- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്പം പോലും മാന്യതയില്ലാത്ത യുവതിയാണ് മേഗൻ; ഹാരിയെ അവർ ഹൈജാക്ക് ചെയ്തു ദുരുപയോഗിക്കുന്നു; രണ്ടുപേർക്കും ഭാവിയിൽ പശ്ചാത്തപിക്കേണ്ടിവരും; ഹാരിക്കും മേഗനുമെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: മേഗൻ മെർക്കലിനെതിരെ രൂക്ഷമായ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ബ്രിട്ടീഷ് രാജ്ഞിയെ അപമാനിക്കുന്നു എന്നും ഹാരിയെ ദുരുപയോഗം ചെയ്യുന്നു എന്നുമാണ് ട്രംപ് ആരോപിക്കുന്നത്. ഇന്ന് രാത്രി ജി ബി ന്യുസിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന ഒരു അഭിമുഖത്തിലാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ഈ ആരോപണം ഉയർത്തിയിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും അടുത്തകാലത്തെ ചില പ്രവർത്തനങ്ങൾ രാജ്ഞിയെ വേദനിപ്പിച്ചു എന്നും ട്രംപ് പറഞ്ഞു.
മുൻ ഉകിപ് നേതാവ് നിഗെൽ ഫരാഷെയുമായുള്ള സംസാരത്തിനിടയിൽ, താൻ ഒരുകാലത്തും മേഗന്റെ ആരധകൻ അല്ലായിരുന്നു എന്ന് പറഞ്ഞ ട്രംപ് അവർ ഹാരിയെ ദുരുപയോഗം ചെയ്യുകയാണെന്നും പറഞ്ഞു. ഒരിക്കൽ ഹാരി ഇതിന് പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മേഗന്റെ ഇടപെടലുകളാണ് ഹാരിയുടെ കുടുംബബന്ധങ്ങളെ തകർത്തതെന്നും രാജ്ഞിക്ക് മനോവിഷമമുണ്ടാക്കിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇത്രയും മഹദ്വ്യക്തിയയ, ചരിത്ര വനിത എന്നുതന്നെ വിളിക്കാവുന്ന എലിസബത്ത് രാജ്ഞിയോട് അവജ്ഞയോടെയാണ് മേഗൻ പെരുമാറിയതെന്നും ട്രംപ് പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പദവിപേരുകൾ ഉപയോഗിച്ച് അമേരിക്കൻ രാഷ്ട്രീയകാര്യങ്ങളിൽ മേഗൻ നടത്തുന്ന ഇടപെടലുകൾ തികച്ചും അനുയോജ്യമാണെന്നായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്. ബ്രിട്ടീഷ് രാജ്ഞിയോടുള്ള തന്റെ ബഹുമാനം വെളിപ്പെടുത്തിയ ട്രംപ് തന്റെ അമ്മ സ്കോട്ട്ലാൻഡ്കാരിയായതിനാൽ തനിക്ക് രാജകുടുംബത്തോട് പ്രത്യേക ഇഷ്ടം തന്നെയുണ്ടെന്നും പറഞ്ഞു.
ഇതാദ്യമായല്ല ട്രംപ് മേഗനെതിരെ തിരിയുന്നത്. മേഗൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ, 2024 ലെ തെരഞ്ഞെടുപ്പിൽ താനും മത്സരിക്കുമെന്ന് അദ്ദേഹം ഈ വർഷം ആദ്യം പറഞ്ഞിരുന്നു. അതിനു മുൻപ് 2019-ൽ തന്നെ വിമർശിച്ചതിന് മേഗനെ വൃത്തികെട്ടവൾ എന്ന് ട്രംപ് വിളിച്ചിരുന്നു. തിങ്കളാഴ്ച്ച റെക്കോർഡ് ചെയ്ത പുതിയ അഭിമുഖത്തിൽ കാപിറ്റോൾ ലഹള ഉൾപ്പടെ വിവിധ കാര്യങ്ങളെ കുറിച്ച് ട്രംപ് സംസാരിക്കുന്നുണ്ട്. തന്നെ ഇംപീച്ച് ചെയ്യാനുണ്ടായ നീക്കത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.ഇന്ന് വൈകിട്ട് 7 മണിക്ക് ജി ബി ന്യുസിൽ ഇത് സംപ്രേഷണം ചെയ്യും.
മറുനാടന് ഡെസ്ക്