സിയോൾ: ജൂൺ 12ന് സിംഗപ്പൂരിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോൻഗ് ഉന്നും തമ്മിലുള്ള ചർച്ച നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ചർച്ച നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദക്ഷിണകൊറിയയുമായി ചേർന്ന് സംയുക്ത സൈനിക അഭ്യാസം നടത്തിയത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിൽ കലിപൂണ്ടാണ് ട്രംപുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അവസാന നിമിഷം ദക്ഷിണ കൊറിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച പ്യോൻഗ്യാൻഗ് റദ്ദ് ചെയ്യിട്ടുമുണ്ട്.

യുഎസ്- ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറുന്നതിനുള്ള റിഹേഴ്സലായിട്ടാണ് തങ്ങൾ കണക്കാക്കുന്നതെന്നാണ് കിം ജോൻഗ് ഉന്നിന്റെ ഭരണകൂടം ഔദ്യോഗിക ന്യൂസ് ഏജൻസിയായ കെസിഎൻഎയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇന്നലെ നടക്കാനിരിക്കുന്ന ഇരു കൊറിയകളുമായുള്ള ചർച്ച റദ്ദ് ചെയ്തതിനെ തുടർന്ന് അമേരിക്ക ധൃതിപിടിച്ച നീക്കങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഉത്തരകൊറിയയുടെ പ്രതികരണത്തെ സ്വതന്ത്രമായി നിരീക്ഷിച്ച് വരുകയാണെന്നും തങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേർസ് പ്രതികരിച്ചിരിക്കുന്നത്.

ഇന്നലെയുണ്ടായ നാടകീയ വഴിത്തിരിവിനെക്കുറിച്ചുള്ള റിപ്പോർട്ടർമാരുടെ ചോദ്യത്തെ പ്രസിഡന്റ് ട്രംപ് അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്നലെ ഇരു കൊറിയകളും നടത്താനിരുന്ന ഉന്നതതല ചർച്ച റദ്ദ് ചെയ്തുവെന്ന് സൗത്തുകൊറിയൻ ന്യൂസ് ഏജൻസിയായ യോൻഹാപ് സ്ഥിരീകരിച്ചിരുന്നു. സിയോളിൽ വച്ചായിരുന്നു ഈ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികഅഭ്യാസം നടത്തുന്ന സമയത്ത് ഈ ചർച്ച വെറും പ്രഹസനമാണെന്നാണ് ഉത്തരകൊറിയ പ്രതികരിച്ചിരിക്കുന്നത്.

പാന്മുൻജോം എന്ന അതിർത്തി പട്ടണത്തിൽ വച്ച് ഇരു കൊറിയകളും ഇന്നലെ ചർച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിലിൽ ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയ്-ഇന്നും തമ്മിൽ നടത്തിയ ചരിത്രപ്രാധാന്യമുള്ള ചർച്ചയെ തുടർന്നായിരുന്നു ഇന്നലത്തെ ചർച്ച ആസൂത്രണം ചെയ്തിരുന്നത്. തങ്ങളുടെ മുന്നറിയിപ്പിനെ അവഗണിച്ച് ആണവ-മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയിരുന്ന ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ ട്രംപ് പിന്നീട് ആ രാജ്യവുമായി നല്ലൊരു നയതന്ത്ര ബന്ധം സ്ഥാപിച്ചത് പരക്കെ പ്രശംസക്ക് വിധേയമായിരുന്നു.

വർഷങ്ങൾക്ക് ശേഷം പ്യോൻഗ്യാൻഗുമായി യുഎസിന് നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാൻ തനിക്ക് സാധിച്ചുവെന്ന് ട്രംപ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് അവകാശപ്പെടുകയും ചെയ്തിരുന്നു. ട്രംപും ഉന്നും തമ്മിൽ നടത്താനിരിക്കുന്ന ജൂൺ 12ലെ ചർച്ചയെ തുടർന്ന് കൊറിയൻ മേഖലയിൽ സമാധാനത്തിന്റെ ശുഭ്രപതാക എന്നെന്നേക്കുമായി ഉയർത്താൻ സാധിക്കുമെന്ന് ലോകം പ്രതീക്ഷ പുലർത്തുന്ന വേളയിലാണ് ചർച്ച ത്രിശങ്കുവിലാക്കിക്കൊണ്ടുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നതെന്നത് സമാധാനപ്രേമികൾക്ക് കടുത്ത നിരാശയാണുണ്ടാക്കിയിരിക്കുന്നത്.