ഗസ്സ: ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ യുഎൻ തള്ളിയതിന് പുറമെ അമേരിക്കയ്ക്ക് ഈ വിഷയത്തിൽ വീണ്ടുമൊരു തിരിച്ചടി കൂടി ഉണ്ടാകാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനം ആക്കിയതിന് പ്രതികാരമായി ഫലസ്തീന് പൂർണ രാജ്യപദവി നൽകാൻ ഉറച്ച് റഷ്യയും തുർക്കിയും രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് പിന്തുണമായി മറ്റ് അനേകം രാജ്യങ്ങളും മുന്നോട്ട് വന്നതോടെ അമേരിക്കയ്ക്ക് കാലിടറുന്ന ദുരവസ്ഥയാണുണ്ടായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ട്രംപിന്റെ അതിബുദ്ധി ഫലസ്തീനികൾക്ക് ആശ്വാസമാകുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.

ഫലസ്തീനെ ഒരു പൂർണരാജ്യമാക്കുന്നതിന് പിന്തുണയേകുന്നതിനുള്ള ഒരു കരാറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും തുർക്കി പ്രസിഡന്റ് റികെപ് എർഡോഗനും ഇന്നലെ എത്തുകയും ചെയ്തിരുന്നു. അതിനിടെ അമേരിക്കയുടെ യാതൊരു വിധത്തിലുമുള്ള സമാധാന പദ്ധതികളും താൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കാനുള്ള തീരുമാനത്തെ യുഎൻ തള്ളിക്കളഞ്ഞ് ഒരു ദിവസം തികഞ്ഞപ്പോഴാണ് റഷ്യയുടെയും തുർക്കിയുടെയും പ്രസിഡന്റുമാർ ഇന്നലെ ഈ വിഷയത്തിൽ ഫോണിൽ നിർണായകമായ ചർച്ച നടത്തുകയും ഫലസ്തീനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.

യെരുശലേം പ്രശ്നത്തിൽ യുഎൻ പൊതുസഭ നിർണായകമായ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളുടെ അവസ്ഥയാണ് ഇരു നേതാക്കളും ചർച്ച ചെയ്തിരിക്കുന്നതെന്നാണ് ക്രെംലിൻ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് ഫലസ്തീൻ-ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ ഇരു നേതാക്കളും ധാരണയിലെത്തിയെന്നും ക്രെംലിൻ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീൻകാരുടെ അവകാശങ്ങൾ നടപ്പിലാക്കാനായി ആ പ്രദേശത്തെ ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റുന്നതിനുള്ള പൂർണ പിന്തുണയേകാൻ റഷ്യ,തുർക്കി പ്രസിഡന്റുമാർ തീരുമാനിച്ചുവെന്നും ക്രെംലിൻ വെളിപ്പെടുത്തുന്നു.

തങ്ങൾക്ക് സ്വതന്ത്ര രാജ്യം അനുവദിക്കണമെന്ന് 1967ലെ ആറ് ദിവസത്തെ യുദ്ധം മുതൽ ഫലസ്തീൻകാർ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യമാണ്. റഷ്യയും തുർക്കിയും അടക്കം യുഎന്നിലെ 70 ശതമാനം രാജ്യങ്ങളും ഫലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി നേരത്തെ തന്നെ പരിഗണിച്ചിട്ടുണ്ട്. എന്നാൽ യുഎസ്, ബ്രിട്ടൻ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ ഇത് അംഗീകരിക്കുന്നില്ല. ഡിസംബർ ആറിനായിരുന്നു ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള വിവാദ പ്രസ്താവന ട്രംപ് നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ രാജ്യങ്ങൾ പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. വിശുദ്ധ നഗരമായ യെരുശലേം തങ്ങളുടെ തലസ്ഥാനമാണെന്ന് ഇസ്രയേലും ഫലസ്തീനും കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

വ്യാഴാഴ്ച ഈ വിഷത്തിൽ യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 193 അംഗരാജ്യങ്ങളിൽ 128ഉം ട്രംപിന്റെ നീക്കത്തെ എതിർത്തും വെറും ഒമ്പത് രാജ്യങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തിരുന്നു. 35 രാജ്യങ്ങൾ വോട്ടിംഗിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. എന്നാൽ ഈ വോട്ട് കൊണ്ടൊന്നും അമേരിക്ക ആ തീരുമാനം മാറ്റില്ലെന്നാണ് യുഎന്നിലെ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ പ്രഖ്യാപിച്ചിരിക്കുന്നത്.

വോട്ടിങ് പരാജയം കൂടുതൽ ഒറ്റപ്പെട്ട് അമേരിക്ക

യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്കുള്ള സഹായം റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി അവഗണിച്ചാണ് ഇന്ത്യ അടക്കം 128 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചത്. യുഎസ്സിൽനിന്നു വൻതോതിൽ സാമ്പത്തിക, സൈനിക സഹായം പറ്റുന്ന ഇറാഖ്, ഈജിപ്ത്, ജോർദാൻ എന്നിവ അടക്കം അറബ് രാജ്യങ്ങളും ഫ്രാൻസ് അടക്കമുള്ള പാശ്ചാത്യ സഖ്യകക്ഷികളും പ്രമേയത്തെ അനുകൂലിച്ചതോടെ യുഎസ് രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടു. ഇസ്രയേൽ അടക്കം ഒൻപതു രാജ്യങ്ങൾ മാത്രമാണു പ്രമേയത്തെ എതിർത്തു വോട്ടു ചെയ്തത്.

അർജന്റീന, ഓസ്‌ട്രേലിയ, കാനഡ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മെക്സിക്കോ, ഫിലിപ്പീൻസ്, പോളണ്ട്, റുവാണ്ട, സൗത്ത് സുഡാൻ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളാണു വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത്. ഗ്വാട്ടിമാല, ഹൊണ്ടുറാസ്, മാർഷൽ ഐലൻഡ്‌സ്, മൈക്രോനേഷ്യ, നൗറു, പലൗ, തോഗോ തുടങ്ങിയ ചെറുരാജ്യങ്ങളാണ് യുഎസിനും ഇസ്രയേലിനുമൊപ്പം പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തത്. പ്രമേയത്തെ എതിർക്കുകയോ വിട്ടുനിൽക്കുകയോ വോട്ടു രേഖപ്പെടുത്താതിരിക്കുകയോ ചെയ്ത 64 രാജ്യങ്ങൾക്കു യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി നന്ദി പറയുകയും ചെയ്തു.

എന്നാൽ, ഭാവിയിൽ യുഎസ് മുന്നോട്ടുവയ്ക്കുന്ന ഒരു സമാധാന പദ്ധതിയും ഫലസ്തീൻ ജനത അംഗീകരിക്കില്ലെന്നു ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ട്രംപിന്റെ നിലപാടു യുഎസിനെ ഒറ്റപ്പെടുത്തിയതായി, അബ്ബാസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു

ഗസ്സയിൽ സംഘർഷം തുടരുന്നു

ജറുസലം പ്രശ്‌നത്തിൽ ഗസ്സാ മുനമ്പിൽ യുഎസ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. വെടിവയ്പിലും റബർ ബുള്ളറ്റ് പ്രയോഗത്തിലും നാൽപതിലേറെപ്പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏഴു പട്ടണങ്ങളിലും കിഴക്കൻ ജറുസലമിലും വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ടയറുകൾ റോഡിലിട്ടു കത്തിച്ചതോടെ ബെത്ലഹേമിൽ പുകപടലങ്ങൾ നിറഞ്ഞു. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധക്കാരെത്തിയത്.

വെസ്റ്റ് ബാങ്കിലും ആയിരക്കണക്കിനുപേർ പ്രകടനത്തിനെത്തി. നിറതോക്കുകളുമായി പ്രതിഷേധക്കാരെ നേരിടുന്ന ഇസ്രയേൽ സൈന്യത്തിന്റെ നടപടിയിൽ ആംനെസ്റ്റി ഇന്റർനാഷനൽ നടുക്കം പ്രകടിപ്പിച്ചു. ഗസ്സാ അതിർത്തിയിൽ രണ്ടായിരത്തോളം ഫലസ്തീൻ പ്രതിഷേധക്കാർ ഇസ്രയേൽ സൈനികർക്കു നേരെ തിരിഞ്ഞതോടെയാണു വെടിവച്ചതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.