വാഷിങ്ടൺ: ആറു മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ അപേക്ഷകൾക്കുള്ള മാർഗനിർദ്ദേശം യു.എസ്. വിദേശകാര്യവകുപ്പ് പുറത്തിറക്കി. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം വിലക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കടുത്ത തീരുമാനങ്ങൾ.

സിറിയ, സുഡാൻ, സൊമാലിയ, ലിബിയ, ഇറാൻ, യെമൻ എന്നീ ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ നീക്കവും. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കോ, വ്യാപാര ബന്ധം ഉള്ളവർക്കോ മാത്രമായിരിക്കും വിസ ലഭിക്കുക. അമേരിക്കയിൽ അടുത്തബന്ധുക്കളോ അവിടത്തെ സ്ഥാപനങ്ങളുമായി ഔദ്യോഗികബന്ധമോ ഉള്ളവർക്ക് വിസയ്ക്ക് അപേക്ഷിക്കാം. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമെൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് മാർഗനിർദ്ദേശം ബാധകം. ഭാവിയിൽ എല്ലാ രാജ്യത്തുള്ള കുടിയേറ്റവും അമേരിക്ക നിയന്ത്രിക്കും. ബന്ധുക്കളില്ലാത്ത ആർക്കും അമേരിക്കയിലേക്ക് വിസ കിട്ടാത്ത അവസ്ഥയും വരും.

അച്ഛനമ്മമാർ, ജീവിതപങ്കാളി, കുട്ടി, പ്രായപൂർത്തിയായ മകനോ മകളോ, മരുമകൻ, മരുമകൾ, സഹോദരങ്ങൾ എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങളായി അമേരിക്ക കണക്കാക്കിയിരിക്കുന്നത്. അർധസഹോദരങ്ങളും സഹോദരങ്ങളുടെ കൂട്ടത്തിൽപ്പെടും. മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി, അനന്തരവൻ, അനന്തരവൾ, പ്രതിശ്രുതവരൻ തുടങ്ങിയവരൊന്നും അടുത്തബന്ധുക്കളിൽപ്പെടുന്നില്ല.

യു.എസ്. സ്ഥാപനങ്ങളുമായുള്ള ബന്ധം ഔദ്യോഗികവും രേഖാമൂലമുള്ളതുമായിരിക്കണമെന്നും യാത്ര വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെ മറികടക്കാനായി ഉണ്ടാക്കിയതാവരുതെന്നും മാർഗനിർദ്ദേശത്തിൽപറയുന്നു. മാർച്ച് ആറിനാണ് ആറു മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ കടക്കുന്നത് മൂന്നുമാസത്തേക്ക് വിലക്കി ട്രംപ് ഉത്തരവിറക്കിയത്.