വാഷിങ്ടൺ: ആറ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനത്തെ തടയുന്നതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവരുന്ന യാത്രാ വിലക്കിന് അമേരിക്കൻ കോടതിയുടെ വിലക്ക്. യാത്രാവിലക്ക് നടപ്പിൽവരുന്നതിന് തൊട്ടുമുമ്പായാണ് ഹവായിയിലെ ഒരു കോടതി ഉത്തരവ് നടപ്പാക്കുന്നത് അടിയന്തിരമായി തടഞ്ഞത്.

ഹവായ് കോടതിയിലെ ജഡ്ജിയാണ് തീരുമാനം എടുത്തത്. അഭയാർഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങൾക്കുനേരെയുള്ള വിവേചനമാണെന്നു കാണിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ജഡ്ജി ഡെറിക് വാട്സൺ തടഞ്ഞത്.
കോടതിയുടെ പരിധികടക്കലാണ് ഈ വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ താൽപര്യത്തെ മുൻനിർത്തി, അഭയാർഥി പ്രവാഹം തടയുന്നതിന് ഭരണഘടനാ പ്രകാരം പ്രസിഡന്റിന് അധികാരമുണ്ട്. എത്രയും പെട്ടെന്നുതന്നെ ഹവായ് കോടതി വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ്, ഇറാൻ, ലിബിയ, യെമെൻ, സൊമാലിയ, സുഡാൻ, സിറിയ എന്നീ ഏഴുരാജ്യങ്ങളിലെ പൗരന്മാരെ വിലക്കുന്ന ഉത്തരവാണ് ട്രംപ് ജനുവരിയിൽ ഇറക്കിയത്. പിന്നീട് മാർച്ച് ആറിന് ഇതു സംബന്ധിച്ച് പുതുക്കിയ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഇതിൽ ഇറാഖിനെ വിലക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. മാർച്ച് 16-ന് ഉത്തരവ് നിലവിൽവരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനാണ് വിലക്ക് വരുന്നത്.

സാധുവായ വിസയുള്ളവർക്കെല്ലാം അമേരിക്കയിൽ കടക്കാമെന്നും പുതിയ ഉത്തരവിലുണ്ട്. എന്നാൽ, എല്ലാ അഭയാർഥികളെയും 120 ദിവസത്തേക്ക് വിലക്കും. വിദേശകാര്യവകുപ്പ് അംഗീകരിച്ച അഭയാർഥികളെ അമേരിക്കയിൽ കടക്കാൻ അനുവദിക്കും. ഇക്കൊല്ലം പ്രവേശിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം 50,000 ആയിരിക്കും.

സിറിയയിൽനിന്നുള്ള എല്ലാ അഭയാർഥികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് മറ്റൊരു ഉത്തരവിൽ പിൻവലിച്ചിരുന്നു. യു.എസിൽ സ്ഥിരതാമസം അനുവദിക്കുന്ന അനുമതിപത്രമായ ഗ്രീൻ കാർഡ് കൈവശമുള്ളവർക്ക് പ്രവേശനവിലക്കില്ല.