വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി അടുത്തബന്ധം പുലർത്തുന്ന റെക്‌സ് ടില്ലേഴ്‌സൺ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാകും. നിയുക്ത പ്രസിഡന്റ് ഡൊളാൺഡ് ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ എക്‌സൺ മൊബീലിന്റെ സിഇഒകൂടിയായ ടില്ലേഴ്‌സൺ പുടിനുമായി 15 വർഷത്തെ പരിചയമുണ്ടെന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

ടില്ലേഴ്‌സന്റെ നിയമനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന വിദേശികൾക്കു നൽകുന്ന ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് എന്ന ബഹുമതി 2013-ൽ പുടിൻ നൽകിയത് റെക്സിനും എക്സോൺ കമ്പനിക്കുമാണ്.

അറുപത്തിനാലുകാരനായ റെക്സാണ് 1990 മുതൽ എക്സോൺ കമ്പനിയുടെ വിദേശപ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.റഷ്യയുടെ കിഴക്കൻ തീരത്തുള്ള സഖാലിൻ എണ്ണ, പ്രകൃതിവാതക പദ്ധതിയിൽ എക്സോൺ പങ്കാളിയാണ്. എക്സോണും റഷ്യയുടെ സർക്കാർ നിയന്ത്രിത കമ്പനിയായ റോസ്നെഫ്റ്റും ചേർന്ന് ആർട്ടിക് പ്രദേശത്ത് പര്യവേഷണം തുടങ്ങാനിരിക്കുകയാണ്.

ഇരുപതോളം വിദേശരാജ്യങ്ങളിൽ എക്സോൺ മൊബിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ബിസിനസുകാരൻ എന്ന നിലയിൽ റഷ്യ ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളുമായി നിരന്തരം ഇടപാടുകൾ നടത്തുന്ന റെക്സിനു നയതന്ത്ര തലത്തിൽ മുൻപരിചയം ഇല്ല.