സിയോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രവർത്തികൾ വളരെ മോശമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ ഏഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെ, പുതിയ മിസൈൽ പരീക്ഷണം നടത്തിയ കിമ്മിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.ഫ്‌ളോറിഡയിൽനിന്ന് വാഷിങ്ടണിലേക്ക് തന്നോടൊപ്പം യാത്ര ചെയ്ത മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.

തുടർച്ചയായി ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നടത്തുന്ന ഉത്തര കൊറിയക്കെതിരെ സൈനിക നടപടിപോലും ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് റെക്‌സ് ടില്ലേഴ്‌സൺ ചൈനയിലെത്തി ചർച്ച തുടങ്ങിയത്. ഉത്തര കൊറിയയെ നിലയ്ക്ക് നിർത്തുന്ന കാര്യമാണ് ചർച്ചയിലെ മുഖ്യവിഷയം.

ശക്തിയേറിയ റോക്കറ്റ് എൻജിനാണ് ശനിയാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ വിപ്ലവകരമായ മുന്നേറ്റമെന്നാണ് കിം ഇതിനെ വിശേഷിപ്പിച്ചത്. സൊഹായ് വിക്ഷേപണ കേന്ദ്രത്തിൽനിന്നായിരുന്നു പരീക്ഷണം. എന്നാൽ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഏഷ്യയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കെ, ഇത്തരമൊരു പരീക്ഷണം നടത്തിയത് ശരിയായ രീതിയല്ലെന്ന് ട്രംപ് പറയുന്നു.

ലോകത്തെ മറ്റു രാഷ്ട്രങ്ങൾ ഉത്തരകൊറിയയുടെ ശേഷി അടുത്തുതന്നെ തിരിച്ചറിയുമെന്നാണ് ഈ വിക്ഷേപണ വിജയത്തെക്കുറിച്ച് കിം പ്രതികരിച്ചത്. ബഹിരാകാശ വിക്ഷേപണ രംഗത്തെ മുന്നേറ്റമെന്നാണ് ഉത്തരകൊറിയ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രതിരോധ പരീക്ഷണമായാണ് അമേരിക്ക ഇതിനെ വിലയിരുത്തുന്നത്. ദീർഘദൂര മിസൈൽ പരീക്ഷണം നടത്തുന്നതിൽ ഉത്തരകൊറിയക്ക് ഐക്യരാഷ്ട്ര സഭയുടെ വിലക്കുണ്ട്.

റോക്കറ്റ് പരീക്ഷണം സമാധാനപൂർണമായ കാര്യങ്ങൾക്കുവേണ്ടിയാണെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. പക്ഷേ, അമേരിക്ക ഇതംഗീകരിക്കുന്നില്ല. അഞ്ചുവർഷം കൊണ്ട് ഉത്തരകൊറിയയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുകയാണ് ലക്ഷ്യമെന്നാണ് കിം അവകാശപ്പെടുന്നത്. എന്നാൽ, റോക്കറ്റ് പരീക്ഷണമല്ല, നടന്നത് മിസൈൽ പരീക്ഷണമാണെന്ന് അമേരിക്ക തറപ്പിച്ചുപറയുന്നു. കിമ്മിനെതിരെ നടപടി വേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നതും ഈ ആശങ്ക പങ്കുവെച്ചുകൊണ്ടാണ്.