ബ്രിട്ടനുമായുള്ള ഉറ്റ സൗഹൃദം മുമ്പെന്നത്തെയും പോലെ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റൊണാൾഡ് റീഗന് മാർഗരറ്റ് താച്ചറിനോടുണ്ടായിരുന്ന അടുപ്പം പോലെയാണ് തനിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോടുള്ളതെന്നും അഭിപ്രായപ്പെട്ടു. പത്തുമിനിറ്റോളം നീണ്ട ഫോൺ സംഭാഷണത്തിൽ അമേരിക്കയ്ക്കും തനിക്കും വളരെയേറെ പ്രിയപ്പെട്ട രാജ്യമാണ് ബ്രിട്ടനെന്നും ട്രംപ് പറഞ്ഞു.

തെരേസ മേയോട് എത്രയും വേഗം അമേരിക്കയ്ക്ക് എത്താനാണ് ട്രംപ് ആവശ്യപ്പെട്ടത്. ബ്രെക്‌സിറ്റിനുശേഷവും ബ്രിട്ടനോടുള്ള തന്റെ സമീപനം കൂടുതൽ ഊഷ്മളമായിരിക്കുമെന്ന സൂചനയും ട്രംപ് നൽകി. എൺപതുകളിൽ റൊണാൾഡ് റീഗന്റെയും മാർഗരറ്റ് താച്ചറുടെയും കാലത്തുണ്ടായിരുന്നത്ര ശക്തമായ യു.എസ്-യു.കെ സൗഹൃദമാണ് താൻ ആഹ്രഹിക്കുന്നതെന്നും നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി. തെരേസയുമായി ഉറ്റ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതിൽ താത്പര്യമുണ്ടെന്ന് സൂചിപിച്ച ട്രംപ്, ഉദാഹരിച്ചത് റീഗൻ-താച്ചർ സൗഹൃദമാണ്.

എന്നാൽ, തെരേസയെ ആദ്യം കാണുമ്പോൾ അവരെ കയറിപ്പിടിക്കാതിരിക്കാൻ ട്രംപ് ശ്രദ്ധിക്കണമെന്ന് യുകെ ഇൻഡിപ്പെൻഡന്റ് പാർട്ടി തലവൻ നിഗൽ ഫരാജ് പരിഹസിച്ചു. 1984-ൽ റീഗന്റെ പ്രസിഡന്റായുള്ള അരങ്ങേറ്റദിനത്തിൽ റീഗനും താച്ചറുമായുള്ള നൃത്തത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു ഫരാജിന്റെ പരിഹാസം.

ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ വ്യാപാരബന്ധങ്ങളെ ട്രംപിന്റെ വിജയം വലിയതോതിൽ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. മുസ്ലിം വിരുദ്ധതയെച്ചൊല്ലി ട്രംപിനെ ബ്രിട്ടനിൽ പ്രവേശിപ്പിക്കരുതെന്ന് പാർലമെന്റിൽ വാദിച്ചവരാണ് തെരേസയടക്കമുള്ള ബ്രിട്ടീഷ് നേതാക്കൾ. എന്നാൽ, പ്രസിഡന്റെന്ന നിലയിൽ ട്രംപ് അതൊക്കെ മനസ്സിൽവെക്കുമോ എന്നതാണ് കണ്ടറിയേണ്ട കാര്യം. എന്നാൽ, പാശ്ചാത്യലോകത്ത് നിയന്ത്രക ശക്തിയായി 1980-കളിൽ നിലനിന്ന യു.എസ്-യു.കെ. ബന്ധമാണ് തന്റെ ലക്ഷ്യമെന്ന ട്രംപിന്റെ വാക്കുകൾ തെരേസയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.

ട്രംപിന്റെ വിജയം അന്താരാഷ്ട്ര ബന്ധങ്ങളിൽ എത്രത്തോളം വിള്ളൽ വീഴ്‌ത്തുമെന്ന ആശങ്ക ഇപ്പോഴും ഉയരുന്നുണ്ട്. റഷ്യയോടുള്ള ട്രംപിന്റെ നിലപാട് എത്രത്തോളമെന്നത് നാറ്റോയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. വ്‌ളാദിമിർ പുട്ടിനോടുള്ള തന്റെ ആരാധന ട്രംപ് തുറന്നുപറഞ്ഞിരുന്നു. ചൈനയും ട്രംപിന്റെ വരവിനെ ഏറെ കരുതലോടെയാണ് കാണുന്നത്. കടുത്ത ചൈനീസ് വിരുദ്ധത വച്ചുപുലർത്തുന്ന ട്രംപ് ചൈനയുമായി വ്യാപാരയുദ്ധത്തിന് തയ്യാറായേക്കുമെന്നും അത് ആഗോള സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും അവർ ആശങ്കപ്പെടുന്നു.