പുതിയ യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിൽ ഇന്നലെ നടന്ന റാലിയിൽ 40,000 പേരാണ് പങ്കെടുത്തിരിക്കുന്നത്. അമേരിക്കൻ പാസ്പോർട്ടുകൾ കത്തിച്ച് കളഞ്ഞ് വരെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരുന്നു. കൂടാതെ പാരീസിലും ബെർലിനിലും അടക്കം അനേകം ഇടങ്ങളിൽ പ്ലേക്കാർഡുകൾ ഏന്തി ആയിരങ്ങൾ ട്രംപിനെതിരെ തെരുവുകളിലേക്ക് ആർത്തിരമ്പിയെത്തിയിരുന്നു. ട്രംപുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പുലർത്തുന്ന അടുത്ത ബന്ധം അവസാനിപ്പിക്കണമെന്നായിരുന്നു ലണ്ടനിലെ പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടത്.

സ്റ്റോപ്പ് വാർ കോലിഷൻ,സ്റ്റാൻഡ് അപ്പ് ടു റേസിസം, മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ എന്നിവയടക്കമുള്ള ഗ്രൂപ്പുകളായിരുന്നു ലണ്ടനിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ട്രംപ് അനുവർത്തിച്ച് വരുന്ന വിവാദപരമായ മാനദണ്ഡങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കക്കാരനെന്ന് കരുതുന്ന ഒരാൾ തന്റെ പാസ്പോർട്ട് കത്തിച്ചിരുന്നു. യുകെ സന്ദർശിക്കാൻ ട്രംപിന് നൽകിയ വിവാദപരമായ ക്ഷണം പിൻവലിക്കണമെന്നായിരുന്നു ലണ്ടനിലെ മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഒരു വംശീയവാദിയെന്ന നിലയിൽ അദ്ദേഹം കുടിയേറ്റക്കാർക്കേർപ്പെടുത്തിയ യാത്രാ നിരോധനം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. യുകെയിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ഇതു പോലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

വൈറ്റ്ഹാളിനടുത്ത് ആയിരക്കണക്കിന് പേർ ഒത്ത് ചേർന്ന പ്രതിഷേധത്തിൽ ഒരു വീഡിയോ ടേപ്പ് പ്ലേ ചെയ്തിരുന്നു. ട്രംപ് ഒപ്പ് വച്ചിരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ പിൻവലിക്കുന്നത് വരെ അദ്ദേഹത്തെ യുകെയിൽ കാലു കുത്താൻ അനുവദിക്കരുതെന്ന് ആ വീഡിയോയിൽ ലേബർ നേതാവ് ജെറമി കോർബിൻ ശക്തമായി ആഹ്വാനം ചെയ്യുന്നത് കാണാമായിരുന്നു. തങ്ങൾ യുഎസിലെ സുഹൃത്തുക്കളോട് ഈ അവസരത്തിൽ ഐകമത്യം പ്രകടിപ്പിക്കുന്നുവെന്നും അവർ തങ്ങളുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും പങ്ക് വയ്ക്കുന്നവരാണെന്നും ആക്രമണത്തിന് വിധേയരാകുന്ന ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് അവർ നിൽക്കുന്നതെന്നും കോർബിൻ പറഞ്ഞു. ശരിയെന്ന് തോന്നുന്ന കാര്യത്തിനൊപ്പം നിൽക്കുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരോട് ലേബർ നേതാവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് യുഎസ് എംബസിക്കടുത്ത് നിന്നും തുടങ്ങി ഡൗണിങ് സ്ട്രീറ്റിനടുത്തേക്കായിരുന്നു നീങ്ങിയിരുന്നത്. അടുത്തിടെ വൈറ്റ് ഹൗസ് സന്ദർശിച്ചതിനിടൊയിരുന്നു തെരേസ ഈ വർഷം അവസാനം ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷണിച്ചിരുന്നത്. തെരേസയുടെ സന്ദർശനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇറാഖ്, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ,യെമൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യുഎസിലേക്ക് വരുന്നത് 90 ദിവസത്തേക്ക് ട്രംപ് വിലക്കിയിരുന്നത്.

എന്നാൽ ഈ നീക്കത്തിനെതിരെ ലോകമെമ്പാടും നിന്നും കടുത്ത എതിർപ്പായിരുന്നു ഉയർന്ന് വന്നിരുന്നത്. എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറങ്ങിയ ശേഷം യുഎസിലെ നിരവധി വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരെ തടയാൻ തുടങ്ങിയതിനെ തുടർന്ന് അവിടങ്ങളിലും കനത്ത പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അവസാനം ട്രംപിന്റെ ഈ നീക്കം ഇന്നലെ യുഎസ് കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡറിനെ ചോദ്യം ചെയ്യാൻ സ്റ്റേറ്റുകൾക്ക് അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് ഫെഡറൽ ജഡ്ജ് ജെയിംസ് റോബർട്ട് ട്രംപിന്റെ തീരുമാനം തള്ളിയിരിക്കുന്നത്.