കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറുകൾ ആർക്കും വേണ്ടാതെ അടച്ചുപൂട്ടൽ വക്കിൽ. ത്രിവേണി സ്റ്റോറുകളിൽ സാധനങ്ങൾ തീർന്നിട്ട് മാസങ്ങളായതോടെ അവശ്യസാധനത്തിന് ആളുകൾ എത്താതെയായി. സ്റ്റോറുകളിൽ ഒഴിഞ്ഞ തട്ടുകൾ മാത്രമാണിപ്പോൾ ആളുകളെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ത്രിവേണി സ്റ്റോറുകളിലേക്ക് ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായി. അധികൃതരും കണ്ട മട്ടു നടിച്ചില്ല. ഇതോടെ ഈ മേഖലയ്ക്ക് നഷ്ടത്തിനുമേൽ നഷ്ടം ഏൽക്കേണ്ടി വന്നിരിക്കുകയാണ്. സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് കോടികളുടെ കുടിശ്ശിക നൽകാനുണ്ട്. കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ തകർന്നടിയുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെയാണ് ബാധിക്കുക. മുമ്പ് ഓരോ ത്രിവേണി സ്റ്റോറുകളുടെ മുന്നിലും വരിയുടെ നീളം കൂടിവന്നതോടെ ദിവസവും 150 പേർക്ക് മാത്രമായി സാധനങ്ങൾ നൽകിയിരുന്ന ത്രിവേണി സ്റ്റോറുകളാണ് ഇപ്പോൾ അടച്ചുപൂട്ടൽ വക്കിലെത്തിയിരിക്കുന്നത്.

ഓരോ റീജണിന്റെ കീഴിലും മുപ്പതോ നൽപ്പതോ ത്രിവേണി സ്റ്റോറുകളാണ് ഉള്ളത്. എന്നാൽ ഇതിൽ പകുതിയിലധികവും നഷ്ടത്തിലും അടച്ചു പൂട്ടൽ മുന്നിൽ കണ്ടുമാണ് പോകുന്നത്. കോഴിക്കോട് ജില്ലയിലെ പല സ്റ്റോറുകളും ഇതിനോടകം അടച്ചു കഴിഞ്ഞു. കോഴിക്കോട് റീജണിലെ 30 സ്റ്റോറുകളിൽ 17 എണ്ണത്തിലും കച്ചവടമില്ലാതെ വെറുതെ തുറന്നുവച്ചിരിക്കുകയാണ്. 16 നന്മ സ്റ്റോറുകളുള്ളതിൽ മിക്കതും പൂട്ടൽ വക്കിലാണ്. 13 മൊബൈൽ സ്റ്റോറുകളുള്ളതിൽ പലതിന്റെയും അവസ്ഥ പരിതാപകരമാണ്. പേരിനെങ്കിലും കച്ചവടമുള്ളത് നഗര പ്രദേശങ്ങളുലെ സ്റ്റോറുകളിൽ മാത്രമാണ്. കച്ചവടമില്ലാതെ വെറുതെ തുറന്നിട്ടിരിക്കുന്ന സ്റ്റോറുകളിലും കൺസ്യൂമർഫെഡിൽ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാർ വെറുതെ ഇരിക്കുന്ന കാഴ്ചയാണ്.

പലയിടത്തും സ്റ്റോറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ബാധ്യത വേറെയുമാണ്. സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തിയ സ്ഥാപനത്തിന്റെ നഷ്ടം ഇത് ഇരട്ടിയാക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജണിനു കീഴിലെ സ്റ്റോറുകളിൽ മാത്രം 140 ദിവസ വേതനക്കാർ ഉൾപ്പടെ 225 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. നഷ്ടം നികത്തി നല്ല രീതിയിൽ കച്ചവടം നടത്തണമെങ്കിൽ ഒരു റീജണിലെ സ്റ്റോറുകളിൽ മാത്രം 400 കോടിയോളം രൂപയുടെ സാധനങ്ങൾ ലഭ്യമാക്കണമെന്നാണ് കണക്ക്. എന്നാൽ മുപ്പത് സ്‌റ്റോറുകളിൽ കൂടി ഒരു കോടിയോളം രൂപയുടെ സ്റ്റോക്ക് പോലും ഇല്ലാത്ത അവസ്ഥയാണിപ്പോൽ. കെട്ടിക്കിടക്കുന്ന സാധനങ്ങൾ കച്ചവടം നടക്കുന്ന നഗര പ്രദേശത്തുള്ള സ്റ്റോറുകളിലേക്ക് മാറ്റുകായാണ് പതിവ്.

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് വിതരണക്കാർ മുഖേനയാണ് സ്റ്റോറുകളിലേക്ക് സാധനങ്ങൾ ലഭ്യമാക്കിയിരുന്നത്. എന്നാൽ സാധനം വാങ്ങിയ വകയിൽ ഇത്തരത്തിലുള്ള വിതരണക്കാർക്ക് കോടികൾ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മൊത്തം കുടിശ്ശിക 400 കോടി വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കുടിശ്ശികയുള്ളതിനാൽ തന്നെ വിതരണക്കാർ വേണ്ടത്ര സാധനങ്ങൾ നൽകാൻ മടിക്കുന്നതാണ് സ്റ്റോറുകളെ പ്രതിസന്ധിയിലാക്കിയത്. ത്രിവേണി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് മുമ്പ് സബ്‌സിഡി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എടുത്തുകളഞ്ഞതോടെ ആളുകളെ ഇവിടെ നിന്നും അകറ്റി നിറുത്താൻ കാരണമാക്കി. ഇപ്പോൾ ഉത്സവക്കാലങ്ങളിൽ പോലും സബിസിഡി നിരക്കിൽ സാധനമെത്തിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ വിഷുക്കാലത്ത് സാധാരണക്കാർ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി സബ്‌സിഡി നിരക്കിൽ സാധനങ്ങളെത്തിയത്.

കൺസ്യൂമർഫെഡിന്റെ നന്മ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ശതമാനം വിലക്കുറവിലാണ് നേരത്തെ സബ്‌സിഡി നിരക്കായി അവശ്യ സാധനങ്ങൾ നൽകിയിരുന്നത്. അന്ന് ത്രിവേണി സ്‌റ്റോറുകളുടെ മുന്നിൽ വൻതിരക്ക് തന്നെ അനുഭവപ്പെട്ടിരുന്നു. ആളുകളുടെ തിരക്ക് വർധിച്ചതോടെ സബ്‌സിഡിയില്ലാത്ത സാധനങ്ങളും അന്ന് വൻ തോതിൽ വിറ്റുപോയി. കച്ചവടക്കാരുടെ കുടിശ്ശിക കൊടുത്തു വീട്ടി സബ്‌സിഡി സാധനങ്ങൾ ഉടൻ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സാധാരണക്കാരുടെ അഭയ കേന്ദ്രമായ ത്രിവേണി അധികം വൈകാതെ അടച്ചു പൂട്ടേണ്ടിവരും. അടച്ചു പൂട്ടുന്നതു മൂലം ഓരോ ജില്ലയിലും ആയിരക്കണക്കിന് പേരുടെ തൊഴിലിനെയാണ് ബാധിക്കുക. ഇത് കൂടുതൽ പ്രതിസന്ധിക്കും പ്രതിഷേധങ്ങൾക്കും ഇടവരുത്തം.