റബിക്കടലിൽ ഇന്ത്യൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമാൻ തീരത്ത് ജാഗ്രതാ നിർദശം പുറപ്പെടുവിച്ചു. ഈയാഴ്ച മധ്യത്തോടെ ചുഴലിക്കാറ്റ് ഒമാൻ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യെമൻ തീരങ്ങളിലേക്ക് ആഞ്ഞടിക്കാൻ സാധ്യതയുള്ള ന്യൂനമർദം അടുത്ത മൂന്നുദിവസം കാര്യമായ പ്രത്യാഘാതം ഒമാൻ തീരത്തുണ്ടാക്കില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കാറ്റിന്റെഗതി മാറിയിട്ടുണ്ടെന്നും ന്യൂനമർദം ഒമാൻതീരത്തിന്കേവലം ആയിരം കിലോമീറ്റർ അകലെ മാത്രമാണുള്ളതെന്നും ഒമാൻ മീറ്റിയറോളജിക്കൽ വിഭാഗം മേധാവികൾ അറിയിച്ചു.ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പ് ഉടനെത്തന്നെ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ വേഗത്തിലുള്ള നടപടികൾക്ക്ജനം സ്വയം സജ്ജമാകണമെന്നും അധികൃതർ അറിയിച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനമുണ്ടായേക്കുമെന്ന്കാലാവസ്ഥാ നിരീക്ഷകരും വ്യക്തമാക്കി. ജബൽ ഹജറിലും സമീപ താഴ്‌വാരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇവിടെ മേഘാവൃതമാണെന്നും അവർ കൂട്ടിച്ചേർത്തു.ന്യൂനമർദം ദോഫാർ ഗവർണറേറ്റിലേക്ക് നീങ്ങുന്നതിനാൽ അടുത്ത ദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റിൽ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത.കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. എന്നാൽ, ഏതു ഘട്ടത്തെയും നേരിടാൻ പര്യാപ്തമായ അടിയന്തര കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.