മാഞ്ചസ്റ്റർ അരീനയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണവിവരം അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടതിനെ തുടർന്ന് അമേരിക്കയയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലും തർക്കവും പരിഹരിക്കപ്പെട്ടതായി റിപ്പോർട്ട്. ഈ നിർണായക വിവരങ്ങൾ ചോർത്തിയ ആളെ കണ്ടെത്താൻ ട്രംപ് ഉത്തരവിട്ടതോടെയാണ് ഇരുവർക്കുമിടയിലെ തർക്കത്തിന്റെ മഞ്ഞുരുകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭീകരതയുടെ പേരിൽ കുടിയേറ്റക്കാർക്കെതിരെയുള്ള നിലപാട് ട്രംപ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റർ കൂട്ടക്കുരുതി നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഫോറൻസിക് ഫോട്ടോകളും വിശദ വിവരങ്ങളും യുഎസ് മാധ്യമങ്ങൾക്ക് കൈമാറിയ യുഎസ് ഉറവിടത്തെ ശിക്ഷിക്കുമെന്നാണ് ട്രംപ് വാഗ്ദാനമേകിയിരിക്കുന്നത്.

ഈ ചോർത്തലിനെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തുമെന്നും വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നുള്ള ട്രംപിന്റെ പുതിയ ഉറപ്പ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടനിലെ മുതിർന്ന കൗണ്ടർ ടെററിസം ഓഫീസറായ മാർക്ക് റൗലെ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബറുടെ ബാക്ക് പാക്കിലെ നിർണായക വസ്തുക്കളെ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളുമായിരുന്നു വാഷിടംഗ്ടൺ പോസ്റ്റടക്കമുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നത്. നാറ്റോ സമ്മിറ്റിൽ വച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ താൻ ഇക്കാര്യത്തിൽ ബ്രിട്ടന്റൈ ഉത്കണ്ഠ അദ്ദേഹത്തോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേയും പറഞ്ഞിരുന്നു.

തിങ്കളാഴ്ച മാഞ്ചസ്റ്റർ അരീനയിൽ സ്‌ഫോടനമുണ്ടായി 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതിലൂടെ ഭീകരതയുടെ പൈശാചികതയുടെ ആഴം ഒന്ന് കൂടി ബോധ്യപ്പെട്ടിരിക്കുകയാണെന്ന് നാറ്റോ സമ്മിറ്റിൽ വച്ച് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി ബ്രസൽസിലെ നാറ്റോ ഹെഡ്ക്വാർട്ടേർസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനുറ്റ് നാറ്റോ നേതാക്കൾ മൗനമാചരിച്ചിരുന്നു. ഭീകരർക്കെതിരെ എല്ലാ രാജ്യങ്ങളും ഇനിയെങ്കിലും നടപടികൾ എടുത്തിട്ടില്ലെങ്കിൽ ഇനിയും ഇത്തരം കൂട്ടക്കുരുതികൾ തുടർന്ന് കൊണ്ടേയിരിക്കുമെന്നാണ് ട്രംപ് നാറ്റോ നേതാക്കൾക്ക് ത മുന്നറിയിപ്പേകിയിരിക്കുന്നത്.

ഈ ഒരു സാഹചര്യത്തിൽ ഭീകരതയ്‌ക്കെതിരെുള്ള പോരാട്ടം യുഎസ് ഒരിക്കലും നിർത്തുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോളതലത്തിൽ പെരുകി വരുന്ന ഭീകരവാദത്തെ ചെറുക്കുന്നതിനായി അതിർത്തികൾ സുരക്ഷിതമാക്കണമെന്നായിരുന്നു നാറ്റോ സമ്മിറ്റിൽ സംസാരിക്കവെ മറ്റ് രാഷ്ട്രത്തലവന്മാരോട് ട്രംപ് നിർദേശിച്ചു. ആയിരക്കണക്കിന് പേർ നമ്മുടെ രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് വരുന്നുവെന്നും അവർ ആരൊക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നും ഇക്കൂട്ടത്തിൽ ആക്രമണം നടത്താനെത്തുന്ന ജിഹാദികളുമുണ്ടാകുമെന്നും അതിനാൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ കുടിയേറ്റക്കാരുടെ മറവിൽ ഭീകരർ അമേരിക്കയിലേക്കെത്തുന്നത് പൂർണമായും തടയുന്നതിനുള്ള കൂടുതൽ കർക്കശമായ മാർഗങ്ങൾ കുടി നടപ്പിലാക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.