- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡണ്ടാകാൻ ഒരുങ്ങി ട്രംപ്; കാലാവധി കഴിയാൻ ഒരാഴ്ച്ച ബാക്കി നിൽക്കെ പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാൻ തിങ്കളാഴ്ച്ച പാർലമെന്റ് അംഗങ്ങൾ ചേരും; ട്വിറ്ററിൽ നിന്നും എന്നന്നേക്കുമായി ട്രംപിന് നിരോധനം
വാഷിംങ്ടൺ: കലാപത്തിന് പ്രേരണനൽകി എന്ന കുറ്റം ചുമത്തി ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി മുന്നോട്ടുപോകുവാൻ ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. ഇന്നലെയാണ് പാർട്ടി വക്താവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച്ച നടന്ന അക്രമസംഭവങ്ങൾക്ക് ശേഷം വളരെ തിടുക്കത്തിലായിരുന്നു ഇത്തരത്തിൽ ഉള്ള ഒരു തീരുമാനം എടുത്തത്. തിങ്കളാഴ്ച്ച ഇത് പാർലമെന്റിൽ അവതരിപ്പിക്കും.
ട്രംപിന്റെ പ്രേരണയിൽ ഒരാൾക്കൂട്ടം കാപ്പിറ്റോൾ മന്ദിരം ആക്രമിച്ചു എന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ ഡേവിഡ് സിസിലിൻ, ടെഡ് ലിയു, ജാമീ റാസ്കിൻ എന്നിവർ തയ്യാറാക്കിയ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ആരോപിക്കുന്നത്. നിയമപാലകരേയും വൈസ് പ്രസിഡണ്ടിനേയും ശല്യം ചെയ്തു എന്നും ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ തടസ്സപ്പെടുത്തി എന്നും ആരോപിക്കുന്നുണ്ട്.
ഇതിനു പുറമേ തെരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്ന ട്രംപിന്റെ പൊള്ളയായ അവകാശവാദവും ഈ പ്രമേയത്തിൽ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, ട്രംപിനാൽ ഉത്തേജിതരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന് തന്നെ ഭീഷണിയായെന്നും ഇതിൽ പറയുന്നു. ഒരു പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തിൽ ജനത അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ട്രംപിനായില്ല എന്ന് പറയുന്ന പ്രമേയത്തിൽ, ട്രംപിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്രസിഡണ്ട് സ്ഥാനത്തുനിന്നും ട്രംപിനെ നീക്കണം എന്നുമാത്രമല്ല ഇംപീച്ച്മെന്റിൽ ആവശ്യപ്പെടുന്നത് മറിച്ച്, 2024 ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണം എന്നുകൂടി പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, വിരമിക്കാൻ 12 ദിവസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പ്രേരിതമായി കൊണ്ടുവരുന്ന ഈ ഇംപീച്ച്മെന്റ് പ്രമേയം രാജ്യത്തെ വിഘടിപ്പിക്കാൻ മാത്രമേ ഉതകൂ എന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
ഡൊണാൾഡ് ട്രംപ് ഉടനടി രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ, തിങ്കളാഴ്ച്ച തന്നെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്നുമാണ് ഡെമോക്രാറ്റിക് പാർട്ടി പറയുന്നത്. ഇനിയും പ്രവചിക്കാനാകാത്ത നടപടിചട്ടങ്ങൾ അതിവേഗം നീക്കുമെന്ന് സ്പീക്കറും അറിയിച്ചു. പൊതുസഭ ഈ പ്രമേയത്തെ അംഗീകരിക്കുകയാണെങ്കിൽ ഇത് ഉടനടി തന്നെ സെനറ്റിൽ അംഗീകാരത്തിനായി സമർപ്പിക്കും. സെനറ്റിൽ നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതിന്റെ ചർച്ച നടക്കുക. അതുകൊണ്ടുതന്നെ അത് എത്രവേഗം ചർച്ചക്കെടുക്കണം എന്നതിൽ സെനറ്റിലെ മെജോരിറ്റി ലീഡർ മിച്ച് മെക് കോണെലിന് സുപ്രധാനമായ പങ്കുണ്ട്.
ട്രംപ്പിന് സ്ഥിരമായ വിലക്കേർപ്പെടുത്തി ട്വിറ്റർ
ഡോണൾഡ് ട്രംപിന്റെ വ്യക്തിഗത അക്കൗണ്ട് ട്വിറ്ററിൽ നിന്നും സ്ഥിരമായി നീക്കം ചെയ്തതായി ട്വിറ്റർ ഇന്നലെ അറിയിച്ചു. ബുധനാഴ്ച്ച ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമസംഭവങ്ങളെ തുടർന്ന് കൂടുതൽ അക്രമ സംഭവങ്ങൾക്ക് വഴിയൊരുക്കാതിരിക്കാനാണ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. അടുത്തയിടെ ടംപ് നടത്തിയ ട്വീറ്റുകൾ വിലയിരുത്തുകയും അതൊക്കെ ഏതർത്ഥത്തിലാണ് പൊതുസമൂഹത്തിൽ മനസ്സിലാക്കപ്പെടുന്നത് എന്നത് പരിഗണിക്കുകയും ചെയ്തിട്ടാണ് ട്രംപിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
88.7 മില്ല്യൺ ഫോളോവേഴ്സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. ഇത് ട്വിറ്ററിന്റെ ആക്ടീവ് യൂസേഴ്സിന്റെ പകുതിയോളം വരും. ഇതിന് തൊട്ടുമുൻപായി, ട്രംപിന്റെ ഉറ്റ അനുയായികളായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ, അറ്റോർണി സിഡ്നി പോവൽ എന്നിവർക്കും ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. സ്റ്റീവ് ബാനോണിന്റെ ''വാർ റൂം'' എന്ന യൂട്യുബ് അക്കൗണ്ട് യൂട്യുബ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ യൂട്യുബ് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ച് വ്യാജ പ്രവർത്തനംനടത്തുന്നത് കണക്കിലെടുത്ത് ഈ ചാനൽ നിരോധിക്കുമെന്ന് യൂട്യുബ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അതുപോലെ ദി ഡൊണാൾഡ് ഡോട്ട് വിൻ, ഡൊണാൾഡ് സബ്റെഡിറ്റ് എന്നിവ കണക്ട് ചെയ്തിരുന്ന ദി ഡോണാൾഡ് എന്ന സർവർ നിരോധിച്ചതായി ഡിസ്കോർഡും അറിയിച്ചു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നേരത്തേതന്നെ പ്രസിഡണ്ടിന്റെ അക്കൗണ്ടുകൾ ജനുവരി 20 വരെ നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം ഒരുപക്ഷെ അനിശ്ചിതമായി നീണ്ടുപോകാനും ഇടയുണ്ട്. ട്വിറ്റർ വിലക്കേർപ്പെടുത്തിയ വിവരം പുറത്തുവന്ന ഉടനെ ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ അമേരിക്കയിൽ സംസാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന ട്വീറ്റുമായി എത്തി.
മറുനാടന് ഡെസ്ക്