ലോകമെങ്ങും വിവാദമായെങ്കിലും ഏതാനും രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കുമായി മുന്നോട്ടുപോകാൻ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ എക്‌സിക്യുട്ടീവ് ഓർഡറിൽ അടുത്തയാഴ്ച ട്രംപ് ഒപ്പുവെക്കുന്നതോടെ യാത്രാവിലക്ക് നിലവിൽ വരും.

ഏഴ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കാണ് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, പട്ടികയിൽനിന്ന് ഇറാഖിനെ ഒഴിവാക്കിയതായി സൂചനയുണ്ട്. ഇറാൻ, ലിബിയ, യെമൻ, സുഡാൻ, സോമാലിയ, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് അമേരിക്ക വിസ നിഷേധിക്കുന്നത്. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ അമേരിക്കയിലാകമാനം പ്രതിഷേധം അലയടിച്ചിരുന്നു.

പ്രതിഷേധത്തെത്തുടർന്ന് തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ട്രംപ് തയ്യാറായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇറാഖിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയതുമാത്രമാണ് വ്യത്യാസം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകർക്കെതിരായ പോരാട്ടത്തിൽ അമേരിക്കയുമായി ചേർന്നുനിൽക്കുന്നതിനാലാണ് ഇറാഖിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് വിസ നിഷേധിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം ഒരുമാസം മുമ്പാണ് വന്നത്.. ലോകമെങ്ങും കടുത്ത എതിർപ്പാണ് ഈ തീരുമാനത്തോടുണ്ടായത്. എന്നാൽ, യാത്രാവിലക്കിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ തീരുമാനം നടപ്പാക്കുന്നതും.

90 ദിവസത്തയ്ക്കാണ് വിലക്ക് നടപ്പിൽവരിക. അതുകഴിഞ്ഞാൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ കൊടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നുമില്ല. ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ ഹോംലാൻഡ് സെക്യൂരിറ്റി വിമാനത്താവളങ്ങളിൽ അത് നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇതും വലിയ തർക്കത്തിനും പ്രതിഷേധത്തിനും ഇടയാക്കി.

ട്രംപിന്റെ വിലക്കിനെ മുസ്ലിം വിലക്കായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കൂടുതൽ മുസ്ലിം രാജ്യങ്ങൾക്കും വിലക്ക് വരുമെന്ന ശ്രുതിയുമുണ്ടായിരുന്നു. എന്നാൽ, കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ പെടുത്തില്ലെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി. ഇപ്പോൾ, ഇറാഖിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായ കാര്യമാണ്. സിറിയയും ഐസിസിനെതിരെ പോരാടുന്നുണ്ടെങ്കിലും, അവർക്ക് തുണ നിൽക്കുന്നത് റഷ്യയായതിനാലാണ് സിറിയയെ പട്ടികയിൽനിന്ന് ഒഴിവാക്കാത്തതിന് കാരണം.