വാഷിങ്ടൺ: അധികാരത്തിലേറിയ കാലം മുതൽക്ക് മാധ്യമപ്രവർത്തകരോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അത്ര നല്ല ബന്ധമല്ല. തനിക്കെതിരേ വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന ആരോപണം അദ്ദേഹം മുൻനിര മാധ്യമങ്ങൾക്കെതിരേ പോലും ഉന്നയിച്ചിട്ടുണ്ട്. ഇ്‌നലെ മിഡ്-ടേം തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം നടത്തിയ പത്രസമ്മേളനത്തിൽ സിഎൻഎൻ റിപ്പോർട്ടറുടെ ചോദ്യത്തിന് മുന്നിൽ പ്രകോപിതനായ ട്രംപ്, പത്രസമ്മേളനം നിർത്തി ഇറങ്ങിപ്പോകാനും തുനിഞ്ഞു. റിപ്പോർട്ടറുടെ മൈക്ക് ട്രംപിന്റെ സഹായി ത്ട്ടിപ്പറിക്കുന്നതിനും വൈറ്റ് ഹൗസിലെ മീഡിയാറൂം വേദിയായി.

മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേടിയത് ചരിത്രവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. വിജയത്തിന്റെ ക്രെഡിറ്റ് സ്വയം അവകാശപ്പെട്ട് ട്രംപ് മുന്നേറവെയാണ് മെക്‌സിക്കൻ അതിർത്തിയിൽ അഭയാർഥികൾ കൂട്ടത്തോടെ വരുന്നത് അധിനിവേശമാണെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തെക്കുറിച്ച സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റ ചോദിച്ചത്. ഇതോടെ ട്രംപ് പ്രകോപിതനാവുകയായിരുന്നു. എന്നെ രാജ്യം ഭരിക്കാൻ അനുവദിക്കാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് തുടങ്ങിയ ട്രംപ് പിന്നീട് അക്കോസ്റ്റയ്ക്കുനേരെ വിരൽചൂണ്ടി കത്തിക്കയറി.

അക്കോസ്റ്റ വീണ്ടും ചോദ്യങ്ങൾക്ക് മുതിർന്നപ്പോൾ വൈറ്റ് ഹൗസ് ജീവനക്കാരിയെത്തി അദ്ദേഹത്തിൽനിന്ന് മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും കണ്ടു. റഷ്യയുടെ ഇടപെടലിൽ ട്രംപിന് ആശങ്കയുണ്ടോ എന്ന ചോദ്യം കൂടിയായതോടെ ട്രംപ് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്‌ളെപപോലൊരു മാധ്യമപ്രവർത്തകൻ അവിടെ ജോലിചെയ്യുന്നതിൽ സിഎൻഎൻ ലജ്ജിക്കേണ്ടതാണെന്ന ട്രംപ് പറഞ്ഞു. നിങ്ങൾ മര്യാദയില്ലാത്തവനാണ്. അപകടകാരിയാണ്. സാറ ഹക്കബിയെ നിങ്ങൾ എന്താണ് ചെയ്തതെന്ന് എനിക്കറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ട്രംപ് പത്രസമ്മേളനം നിർത്തി ഇറങ്ങിപ്പോകാനും ശ്രമിച്ചു.

ഇതിനിടെ, മറ്റൊരു മാധ്യമപ്രവർത്തകൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയും ട്രംപ് ഇടയ്ക്കിടെ അക്കോസ്റ്റയോടുള്ള ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ വീണ്ടും അക്കോസ്റ്റ ചോദ്യവുമായി എഴുന്നേറ്റപ്പോൾ നിങ്ങൾ അവിടെയിരിക്കൂ എന്നാശ്യപ്പെട്ട ട്രംപ്, നിങ്ങൾ വ്യാജ 
വാർത്തയെഴുതുന്നയാളാണെന്നും രാജ്യത്തെ ജനങ്ങളുടെ ശത്രുവാണെന്നും ആരോപിച്ചു.

മിഡ്‌ടേം തിരഞ്ഞെടുപ്പിൽ സെനറ്റിലെ ഭൂരിപക്ഷം നിലനിർത്താനായത് തന്റെ നേട്ടമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് പത്രസമ്മേളനം തുടങ്ങിയത്. 1962-ൽ പ്രസിഡന്റ് കെന്നഡിയാണ് ഒടുവിൽ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഡമോക്രാറ്റുകൾക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നെങ്കിലും 54 സീറ്റോടെ സെനറ്റിലെ ഭൂരിപക്ഷമുയർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധിച്ചു. പ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്ക് 238 സീറ്റും റിപ്പബ്ലിക്കൻ പാർട്ടിക്ക് 197 സീറ്റുമാണ് ലഭിച്ചത്.