ന്യൂയോർക്: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ വലിയ പിന്തുണയുണ്ട്. അമേരിക്കയിലെ ഇന്ത്യക്കാർ എനിക്ക് വോട്ടുചെയ്യുമെന്ന് കരുതുന്നു'-ഇന്ത്യയിലെ അമേരിക്കക്കാരുടെ വോട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇങ്ങിനെയായിരുന്നു.

'നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങൾ ഹ്യൂസ്റ്റണിൽ ഒരു പരിപാടി നടത്തി. വലിയൊരു സംഭവമായിരുന്നു അത്. പ്രധാനമന്ത്രി മോദി എന്നെ അവിടേക്ക് ക്ഷണിച്ചിരുന്നു'-ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്നും മോദിയിൽ നിന്നുമുള്ള പിന്തുണയെക്കുറിച്ച് ട്രംപ് പറയുമ്പോഴും അമേരിക്കയിൽ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ സംബന്ധിച്ച വിവാദം പുകയുകയാണ്.

റഷ്യ ട്രംപിനെ പിന്തുണയ്ക്കുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുമ്പോൾ മറ്റൊരു സ്ഥാനാർത്ഥി ജോ ബൈഡനെ ചൈന പിന്തുണയ്ക്കുന്നുവെന്നും റിപ്പബ്ലിക്കന്മാരും പറയുന്നു.അമ്പതിനായിരത്തോളം ഇന്ത്യൻ അമേരിക്കക്കാർ സംഘടിച്ച 'ഹൗഡി മോദി'റാലിയുടെ വീഡിയോകൾ ട്രംപിനെ പിൻതുണക്കുന്നവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഹ്യൂസ്റ്റണിൽ ട്രംപ് ഇന്ത്യൻ അമേരിക്കക്കാരെയും ഇന്ത്യയെയും പ്രശംസിക്കുകയും ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന 'നമസ്തേ ട്രംപ്' റാലിയിൽ 'യുഎസ് എല്ലായ്‌പ്പോഴും ഇന്ത്യൻ ജനതയുടെ വിശ്വസ്ത സുഹൃത്തായിരിക്കും' എന്നും പറഞ്ഞിരുന്നു. പരമ്പരാഗതമായി ഇന്ത്യൻ അമേരിക്കക്കാർ ഡെമോക്രാറ്റിക് പാർട്ടിയുടെ പിൻതുണക്കാരാണ്. ഇന്ത്യൻ അമേരിക്കക്കാരിൽ 65 ശതമാനവും ഡെമോക്രാറ്റുകളൊ പാർട്ടിയുമായിചായ്‌വുള്ളവരൊ ആണെന്ന് പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.