മെലാനിയ ട്രംപിന്റെ ജീവിതം ഇന്നുമുതൽ അടിമുടി മാറുകയാണ്. ഇന്നലെവരെ ഫാഷന്റെയും ഗ്ലാമറിന്റെയും സുഖലോലുപതയുടെയും ലോകത്ത് അഭിരമിച്ചിരുന്ന മെലാനിയ ട്രംപ് ഇന്നുമുതൽ അമേരിക്കയുടെ പ്രഥമ വനിതയാണ്. ഇന്ന് അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ ഭാര്യ. പ്രവർത്തികൊണ്ടും കുലീനതയ്യാർന്ന പെരുമാറ്റംകൊണ്ടും അമേരിക്കക്കാരുടെയും ലോകത്തിന്റെയും പ്രിയപ്പെട്ട പ്രഥമ വനിതയായി മാറിയ മിഷേൽ ഒബാമയ്ക്ക് പകരം മെലാനിയ ഇന്ന് വൈറ്റ് ഹൗസിന്റെ പടികയറും.

ഇന്നലെ വാഷിങ്ടൺ ഡി.സിയിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കവെ, മെലാനിയ തനിക്ക് മുന്നിൽ ഇനിയുള്ള ദിവസങ്ങൾ എത്രത്തോളം ഉത്തരവാദിത്തം നിറഞ്ഞതായിരിക്കുമെന്ന് സൂചിപ്പിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിലാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ എംപിമാരുൾപ്പെടുന്ന ചടങ്ങ് നടന്നത്. സ്ലോവേനിയൻ വംശജയായ മുൻ മോഡൽ ട്രംപിന്റെ പ്രചാരണ രംഗത്ത് സജീവമായിരുന്നെങ്കിലും മാദ്ധ്യമങ്ങളുമായി ഇടപഴകിയിരുന്നില്ല ഇന്നലെ ട്രംപിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് മെലാനിയ സംസാരിക്കാൻ തയ്യാറായതുപോലും.

സ്‌റ്റേജിൽ നിൽക്കെ, മെലാനിയയെ ഭർത്താവ് സംസാരിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇന്നുമുതൽ പുതിയ അമേരിക്കയ്ക്കായുള്ള പ്രവർത്തനത്തിന് തുടക്കമിടുമെന്ന് മെലാനിയ പറഞ്ഞു. സ്ലോവേനിയൻ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷിൽ പ്രസംഗം തീർത്തയുടൻ സദസ് നീണ്ട കരഘോഷം മുഴക്കി. ട്രംപാകട്ട, ഗാഢമായൊരു ചുംബനത്തിലൂടെ മെലാനിയയുടെ പുതിയ പദവിയിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുകയും ചെയ്തു.

മെലാനിയ മാത്രമല്ല മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഇനി മാറാൻ പോകുന്നത്.. വൻകിട വ്യവസായ കുടുംബമായ ട്രംപിന്റെ മക്കളും ഇനി ക്യാമറക്കണ്ണുകളുടെ ഇഷ്ട വിഷയമായി മാറും. ട്രംപിന്റെ മകൾ ഇവാൻക ഇപ്പോൾത്തന്നെ ഒട്ടേറെ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. വൈറ്റ് ഹൗസിലേക്കുള്ള അച്ഛന്റെ സ്ഥാനാരോഹണത്തിന് സാക്ഷിയാവാൻ ഭർത്താവ് യാരെദ് കുഷ്ണർക്കൊപ്പം യാത്ര പുറപ്പെടുമ്പോൾ മുതൽ ഇവാൻകയുടെ നീക്കങ്ങൾ പപ്പരാസികൾ ഒപ്പിയെടുത്തു തുടങ്ങി. അഞ്ചുവയസ്സുകാരി മകൾ അറാബെല്ലയും മൂന്നുവയസ്സുള്ള ജോസഫും ഒമ്പതുമാസം പ്രായമായ തിേേയാഡോറും അച്ഛനമ്മമാർക്കൊപ്പം വാഷിങ്ടണിലെത്തി.

ഇവാൻകയുടെ അർധസഹോദരി ടിഫാനിയും വാഷിങ്ടണിലെത്തി. ന്യുയോർക്കിലെ ഓഫീസിൽനിന്ന് താൽക്കാലികമായി യാത്ര പറയുകയാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്ിക്കൊണ്ടാണ് ഇവാൻക വാഷിങ്ടണിലേക്ക് വന്നത്. ട്രംപിനൊപ്പം വൈറ്റ് ഹൗസിലായിരിക്കും ഇനിയുള്ള നാളുകളെന്ന് വ്യക്തമാക്കിയാണ് ഇവാൻകയുടെ വരവ്. മെലാനിയയുടെയും ഇവാൻകയുടെയും സാന്നിധ്യം വൈറ്റ് ഹൗസിനുചുറ്റും പപ്പരാസികളെ ഇനിയും നിറയ്ക്കുമെന്നുറപ്പാണ്.