ദുബായ്: ഒരു കോടിയുടെ ചോക്കലേറ്റുമായി ദുബായിൽ നിന്നും സൗദിയിലേക്ക് പോയ ഇന്ത്യൻ ഡ്രൈവറെ കാണാതായതിൽ ദുരൂഹത. ആറ് വർഷമായി ദുബായിൽ ജോലി ചെയ്ത് വരുന്ന മുംബയ് സ്വദേശിയായ സാജിദ് പട്ടേലിനെയാണ് കാണാതായിരിക്കുന്നത്. സാജിദിനെ കാണാതായ സംഭവത്തിൽ ദുബായ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സൗദി പൊലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാണ്.

ഈ മാസം നാലിനാണ് സൗദിയിലെ ബുറൈദയിലേക്ക് ഒരു ട്രക്ക് നിറയെ ചോക്കലേറ്റുമായി സാജിദ് യാത്ര തിരിക്കുന്നത്. എന്നാൽ ഓഗസ്റ്റ് 13ന് ശേഷം ഇയാളെക്കുറിച്ച് കമ്പനിക്ക് യാതൊരു വിവരവുമില്ല. ജി.പി.എസ് രേഖകൾ പരിശോധിച്ചതിൽ അവസാനം ഇയാൾ സൗദിയിലെ റിയാദിലെത്തിയതായി കാണിച്ചിരുന്നു. സാധനമെത്തിക്കേണ്ട ബുറൈദയിൽ നിന്നും ഏകദേശം 450 കിലോമീറ്റർ അകലെവരെ ഇയാൾ സഞ്ചരിച്ചതായും വിവരമുണ്ട്.

ആദ്യം വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഗതിനിർണയ ഉപകരണത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നാലെ ട്രക്കും കാണാതാവുകയായിരുന്നു. കാണാതായ ട്രക്കിന് 50 ലക്ഷത്തിലേറെ വിലവരുമെന്നാണ് കണക്ക്. എന്നാൽ ഇതുവരെയായിട്ടും ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. മുംബയിലുള്ള ബന്ധുക്കളെ ഇയാൾ വർഷങ്ങളായി ബന്ധപ്പെടാറില്ലെന്നും പറയുന്നു.