വാഷിങ്ടൺ: ഉയർന്ന യോഗ്യതകളും,തൊഴിൽ വൈദഗ്ധ്യവുമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ, അമേരിക്കയിലേക്ക് കുടിയേറുന്നതിനെ കുറിച്ച് ഇനി കാര്യമായി ആലോചിക്കാം. ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ മെറിറ്റധിഷ്ഠിതമായ പുതിയ കുടിയേറ്റ പരിഷ്‌കരണ സംവിധാനം ഇന്ത്യാക്കാർക്ക് ഒരുപരിധി വരെ അനുകൂലമാണ്.

ഭാര്യയയും, കൊച്ചുകുട്ടികളെയും യുഎസിലേക്ക് കൊണ്ടുവരുന്നതിനും തടസ്സമില്ല. എന്നാൽ,മാതാപിതാക്കൾ, മുതിർന്ന കുട്ടികൾ, അമ്മാവന്മാർ, അമ്മായിമാർ, അനന്തരവൻ, അനന്തരവൾ തുടങ്ങിയവരെ കൊണ്ടുവരാനാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ നിരാശപ്പെടേണ്ടി വരും.ഈ വിഭാഗത്തിൽ പെട്ടവർക്ക് നേരേ വാതിൽ അടയ്ക്കുന്ന സമീപമാണ് പുതിയ കുടിയേറ്റ പരിഷ്‌കരണ സംവിധാനത്തിൽ വിഭാവന ചെയ്യുന്നത്.

അമേരിക്കൻ കോൺഗസ് മുമ്പാകെ സമർപ്പിച്ച ശുപാർശകളിലാണ് കുടുംബാധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകുന്നതിലെ പുതിയ നിയന്ത്രണങ്ങൾ ട്രംപ് മുന്നോട്ട് വച്ചത്. വ്യക്തികളുടെ ബന്ധുക്കൾക്ക് കൂടുതലായി ഗ്രീൻ കാർഡ് അനുവദിക്കുന്ന സംവിധാനത്തിന് പകരം മെറിറ്റ് നോക്കിയായിരിക്കും ഇനി മുതൽ അതനുവദിക്കുക എന്ന് ചുരുക്കം.

ഗ്രീൻ കാർഡുകൾ അനുവദിക്കുന്നതിന് പോയിന്റ് സമ്പ്രദായം കൊണ്ടുവരാനും ട്രംപ് ഉദ്ദേശിക്കുന്നുംഗ്ലീഷിൽ പ്രാവീണ്യമുള്ള ,ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാർക്ക് അനുഗ്രഹമാണ് പുതിയ സംവിധാനം. ഇത്തരത്തിൽ ഗ്രീൻ കാർഡ് നേടിയെടുക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വരുമെങ്കിലും.എന്നാൽ, പ്രായമായ മാതാപിതാക്കളെയും, ബന്ധുക്കളെയും അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നവർക്ക് പുതിയ സംവിധാനം തിരിച്ചടി തന്നെ.

ചുരുക്കി പറഞ്ഞാൽ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിലെ വയോധികരും, രോഗികളും, അവിദഗ്ധരുമായ മനുഷ്യർ്ക്ക് നേരേ അങ്കിൾ സാം വാതിൽ കൊട്ടിയടയ്ക്കുകയാണ്. യുവരക്തത്തിന്റെ കുടിയേറ്റം മാത്രം പ്രോൽസാഹിപ്പിക്കുക വഴി അമേരിക്കയിലെ മുതിർന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷാചെലവുകൾക്ക് കൂടൂതൽ ഇളവുകൾ നൽകാമെന്നും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു.