ഖാലിദ് മസൂദ് വെസ്റ്റ് മിൻസ്റ്ററിൽ നടത്തിയ ഭീകരാക്രമണത്തിൽ പരിക്കേറ്റ് പ്രാണൻ പിടയുന്ന വേദനയുമായി ആളുകൾ വീണുകിടക്കമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ മൊബൈലിൽ നോക്കി നടന്ന യുവതിയാണ് ബ്രിട്ടീഷ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ആരാണ് യഥാർഥ രാക്ഷസി എന്ന മട്ടിലാണ് യുവതിയെ ടോൾ ചെയ്യുന്നത്. ബ്രൗൺ നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞ ഈ മുസ്ലിം യുവതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്.

മറ്റുള്ളവർ പരിക്കേറ്റവരെ ശുശ്രൂഷിക്കാനും മറ്റും ശ്രമം നടത്തുന്നതിനിടെയാണ് മൊബൈലിലേക്ക് ഉറ്റുനോക്കി യുവതി നടന്നുപോകുന്നത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും പലരും ഈ സമീപനത്തെ നിശിതമായി വിമർശിച്ചുകൊണ്ട് യുവതിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഭീകരാക്രമണത്തെ കൂസാതെ നടക്കുന്ന മുസ്ലിം യുവതിയെന്നാണ് ചിലർ വിശേഷിപ്പിച്ചത്.

എന്നാൽ, ഭയചകിതയായാണ് യുവതി നടക്കുന്നതെന്നും അതവരുടെ മുഖഭാവത്തിൽ വ്യക്തമാണെന്നും മറ്റു ചിലർ കമന്റ് ചെയ്തു. മറ്റൊന്നും ശ്രദ്ധിക്കാൻ ധൈര്യമില്ലാത്തതിനാൽ, ഇടംവലം നോക്കാതെ നടക്കുന്നതിനാണ് മൊബൈലിലേക്ക് നോക്കുന്നതെന്നും അവർ പറയുന്നു. യുവതിയുടെ മുഖഭാവത്തിൽനിന്ന് അവരാകെ അസ്വസ്ഥരായിരുന്നുവെന്നത് വ്യക്തമാണ്.

യുവതിയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ആ രംഗത്തുനിന്ന് സ്വന്തം ജീവനുംകൊണ്ട് രക്ഷപ്പെടുകയാണ് എല്ലാവരും ചെയ്യേണ്ടത്. ഭയപ്പാടോടെ രംഗത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവതിയെ അകാരണമായി വലിച്ചിഴയ്ക്കുകയാണ് സോഷ്യൽ മീഡിയയെന്നും ചിലർ അഭിപ്രായപ്പെട്ടു.