ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ, ഇന്ത്യ മുഴുവൻ കാത്തിരുന്നത് നമ്മുടെ രാജ്യവുമായി ട്രംപിന്റെ നയതന്ത്രം എങ്ങനെയായിരിക്കും എന്നറിയുന്നതിനാണ്. ബരാക് ഒബാമയുടെ കാലത്തുലഭിച്ച സ്വീകാര്യതയും പ്രസക്തിയും ട്രംപ് ഇന്ത്യക്ക് നൽകുമോ എന്ന കാര്യത്തിൽ നേരീയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, അധികാരത്തിലേറി നാലാം ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തേടി അമേരിക്കയിൽനിന്ന് വിളിയെത്തി.

ഇക്കൊല്ലം അവസാനം തന്റെ രാജ്യം സന്ദർശിക്കണമെന്ന അഭ്യർത്ഥനയോടെയാണ് മോദിയോടുള്ള സംസാരം ട്രംപ് അവസാനിപ്പിച്ചത്. അയൽ രാജ്യങ്ങളായ കാനഡയുടെയും മെക്‌സിക്കോയുടെയും ഭരണത്തലവന്മാരുമായി സംസാരിച്ച ശേഷം ഇസ്രയേലിലേക്കും ഈജിപ്തിലേക്കുമായിരുന്നു ട്രംപിന്റെ ഫോൺവിളി. ഇതിനുശേഷം അദ്ദേഹം തിരഞ്ഞെടുത്തത് ഇന്ത്യയെയാണ്. ഇന്ത്യയുമായുള്ള സൗഹൃദവും നയതന്ത്ര പങ്കാളിത്തവും താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുനേതാക്കളുടെയും സംസാരം. ഇന്ത്യയെ ആത്മാർഥതയുള്ള സുഹൃത്തും പങ്കാളിയുമായി അമേരിക്ക കാണുന്നുവെന്ന കാര്യം സംസാരത്തിനിടെ ട്രംപ് ആവർത്തിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് ട്രംപ് മോദിയെ വിളിച്ചത്. സാമ്പത്തിക മേഖലയിലും പ്രതിരോധ മേഖലയിലും എങ്ങനെ സഹകരണം വർധിപ്പിക്കാമെന്ന കാര്യം ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും കുറിച്ചും ചർച്ചയിൽ ഉയർന്നുവന്നു. ഭീകരവാദമുൾപ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങളെ അമേരിക്കയും ഇന്ത്യയും തോളോടുതോൾ ചേർന്ന് നേരിടുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. പ്രചാരണകാലത്തുതന്നെ ട്രംപ് ഇന്ത്യയുമായുള്ള തന്റെ ബന്ധം ഊന്നിപ്പറഞ്ഞിരുന്നു. അധികാരത്തിലേറിയാൽ, ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതാനും രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നാണ് ട്രംപ് അക്കാലയളവിൽ പറഞ്ഞിരുന്നത്. ആ വാക്കുകൾ വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് മോദിയുമായുള്ള അദ്ദേഹത്തിന്റെ ഫോൺസംസാരമെന്ന് വിലയിരുത്തപ്പെടുന്നു.

അധികാരത്തിലേറിയതിന് പിറ്റേന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേയുവുമായും മെക്‌സിക്കോയുടെ പ്രധാനമന്ത്രി പെന നീറ്റോയുമായും സംസാരിച്ച ട്രംപ് ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ എൽ സിസിയുമായും അദ്ദേഹം സംസാരിച്ചു. റഷ്യ, ചൈന, ജപ്പാൻ പോലുള്ള സാമ്പത്തിക ശക്തികൾക്ക് മുന്നെ, ട്രംപ് ഇന്ത്യയിലേക്ക് വിളിച്ചത് നയതന്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ആദ്യം വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ മോദിയുമുണ്ടായിരുന്നു. അതേ മാന്യത തന്നെ ട്രംപ് തിരിച്ചുകാട്ടിയത് ഇന്ത്യയുമായുള്ള സൗഹൃദത്തിന് അദ്ദേഹം എത്ര വിലകൽപിക്കുന്നുവെന്നതിന് തെളിവാണെന്ന വ്യാഖ്യാനിക്കപ്പെടുന്നു.

ഇരുരാജ്യങ്ങളും നേരിടുന്ന സുരക്ഷാഭീഷണിയുൾപ്പെടെയുള്ള കാര്യങ്ങളിലെ സമാനതയും ട്രംപ് വൻശക്തികൾക്ക് മുന്നെ ഇന്ത്യയിലേക്ക് വിളിക്കാനൊരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യൻ വംശജനായ അജിത് പൈയെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ ചെയർമാനായി നിയോഗിച്ചതും ട്രംപിന്റെ ഇന്ത്യൻ പ്രണയത്തിന് തെളിവാണ്. വിർജീനിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ അജിത്തിനെ കമ്മീഷനിലേക്ക് ആദ്യം തിരഞ്ഞെടുത്തത് ഒബാമയാണ്. എന്നാൽ, അജിത്തിന് ചെയർമാൻ പദവി നൽകി ട്രംപ് ഇന്ത്യയോടുള്ള ആദരവ് കൂടുതൽ പ്രകടിപ്പിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ മോദി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും മോദി ട്വീറ്റു ചെയ്തു. അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു.