- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമല ഹാരിസിനെ കഴിഞ്ഞ വർഷം ട്രംപ് കളിയാക്കി വിട്ടത് വീ വിൽ മിസ് യു എന്ന്; അന്ന് കമല തിരിച്ചടിച്ചത് വിഷമിക്കേണ്ട മി.പ്രസിഡന്റ് വിചാരണവേളയിൽ കാണാമെന്നും; സെനറ്റിൽ ഇംപീച്ച്മെന്റ് തുടർനടപടികൾ വരിക ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം; ചെയറിന്റെ അദ്ധ്യക്ഷ വൈസ് പ്രസിഡന്റായ കമല ആകാനും സാധ്യത
വാഷിങ്ടൺ: ജ്ഞാനപ്പാനയിൽ പൂന്താനം പറഞ്ഞ പോലെയായി ഡൊണൾഡ് ട്രംപിന്റെ കാര്യങ്ങൾ. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ..അതെ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട യുഎസ് പ്രസിഡന്റായി മാറിയിരിക്കുകയാണ് ട്രംപ്. 2020 ൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ അനിഷേധ്യ നേതാവായിരുന്നെങ്കിൽ ഇന്ന് അതൊക്കെ പഴങ്കഥയായി. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കലും, കാപിറ്റോൾ ഹിൽ അക്രമവും ഒക്കെ ട്രംപ് ആരാധകരെ പ്രീണിപ്പിച്ചിട്ടുണ്ടാകാമെങ്കിലും, പാർട്ടിക്കാർക്ക് പഴയ പ്രതിപത്തിയില്ല എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും പ്രതാപകാലത്ത് ചെയ്ത ചില കുസൃതികൾ അദ്ദേഹത്തിന് തിരിച്ചടിയാവുകയാണ് എന്നു വേണം പറയാൻ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മത്സരത്തിൽ നിന്നും കമല ഹാരിസ് പിൻവാങ്ങിയപ്പോൾ ട്രംപ് പരിഹസിച്ച് ട്വീറ്റിട്ടു. വീ വിൽ മിസ് യൂ എന്നായിരുന്നു ട്വീറ്റ്. കമല അപ്പോൾ തിരിച്ചടിച്ചു..വിഷമിക്കേണ്ട മിസ്റ്റർ പ്രസിഡന്റ്...ഞാൻ നിങ്ങളെ വിചാരണയുടെ സമയത്ത് കണ്ടോളാം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരുസംവാദത്തിനിടെ കമലയെ ട്രംപ് അധിക്ഷേപിച്ചത് ഇങ്ങനെ: 'കമല ഹാരിസ് ഒട്ടും ഇഷ്ടപ്പെടാനാകാത്തവളും ഭയങ്കരിയുമാണ്. അവർ കമ്യൂണിസ്റ്റാണ്. നമുക്ക് ഒരു കമ്യൂണിസ്റ്റിനെ (പ്രസിഡന്റായി) കിട്ടാൻ പോകുകയാണ്. 'നോക്കൂ, ഞാൻ ജോയുടെ (ബൈഡൻ) അടുത്തിരുന്നു. ഞാൻ ജോയെ നോക്കി. ജോ പ്രസിഡന്റായി രണ്ടുമാസം തികയ്ക്കാൻ പോകുന്നില്ല. ഇതാണ് എന്റെ അഭിപ്രായം. അയാൾ രണ്ടുമാസം തികയ്ക്കാൻ പോകുന്നില്ല'- ട്രംപ് പറഞ്ഞു. പോരാത്തതിന് വംശീയ പരാമർശവും ട്രംപ് കമലയ്ക്ക് എതിരെ നടത്തിയിരുന്നു. ഇന്ത്യൻ- ജമൈക്കൻ വംശജയായ കമല ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ചാണ് ട്രംപ് എത്തിയിരുന്നത്. അമേരിക്കൻ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകനാണ് ആദ്യം കമലാ ഹാരിസിന്റെ യോഗ്യത സംബന്ധിച്ച സംശയം ആദ്യം ഉയർത്തിയത്. ഇത് പിന്നീട് ട്രംപ് എറ്റുപിടിക്കുകയായിരുന്നു. മുമ്പ് അമേരിക്കൻ പ്രസിഡന്റായ ബരാക്ക് ഒബാമയ്ക്കെതിരെയും സമാനമായ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. ഒബാമ അമേരിക്കയിൽ ജനിച്ചയാളല്ലെന്നാണ് ട്രംപ് വർഷങ്ങളായി പ്രചരിപ്പിച്ചിരുന്നത്.
അതേസമയം ഭരണഘടനയുടെ 14-ാമത് ഭേദഗതിയിൽ അമേരിക്കയിൽ ജനിക്കുന്ന ഏതൊരാളും അമേരിക്കൻ പൗരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1890ൽ അമേരിക്കൻ സുപ്രീംകോടതി ഇക്കാര്യം ഉയർത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ 1964ൽ കാലിഫോർണിയയിൽ ജനിച്ച കമലാ ഹാരീസ് നിയമപരമായി അമേരിക്കൻ പൗരയാണ്.
ഏതായാലും അമേരിക്കൻ കോൺഗ്രസിന്റെ അധോസഭയായ പ്രതിനിധി സഭ കുറ്റങ്ങൾ ചുമത്തുന്ന നടപടിയായ ഇംപീച്ച്മെന്റ് നടത്തിക്കഴിഞ്ഞു. ഇനിയുള്ള പ്രധാന നടപടികൾ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലാണ് നടക്കുക.ട്രംപ് കുറ്റവാളിയാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഒരു വിചാരണ നടത്തുക എന്നതാണ് അടുത്ത പ്രധാന ഘട്ടം. ട്രംപ് ഓഫീസിൽ നിന്ന് വിരമിച്ച ശേഷമേ താൻ ഈ വിഷയം സെനറ്റിൽ കൊണ്ടുവരാൻ അനുവദിക്കൂ എന്ന് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മാക്കോണൽ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ വിചാരണയ്ക്ക് അദ്ധ്യക്ഷത വഹിക്കാൻ കമല ഹാരിസിന് സുവർണാവസരം കൈവരികയാണ്. അപ്പോഴേക്കും കമല വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുകഴിയും. സെനറ്റിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യനിലയിലാണ്. വിചാരണയ്ക്ക് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷത വഹിക്കണമെന്നാണ് കീഴ് വഴക്കം സൂചിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യത്തെ ഇംപീച്ച്മെന്റ് വേളയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അദ്ധ്യക്ഷത വഹിച്ചത്. എന്നാൽ, ചില രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായപ്രകാരം, ഭരണഘടനാനുസൃതമായ സെനറ്റിന്റെ പ്രസിഡന്റായ വൈസ് പ്രസിഡന്റിനും വിചാരണയ്ക്ക് അദ്ധ്യക്ഷത വഹിക്കാം. അങ്ങനെയല്ലെങ്കിൽ കൂടി വോട്ടിങ് തുല്യനിലയിലായാൽ ടൈ ബ്ലേക്ക് ചെയ്യാനുള്ള വോട്ടവകാശം വിനിയോഗിക്കാൻ കമല ഹാരിസിന് കഴിയും.
നിലവിലുള്ള ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിൽ ട്രംപ് ക്യാമ്പിന് വിശ്വാസമില്ല. ചില വിധികൾ എതിരായതോടെയാണ് ട്രംപ് തിരിഞ്ഞത്. എന്നാൽ, കമല ഹാരിസ് വിചാരണയ്ക്ക് അദ്ധ്യക്ഷത വഹിക്കുന്നത് ട്രംപ് അതിനേക്കാൾ പേടിക്കേണ്ടി വരും. ട്രംപിന്റെ ആദ്യത്തെ ഇംപീച്ച്മെന്റ് വിചാരണയ്ക്കിടെ കമല പറഞ്ഞത് പ്രശസ്തമായിരുന്നു. ഭരണഘടനാശിൽപികൾ ഭരണഘടനയ്ക്ക് രൂപം നൽകുമ്പോൾ എന്നെ പോലൊരാൾ യുഎസ് സെനറ്ററായി സേവനം അനുഷ്ഠിക്കുമെന്ന് ചിന്തിച്ചുകാണില്ല. എന്നാൽ, ട്രംപിനെ പോലെ ഒരാൾ പ്രസിഡന്റാകുമെന്ന് അവർ മുൻകൂട്ടി കണ്ടു-കമല അന്ന് പറഞ്ഞു.
കമല കഴിഞ്ഞാൽ പിന്നെ താരം റിപ്പബ്ലിക്കൻ നേതാവ് മിച്ച് മാക് കോണൽ തന്നെ. അദ്ദേഹത്തിന്റെ കൈയിലാവും ട്രംപിന്റെ ഭാവി. നേരത്തെ ട്രംപ് അനുകൂലിയായിരുന്ന മാക് കോണൽ ഇപ്പോൾ തിരിഞ്ഞിരിക്കുകയാണ്. ഇതാണ് ട്രംപിനെ ഭയപ്പെടുത്തുന്നതും. ട്രംപിനെ ശിക്ഷിക്കാൻ വോട്ടെടുപ്പിൽ സഭയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടേണ്ടത് ആവശ്യമാണ്. വോട്ടിനായി സഭയിലെ 100 സെനറ്റർമാരും ഹാജരാകുകയാണെങ്കിൽ, ട്രംപിനെ ശിക്ഷിക്കാൻ ഡെമോക്രാറ്റിക് പ്രതിനിധികൾക്കൊപ്പം കുറഞ്ഞത് 17 റിപ്പബ്ലിക്കന്മാർ കൂടി ശിക്ഷാ നടപടികളെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടി വരും
മറുനാടന് ഡെസ്ക്