂണിറ്റ് രൂപീകരിക്കുമെന്നും നേതാക്കൾ പ്രസ്താവന ഇറക്കുകയും ചെയ്തു. കോളേജിൽ ഒരു എബിവിപി അനുഭാവിയെങ്കിലുമുണ്ടെങ്കിൽ നിങ്ങൾ അവിടെ വന്ന് യൂണിവേഴ്‌സിറ്റിയിൽ യൂണിറ്റ് രൂപീകരിച്ചോളുവെന്നും പുഷ്പം നല്കി സ്വീകരിക്കാമെന്നും എസ്എഫ്‌ഐ നേതൃത്വം പരിഹസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ കൊടിമരം സ്ഥാപിക്കാൻ എബിവിപി തീരുമാനിക്കുകയും ചെയ്തു.

ജില്ലാ കമ്മിറ്റി തീരുമാനം പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് കോളേജിന് മുന്നിൽ എത്താനായിരുന്നു നിർദ്ദേശം. എന്നാൽ പറഞ്ഞ സമയത്ത് അവിടെ എത്തിയത് 15ൽ താഴെ പ്രവർത്തകർ മാത്രമായിരുന്നു. 15 പ്രവർത്തകർ മാത്രം പങ്കെടുത്ത്‌കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചാൽ അത് നാണക്കേടും പരാജയവുമാകുമെന്ന മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും എബിവിപി പ്രവർത്തകരോട് പിരിഞ്ഞ് പോകാനും നിർദ്ദേശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിന് പിന്നാലെ എബിവിപിയെ കണക്കിന് പരിഹസിച്ച് എസ്എഫ്‌ഐ പ്രവർത്തകരും അനുഭാവികളും രംഗതെത്തുകയും ചെയ്തു.

പരസ്പരമുള്ള പരിഹാസങ്ങളും വാക്കേറ്റങ്ങളു തന്നെയാണ് അക്രമത്തിലേക്ക് പോയത്. പലസ്ഥലങ്ങളിലും പ്രവർത്തകർ തമ്മിലടിക്കുകയും വീടുളിലേക്കും വാഹനങ്ങളും ഉൾപ്പടെ അക്രമിക്കുകയും ചെയ്തു. മണക്കാടും ആറ്റുകാലും ഇരു വിഭാഗത്തിന്റെയും നഗരസഭാ കൗൺസിലർമാരുടെ വീടിനും വാഹനങ്ങൾക്കും നേരെ വരെ ആക്രമമുണ്ടായി. കോടിയേരിയുടെ മകന്റെ വീടും കുമ്മനം രാജശേഖരൻ അകത്തുള്ളപ്പോൾ അദ്ദേഹത്തിന്റെ ഓഫീസും അടിച്ച് തകർക്കുന്നതിലേക്കും വരെ ഇന്നലെ രാത്രിയോടെ കാര്യങ്ങളെത്തി നിൽക്കുകയാണ്. എന്തായലും കഴിഞ്ഞ ഒരാഴ്ചയായി രണ്ട് കോളേജുകളിലെ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷവും വാക്കേറ്റവും തന്നയാണ് തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാട്ടാക്കട ശശിയുടെ വീടിന് നേരെയും ആക്രമം നടന്നു. മണക്കാട് കൗൺസിലർ സിമി ജ്യോതിഷ് കോഴ വാങ്ങിയെന്ന ആരോപണം വാക്കേറ്റത്തിലെത്തുകയും ഇവിടെ സി.പി.എം പ്രവർത്തകർ ബിജെപിയുടെ കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിനെ അക്രമിക്കാനെത്തി സി.പി.എം പ്രവർത്തകനെ ബിജെപി പ്രവർത്തകർ പിടികൂടി പൊലീസിലേൽപ്പിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റിയി കോളേജിൽ എബിവിപി യൂണിറ്റ് രൂപീകരിക്കുന്നുവെന്ന രീതിയിൽ ആദ്യം പുറത്ത് വന്ന വാർത്തകളാണ് എസ്എഫ്‌ഐയെ ചൊടിപ്പിച്ചതും പിന്നീട് എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതും.

ഇതിന് പിന്നാലെ ഐരാണിമുട്ടത്തെ ഹോമിയോ കോളേജിലും എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എബിവിപി ശക്തി കേന്ദ്രമായ ഇവിടെ എസ്എഫ്‌ഐ യൂണിറ്റ് തുടങ്ങുന്നത് എന്ത് വിലകൊടുത്തും തടയാനും എബിവിപി തീരുമാനിച്ചു. കൗൺസിലർമാരുടെ വീടുകൾക്ക് നേരെ വരെ അക്രമം നടന്നതോടെയാണ് ഇന്നലെ രാത്രിയോടെ കാര്യങ്ങൾ കൈവിട്ട് പോയത്. പരസ്പരം ഇരു വിഭാഗവും പരിഹാസം നടത്തിയത് മറ്റൊരു കാരണമായി. കോളേജിലെ എസ്എഫ്‌ഐ എബിവിപി പ്രവർത്തകർ പ്രാദേശിക ആർഎസ്എസ് ശാഖാ പ്രവർത്തകരും ഡിവൈഎഫ്‌ഐ പ്രവർത്തകരും കൂടിയാണ്. ഇരു വിഭാഗവും പരസ്പരം ചുവരെഴുത്തുകളും ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചും കരിയോയിലൊഴിച്ചും സ്പർദ്ധ വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ തുടർച്ച തന്നെയാണ് സംസ്ഥാന നേതാക്കളായ കോടിയേരിയുടേയും കുമ്മനത്തിന്റെയും വസതിയിലേക്കും ഓഫീസിലേക്കും പോലും അക്രമം നടക്കുന്ന തീ്കളിയായി മാറിയിരിക്കുന്നത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയാബീഗം, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണി എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.അതേസമയം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ ഡിവൈഎഫ്ൈ സംസ്ഥാന നേതാവും നഗരസഭ കൗൺസിലറുമായ ഐപി ബിനുവിന്റെ നേതൃത്വത്തിൽ അക്രമി സംഘം അടിച്ചു തകർത്തു. വെള്ളിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. ആക്രമണ പരമ്പര മുൻനിർത്തി തലസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി.തന്റെ വീടാണ് ആദ്യം അടിച്ച് തകർത്തതെന്ന് ബിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്‌കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.