മേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റൺ വിജയം ഉറപ്പിച്ചുകഴിഞ്ഞോ? റിപ്പബ്ലി്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നാക്ക് വിനയാകുമെന്നാണ് സൂചന. 2005-ൽ ചിത്രീകരിച്ച വീഡിയോയിൽ സ്ത്രീകളെ വെറും ലൈംഗികോപാധികളെന്ന് വിശേഷിപ്പിച്ച ട്രംപിനെ, സ്വന്തം ഭാര്യപോലും തള്ളിപ്പറഞ്ഞുകഴിഞ്ഞു.

ട്രംപിന്റെ വാക്കുകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഭാര്യ മെലാനിയ ട്രംപ് പറഞ്ഞു. ഒട്ടേറെ കോൺഗ്രസ് അംഗങ്ങളും സെനറ്റർമാരും ട്രംപിനെ പിന്തണയ്ക്കാനാവില്ലെന്ന് പരസ്യമായി നിലപാടെടുക്കുകയും ചെയ്തു. എന്നാൽ, 2005-ലെ വീഡിയോയിൽ നടത്തിയ പരാമർശങ്ങളും ഇപ്പോഴത്തെ ട്രംപുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് മെലാനിയ പറഞ്ഞു.

' എന്റെ ഭർത്താവ് ഉപയോഗിച്ച വാക്കുകൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. എന്നാൽ, ഇപ്പോഴത്തെ ട്രംപിനെ ആ രീതിയിൽ കാണാനാവില്ല. ഒരു നേതാവെന്ന നിലയ്ക്ക് വിശാലമായ ഹൃദയത്തിനുടമയാണ് അദ്ദേഹം. മുമ്പ് തനിക്ക് പറ്റിയ പിഴവിൽ ഖേദം പ്രകടിപ്പിച്ച ട്രംപിന്റെ സത്യസന്ധത അംഗീകരിക്കപ്പെടുമെന്നുതന്നെയാണ് കരുതുന്നത്'-മെലാനിയ പറഞ്ഞു.

തനിക്കിഷ്ടമുള്ളതെന്തും ചെയ്യാൻ പറ്റുമെന്നായിരുന്നു സ്ത്രീകളെക്കുറിച്ചുള്ള ട്രംപിന്റെ പഴയ പരാമർശം. ഇത് പുറത്തുവന്നതോടെ, പലരും ട്രംപിനെ തള്ളിപ്പറയാൻ തുടങ്ങി. മെലാനിയുടെ പ്രസ്താവനയും എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായി. എന്നാൽ, വിവാദമുണ്ടായ ശേഷവും ട്രംപിനെ കാത്ത് സ്വീകരണ പരിപാടികളിൽ നൂറുകണക്കിന് അനുയായികൾ കാത്തുനിന്നിരുന്നു. 

ഏതെങ്കിലും തരത്തിലുള്ള വിവാദം തന്നെ ബാധിച്ചുവെന്ന് ട്രംപും പ്രകടമാക്കിയില്ല. ട്വിറ്ററിലൂടെയും മറ്റുമുള്ള പ്രചാരണത്തിന് ഒരു കുറവും വരുത്തിയില്ല. മാദ്ധ്യമങ്ങളും മറ്റും തന്നെ പുറത്താക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഇഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറാൻ നേരീയ സാധ്യത പോലുമില്ലെന്നാണ് ട്രംപ് വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.