- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുഎസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചു കയറി; സുരക്ഷാവലയം ഭേദിച്ച് ആയിരങ്ങൾ അകത്തു കടന്നത് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ: പാർലമെന്റ് മന്ദിരം ഒഴിപ്പിച്ചു: വെടിവെയ്പ്പിൽ ഒരാൾക്ക് പരിക്ക്
വാഷിങ്ടൺ: ലോകത്തിന് മുന്നിൽ അമേരിക്കയെ നാണം കെടുത്തി വീണ്ടും കനത്ത പ്രതിസന്ധി. യുഎസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചു കയറിയതാണ് രാജ്യത്തെ വീണ്ടും മുൾമുനയിലാക്കിയിരിക്കുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ അക്രമാസക്തരാവുകയും കാപ്പിറ്റോൾ മന്ദിരത്തിൽ നിലയുറപ്പിക്കുകയും ചെയ്തു.
പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാതെ ട്രംപ് അനുകൂലികൾ അവിടെ തന്നെ നില കൊണ്ടു. ഇതോടെ സംഘർഷാവസ്ഥയും ഉടലെടുത്തു. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ജനം അക്രമാസക്തരായതോടെ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ഒരാൾക്കു വെടിയേറ്റു. വെള്ളക്കാരിയായ ഒരു സ്ത്രീയ്ക്കാണ് വെടിയേറ്റത്. തോളിന് പരുക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവരുടെ നില ഗുരുതരമാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി.
കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. സനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവച്ചു. യുഎസ് കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തിൽ ഇതാദ്യമായാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച. ബൈഡന്റെ വിജയം നേരത്തെ തന്നെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ട്രംപ് അവസാന ശ്രമമെന്നോണം തന്റെ അനുയായികളെ കളത്തിൽ ഇറക്കി കളിച്ചതാണെന്നാണ് സൂചന.
ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പ്രതിഷേധവുമായി എത്തിയ ആയിരങ്ങൾ സുരക്ഷ ഒരുക്കിയ പൊലീസുകാരെ തള്ളി മാറ്റി അകത്തേക്ക് കടക്കുക ആയിരുന്നു. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.
കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദ്ദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചു. പ്രതിഷേധസ്വരങ്ങളെ മൂടിവയ്ക്കാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു.
ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർത്ഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ.