നിയുക്ത അമേരിക്കൻ പ്രസിഡൻ് ഡൊണാൾഡ് ട്രംപ് തനിക്ക് വിസിറ്റിങ് കാർഡ് നൽകുകയും ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന വിവാദ വെളിപ്പെടുത്തലുമായി മിസ് ഹംഗറിയായ കാറ്റ സർക എന്ന 30 കാരി രംഗത്തെത്തി. 2013ലെ മിസ് യൂണിവേഴ്സ് മത്സരം കഴിഞ്ഞതിന് ശേഷമായിരുന്നു ട്രംപ് തന്നെ അദ്ദേഹത്തിന്റെ മോസ്‌കോയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അവർ വിശദീകരിക്കുന്നു. മോസ്‌കോയിൽ വച്ച് നടന്ന മത്സരത്തിന് ശേഷമായിരുന്നു തങ്ങൾ ആദ്യമായി കണ്ട് മുട്ടിയിരുന്നതെന്നും സർക പറയുന്നു. ട്രംപ് അന്ന് നൽകിയ വിസിറ്റിങ്കാർഡ് സൂക്ഷിച്ച് വച്ച സുന്ദരി അതിപ്പോൾ ഒരു ഹംഗേറിയൻ ടാബ്ലോയ്ഡിന് നൽകുകയും അത് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയുമാണ്. തന്നെ വളയ്ക്കാൻ ട്രംപ് ആവുന്നതും ശ്രമിച്ചുവെങ്കിലും താൻ വഴങ്ങിയില്ലെന്നും സുന്ദരി പറയുന്നു. ട്രംപ് തന്റെ കൈകൾ പിടിച്ചിരുന്നുവെന്നും ഹംഗേറിയൻ ഭാഷയിലുള്ള പ്രോഗ്രാമായ കസ്സ ടാക്സിയിൽ പങ്കെടുത്തുകൊണ്ട് സർക വെളിപ്പെടുത്തുന്നു.

ഒരു പറ്റം അംഗരക്ഷകരുടെ മധ്യത്തിൽ നിന്ന ട്രംപ് തന്റെ കൈകൾ പിടിക്കുകയും തന്നെ വലിച്ചടുപ്പിക്കുകയും ചെയ്യുകയും നീ ആരാണെന്ന് ചോദിക്കുകയും ചെയ്തുവെന്നും സർക പറയുന്നു.എന്നാൽ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ തനിക്കൊന്നും പറയാനായില്ലെന്നും ഹംഗറി എന്ന് മാത്രം പറഞ്ഞുവെന്നും ഈ സുന്ദരി വെളിപ്പെടുത്തുന്നു. താൻ എന്തിനാണിവിടെ വന്നതെന്നും ട്രംപ് അന്ന് ചോദിച്ചിരുന്നുവെന്നും ഇവർ പറയുന്നു. തുടർന്ന് ട്രംപ് തന്റെ ബിസിനസ് കാർഡ് നൽകുകയും സർകയെ ഹോട്ടലിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ഹംഗേറിയൻ ടാബ്ലോയ്ഡായ ബ്ലിക്കിനാണ് സർക ഇപ്പോൾ ഈ വിസിറ്റംഗ് കാർഡ് കൈമാറിയിരിക്കുന്നത്. തനിക്ക് ഒരിക്കലും യോജിക്കാൻ സാധിക്കാത്ത സ്വഭാവക്കാരനാണ് ട്രംപെന്നും സർക വെളിപ്പെടുത്തുന്നു.

മെലാനിയ ട്രംപിനെ വിവാഹം കഴിച്ച് എട്ട് വർഷങ്ങൾ അവർക്കൊപ്പം ദാമ്പത്യ ജീവിതം നയിച്ചതിന് ശേഷമാണ് ട്രംപ് ഇത്തരത്തിൽ സർകയോട് പെരുമാറിയിരിക്കുന്നത്. 2013 നവംബർ 9ന് നടന്ന മോസ്‌കോയിലെ സൗന്ദര്യമത്സരത്തിൽ ട്രംപ് വിധികർത്താക്കളിലൊരാളായിരുന്നു. ഈ സമയത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന ഫയലുമായി ബ്രിട്ടീഷ് ഇന്റലിജൻസ് ഏജന്റ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ഫയലിലെ ആരോപണങ്ങൾ ട്രംപും റഷ്യൻ ഗവൺമെന്റും നിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് ട്രംപ് താമസിച്ചിരുന്നത് ആഡംബര ഹോട്ടലായ റിറ്റ്സ് കാൾട്ടനിലായിരുന്നുവെന്നാണീ ഫയൽ വെളിപ്പെടുത്തുന്നത്. പ്രസിഡന്റ് ഒബാമയും ഭാര്യ മിഷെലും കുറച്ച് മുമ്പ് വന്നപ്പോൾ ഈ ഹോട്ടലിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരുന്നു കഴിഞ്ഞിരുന്നതെന്നും ട്രംപും അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്.

ഇവിടെ വച്ച് ട്രംപ് ലൈംഗികഅരാജകത്വം നിറഞ്ഞ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നുവെന്നും ക്രെംലിനിലെ ഇന്റലിജൻസ് ഏജൻസികൾ ഇവ റെക്കോർഡ് ചെയ്തിരുന്നുവെന്നും ഇത് പിന്നീട് ഉപയോഗിച്ച് ട്രംപിന് ബ്ലാക്ക് മെയിൽ ചെയ്യാനാണ് റഷ്യ ലക്ഷ്യമിട്ടിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന സുന്ദരികളോട് ട്രംപ് മോശമായി പെരുമാറിയെന്ന ആരോപണം ഇതാദ്യമായിട്ടൊന്നുമല്ല ഉയരുന്നത്. ഹില്ലാരിയെ ട്രംപ് തോൽപ്പിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇത്തരമൊരു ആരോപണവുമായി മുൻ മിസ് യുഎസ്എ മത്സരത്തിൽ പങ്കെടുത്ത സൗന്ദര്യ റാണിമാർ രംഗത്തെത്തിയിരുന്നത്. 2001ലെ മത്സരത്തിൽ പങ്കെടുത്ത മിസ് അരിസോണയായ ടാഷ ഡിക്സൻ ഇത്തരം ആരോപണമുന്നയിച്ച ഒരാളാണ്. കൂടാതെ 1997ലെ മിസ് ടീൻസ് യുഎസ് മത്സരത്തിൽ പങ്കെടുത്ത നാല് സുന്ദരിമാരും ട്രംപിൽ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.