കുടിയേറ്റക്കാരോട് കടുത്ത എതിർപ്പുള്ളയാളാണ് അമേരരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുസ്ലിം വിരുദ്ധത പോലെതന്നെ കുടിയേറ്റവിരുദ്ധതയും ഉയർത്തിക്കാട്ടിയാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയം കണ്ടതും. മുൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളോട് കാട്ടിയ സൗഹൃദവും അടുപ്പവും തനിക്കുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ട്രപിന്റെ ഓരോ നടപടികളും. എച്ച് 1 ബി വിസ ഉള്ളവരുടെ ആശ്രിതർക്ക് നൽകിയിരുന്ന വർക്ക് പെർമിറ്റ് റദ്ദാക്കുന്നതോടെ, ആയിരക്കണക്കിന് മലയാളികളടക്കം രണ്ടരലക്ഷത്തോളം ഇന്ത്യക്കാരും തൊഴിൽ രഹിതരാകും.

ഒബാമയുടെ കാലത്താണ് എച്ച് 1 ബി വിസക്കാരുടെ ആശ്രിതർക്ക് വർക്ക് പെർമിറ്റ് നൽകാൻ തീരുമാനിച്ചത്. ഈ നിയമം പുനഃപരിശോധിക്കുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം പ്രഖ്യാപിച്ചിട്ടുള്ളത്. ബിരുദമോ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് നൽകുന്ന വിസയാണ് എച്ച് 1 ബി.. എൻജിനിയറീങ്, ഐടി, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് ഈ വിസയുമായി എത്തുന്നവർ ജോലി ചെയ്യുന്നത്.

2015-ലാണ് ഈ നിയമം നടപ്പിലായത്. എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് എച്ച്-4 വിസയിലൂടെ ഗ്രീൻകാർഡ് സ്റ്റാറ്റസ് നൽകുന്നതായിരുന്നു നിയമം. അമേരിക്കയിലുള്ള വിദേശികളായ പ്രതിഭകളെ രാജ്യത്ത് നിലനിർത്തുന്നതിനുവേണ്ടിയാണ് പങ്കാളികൾക്കുകൂടി വർക്ക് പെർമിറ്റ് നൽകുന്നതെന്നായിരുന്നു ഒബാമ ഭരണകൂടം വിശദീകരിച്ചത്. അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് മികച്ച കുടുംബാന്തരീക്ഷം ഉറപ്പുനൽകുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

2015-ൽ 179,600 പേർക്ക് എച്ച് 4 വിസയ്ക്ക് അപേക്ഷിക്കാവുന്നതാണെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് വ്യക്തമാക്കിയിരുന്നു. 2016-ൽ 55,000 പേർക്കും ഈ രീതിയിൽ വിസ നൽകി. നിലവിൽ ഈ രീതിയിൽ വിസ ലഭിച്ച് അമേരിക്കയിലെത്തിയവരെ ട്രംപിന്റെ നിയമമാറ്റം എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല. എന്നാൽ, അമേരിക്കയിൽ ശേഷിക്കുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനാളുകളെ നിരാശപ്പെടുത്തുന്നതാണ് ഈ തീരുമാനം.

നിയമാനുസൃതവും അല്ലാത്തതുമായ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം നിയമം പുനഃപരിശോധിക്കാനൊരുങ്ങുന്നത്. അടുത്തവർഷം നിയമം പിൻവലിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ ആലോചന. എന്നാൽ, എന്തുകൊണ്ടാണ് നിയമം പിൻവലിക്കുന്നതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടില്ല. എല്ലാ മേഖലകളിലും പരമാവധി അമേരിക്കക്കാരെ നിയമിക്കുകയെന്ന ട്രംപിന്റെ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്ന് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.