ന്യൂയോർക്ക്: ലോകത്തെ കൂടുതൽ അപകടത്തിലാക്കി നേതാക്കളുടെ യുദ്ധവെറി പ്രസംഗങ്ങൾ തുടരുന്നു. ഉത്തരകൊറിയയെ ആക്രമിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ വെനസ്വലയെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയതാണ് ലോകത്തെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.

അതേ ഭാഷയിൽ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കൻ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു. പസഫിക് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും തീരദേശ സേനയുടേയും ശക്തമായ സാന്നിധ്യമുണ്ട് ഇവിടെ ആണവ മിസൈലുകൾ സജ്ജമാക്കുന്നതിൽ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.

കൊറിയൻ മുനമ്പിനെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ട്രംപ് തള്ളിവിടുന്നെന്ന കൊറിയയുടെ ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം. പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരുന്നു. മിസൈൽ ഉപയോഗിച്ച് ഗുവാമിനെ തകർക്കുമെന്നായിരുന്നു ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അതിനിടെ ഉത്തര കൊറിയ ആക്രമണത്തിന് മുതിർന്നൽ ലോകം ഉതുവരെ കണ്ടിട്ടില്ലാത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയൻ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് അഞ്ഞടിച്ചു.

ഇതാദ്യമായാണ് കൊറിയൻ വിഷയത്തിൽ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്. കൊറിയക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി ട്രംപ് സൂചിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു സെനറ്റംഗം വെളിപ്പെടുത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയെ നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിച്ചത്.

വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികളെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വേണ്ടിവന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകി. വെനസ്വേലയുടെ കാര്യത്തിൽ പല സാധ്യതകൾ മുന്നിലുണ്ട്. ഇതിൽ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയശേഷം ട്രംപ് പറഞ്ഞു. മഡുറോയ്ക്കും ചില ഉദ്യോഗസ്ഥർക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേസമയം, മഡുറോയിൽ സമ്മർദംചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പെറു വെനസ്വേലയുടെ സ്ഥാനപതിയെ പുറത്താക്കി. വെനസ്വേലയിൽ പുതുതായി തിരഞ്ഞെടുത്ത 545 അംഗ ഭരണഘടനാ അസംബ്ലിയിൽ മഡുറോയുടെ ഭാര്യയും മകനും ഉൾപ്പെടെ സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ മാത്രമാണുള്ളത്. രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതുകയാണ് അസംബ്ലിയുടെ ലക്ഷ്യം. ഇതോടെ മഡുറോ തികഞ്ഞ ഏകാധിപതിയായി മാറുമെന്നാണു ജനാധിപത്യ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പു നീതിപൂർവമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വൻ പ്രക്ഷോഭമാണു രാജ്യത്തു നടക്കുന്നത്.