വാഷിങ്ടൺ: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ കുടിയേറ്റക്കാർ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ച് കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് ഇത്തരം രാജ്യങ്ങളിലെ പൗരന്മാരെ മാത്രമല്ല ബാധിക്കുകയെന്നും മറിച്ച് മറ്റ് രാജ്യക്കാരായ മേരിക്കൻ പൗരത്വമുള്ളവരിൽ ചിലരെയും ബാധിക്കുമെന്നുമാണ് ഏറ്റവും പുതിയ സൂചന. തൽഫലമായി അവധിക്ക് നാട്ടിൽ പോയ അനേകം പേർ കുടുങ്ങിയിരിക്കുകയാണ്. എത്യോപ്യയിൽ പരിശീലനത്തിന് പോയിരിക്കുന്ന സോമാലിയൻ വംശജനായ ഒളിമ്പിക് ലെജൻഡ് മോ ഫറാഹിനെ അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും തടയുമോയെന്ന ആശങ്ക ഇതിനെ തുടർന്ന് ശക്തമായിരിക്കുകയാണ്. എന്നാൽ ബ്രിട്ടീഷ് പൗരത്വം ഉള്ളവർ ഭയപ്പെടേണ്ടതില്ലെന്നാണ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൺ പറയുന്നത്.

സോമാലിയൻ വംശജനായ ഫറാഹ് ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്.ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിലേക്ക് വരുന്നത് 90 ദിവസത്തേക്ക് നിരോധിക്കുന്ന എക്‌സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് വെള്ളിയാഴ്ചയായിരുന്നു ഒപ്പ് വച്ചിരുന്നത്. ഈ രാജ്യങ്ങളിൽ ഒന്ന് സോമാലിയ ആയതാണ് സോമാലിയൻ വംശജനായ ഫറാഹിന് വിനയായിത്തീരുന്നത്.

ബ്രിട്ടനിലെ ഏറ്റവും തിളക്കമുള്ള അത്‌ലറ്റുകളിലൊരാളായ ഫറാഹ് 2012ലെയും 2016ലെയും ഒളിമ്പിക്‌സുകളിൽ രണ്ട് സ്വർണമെഡലുകൾ നേടിയിരുന്നു. എന്നാൽ ഇരട്ടപൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാരെ യുഎസിലേക്ക് പ്രവേശിപ്പിക്കാതിരിക്കില്ലെന്നാണ് ഇന്നലെ രാത്രി ഫോറിൻ ഓഫീസ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് നിരോധനം ഏർപ്പെടുത്തിയ ഏഴ് രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്നിൽ നിന്നും നേരിട്ട് വരുന്നില്ലെന്നിരിക്കെ ബ്രിട്ടീഷ് പൗരന്മാരെ അമേരിക്കയിലേക്ക് കടക്കുന്നതിൽ നിന്ന് തടയില്ലെന്നാണ് ഫോറിൻ ഓഫീസ് പറയുന്നത്.

ട്രംപ് ഒപ്പ് വച്ചിരിക്കുന്ന എക്‌സിക്യൂട്ടീവ് ഓർഡർ ഫറാഹിന് ബാധകമല്ലെന്നാണ് കഴിഞ്ഞ ദിവസം ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്നും മനസിലാക്കാൻ സാധിച്ചിരിക്കുന്നതെന്നും അതിൽ ആശ്വാസമുണ്ടെന്നുമാണ് ഫറാഹിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിൽ ആശങ്ക അകറ്റുന്ന പ്രസ്താവന ഇറക്കിയ ഫോറിൻ ഓഫീസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിന് ശേഷം തനിക്ക് പ്രയാസം കൂടാതെ അമേരിക്കയിലേക്ക് തിരിച്ച് വരാമെന്നറിഞ്ഞ് ഫറാഹും ആശ്വസിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപിന്റെ തികച്ചും വിവേചനപരമായ ഈ നിരോധനത്തോട് താൻ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നും ഇതിൽ അത്യധികമായ നിരാശയുണ്ടെന്നും ഫറാഹ് നേരത്തെ പ്രതികരിച്ചിരുന്നു.

ട്രംപിന്റെ നിരോധന ഉത്തരവ് പുറത്ത് വന്ന പാടെ ഇതിനോട് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫറാഹ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. സോമാലിയയിൽ ജനിച്ച് ബ്രിട്ടീഷുകാരനായ താൻ കഴിഞ്ഞ ആറ് വർഷങ്ങളായി അമേരിക്കയിലാണ് കഴിയുന്നതെന്നും പര്യാപ്തമായ തോതിൽ നികുതിയടച്ച് സമൂഹത്തിന് തന്നാലാകുന്ന വിധത്തിലുള്ള സംഭാവനകൾ നൽകുന്ന ആളാണെന്നും ഫറാഹ് പറയുന്നു. പുതിയ നിരോധനത്തിലൂടെ താനടക്കമുള്ള നിരവധി പേർക്ക് അമേരിക്കയിലേക്ക് തിരിച്ച് വരാൻ സാധിക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണെന്നാണ് ഈ പോസ്റ്റിൽ ഫറാഹ് എഴുതിയിരുന്നത്. എന്നാൽ താൻ സോമാലിയയിലാണ് ജനിച്ചതെങ്കിലും തനിക്കിപ്പോൾ ബ്രിട്ടീഷ് പാസ്‌പോർട്ട് മാത്രമേയുള്ളുവെന്നും അതിനാൽ ഈ നിരോധനം തനിക്ക്‌ബാധകമാണോയെന്നറിയില്ലെന്നും ഫറാഹ് ഈ പോസ്റ്റിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കുടിയേറ്റ നിരോധനത്തെക്കുറിച്ച് ബോറിസ് ജോൺസൻ ട്രംപിന്റെ മുതിർന്ന അഡൈ്വസറായ ജാറെദ് കുഷ്‌നെറുമായും ചീഫ് സ്ട്രാറ്രജിസ്റ്റായ സ്റ്റീഫൻ ബാനനുമായും ചർച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ബോറിസിന്റെ ഒഫീഷ്യലുകൾ ഇതുമായി ബന്ധപ്പെട്ട അവ്യക്തകൾ നീക്കുന്ന പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു. ട്രംപിന്റെ നിരോധനത്തിൽ ഉൾപ്പെടുന്ന ഏഴ് മുസ്ലിം രാജ്യങ്ങളായ ഇറാഖ്, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന വ്യക്തികൾക്ക് മാത്രമാണീ നിരോധനമെന്നാണ് ബോറിസ് ജോൺസന്റെ ഒഫീഷ്യലുകൾ വ്യക്തമാക്കുന്നത്.

ഈ ഏഴ് രാജ്യങ്ങളിൽ നിന്നൊഴിച്ച് മറ്റെവിടെ നിന്ന് വരുന്നവർക്കും അധിക പരിശോധന ഉണ്ടാവില്ല. അവരുടെ നാഷണാലിറ്റിയോ ജന്മസ്ഥലമോ ഈ വേളയിൽ പരിഗണിക്കില്ല. ഈ ഏഴ് രാജ്യങ്ങളിൽ നിന്നും വരുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അവർ ഇവിടങ്ങളിൽ ജനിച്ചവരാണെങ്കിലും നിരോധനം ബാധകമല്ല. ഏഴ് രാജ്യങ്ങളിലെ ഇരട്ടപൗരത്വമുള്ളവർ ഇവയുടെ പുറത്ത് നിന്നെവിടെ നിന്നെങ്കിലും യുഎസിലേക്ക് വരുന്നതിന് നിരോധനമില്ല. ഇരട്ടപൗരത്വമുള്ളവർ ഈ ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നുവെങ്കിൽ അധിക പരിശോധനയുണ്ടാകുമെന്നും ഫോറിൻ ഓഫീസ് പറയുന്നു.