ലോകചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഇരട്ട നയതന്ത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാഴ്ചവെച്ചത്. സൗദി അറേബ്യയിലെത്തി അറബ് ലോകവുമായി കച്ചവടമുറപ്പിച്ചശേഷം ട്രംപ് പറന്നത് മുസ്ലിം സമൂഹം ശത്രുക്കളുടെ താവളമായി കാണുന്ന ഇസ്രയേലിലേക്ക്. ഇസ്രയേലിലെത്തി യഹൂദകേന്ദ്രങ്ങൾ സന്ദർശിക്കുക വഴിയും ട്രംപ് പുതിയ ചരിത്രമെഴുതി.

അധികാരത്തിലിരിക്കെ, ജറുസലേമിലെ യഹൂദകേന്ദ്രമായ വെസ്റ്റേൺ വാൾ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറി. യഹൂദ ആചാരപ്രകാരം അവിടെ ഒരു പ്രാർത്ഥനാശകലവും നിക്ഷേപിച്ചാണ് ട്രംപ് മടങ്ങിയത്. ബി.സി. ആദ്യ നൂറ്റാണ്ടിൽ ഹെറോദ് രാജാവ് പണികഴിപ്പിച്ച നാല് ഭിത്തികളിലൊന്നാണ് വെസ്റ്റേൺ വാൾ. യഹൂദരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. എ.ഡി. 70-ൽ റോമാക്കാരുടെ ആക്രമണത്തെ അതിജീവിച്ച വെസ്‌റ്റേൺ വാൾ, രണ്ടാം യഹൂദ ദേവാലയത്തിന്റെ അവശേഷിക്കുന്ന ഭാഗം കൂടിയാണ്.

കിഴക്കൻ ജറുസലേമിലെ വെസ്‌റ്റേൺ വാൾ സന്ദർശിക്കുക വഴി ഇസ്രയേലിനോടുള്ള അമേരിക്കയുടെ രാഷ്ട്രീയ സമീപനത്തിലും ട്രംപ് മാറ്റം വരുത്തിയിരിക്കുകയാണ്. കിഴക്കൻ ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി അമേരിക്ക അംഗീകരിച്ചിരുന്നില്ല. ട്രംപ് സന്ദർശിച്ചതോടെ, അക്കാര്യത്തിലും തീരുമാനമായി. വെസ്‌റ്റേൺ വാളിലെത്തി അരമിനിറ്റോളം പ്രാർത്ഥിച്ചശേഷമാണ് ട്രംപ് മടങ്ങിയത്.

യഹൂദവംശജനായ മരുമകൻ ജാരേദ് കുഷ്‌നർക്കും ഭാര്യ മെലാനിയക്കും മകൾ ഇവാൻകയ്ക്കുമൊപ്പമാണ് ട്രംപ് യഹൂദകേന്ദ്രങ്ങൾ സന്ദർശിച്ചത്. വെസ്റ്റേൺ വാളിലെ പുരോഹിതൻ ഷ്മുവേൽ റാബിനോവിച്ചും കുഷ്‌നറും സ്മാരകത്തിന്റെ ചരിത്രപരമായ പ്രാധാന്യം ട്രംപിന് വിശദീകരിച്ചുകൊടുത്തു. സമീപത്ത് സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലത്ത് റാബിയുടെ ഭാര്യയാണ് മെലാനിയക്കും ഇവാൻകയ്ക്കുമൊപ്പം പോയത്. ജാരേദിനെ വിവാഹം കഴിക്കുന്നതിന് ഇവാൻക യഹൂദമതം സ്വീകരിച്ചിരുന്നു.

ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്മാസ്റ്റർ, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. കിഴക്കൻ ജറുസലേമിലേക്കുള്ള യാത്രയിൽ ഇസ്രയേൽ നേതാക്കൾ ട്രംപിനൊപ്പമില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഇസ്രയേൽ ഏറെക്കാലമായി ഇത്തരമൊരു സന്ദർശനം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണ്.

കിഴക്കൻ ജറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി പരിഗണിക്കാത്തതിൽ നെതന്യാഹു സർക്കാരും അമേരിക്കയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രംപിന്റെ സന്ദർശനം ആ തർക്കം പരിഹരിക്കുമെന്നാണ് നിരീക്ഷിക്കപ്പെുന്നത്. വെസ്റ്റേൺ വാൾ ജറുസലേമിന്റെ ഭാഗം തന്നെയാണെന്നാണ് റെക്‌സ് ടില്ലേഴ്‌സൺ അഭിപ്രായപ്പെട്ടത്. എന്നാൽ, അമേരിക്ക അവരുടെ നയം തിരുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞതുമില്ല. 2008-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കെ, ബരാക് ഒബാമ വെസ്റ്റേൺ വാളിലെത്തിയിരുന്നു.