- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു തല്ല്; കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയ തുഷാര അജിത്തിനെ മർദ്ദിച്ചു എന്നാരോപണം; ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്നു എന്ന് ഒരുവിഭാഗം; തുഷാരയെ ആദ്യമായി ആണ് കാണുന്നതെന്നും കാക്കനാട്ടെ ഫുഡ് കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രമെന്നും ആരോപണവിധേയർ; സത്യം തേടി മറുനാടൻ എത്തിയപ്പോൾ
കൊച്ചി: നോൺ ഹലാൽ ഹോട്ടൽ നടത്തിയ നന്ദൂസ് ഹോട്ടലുടമ, തുഷാര അജിത്തിനെ ഇൻഫോ പാർക്കിന് സമീപം ഒരുസംഘം മർദ്ദിച്ചെന്ന് ആരോപണം. ഇതിൽ ഒരുവിഭാഗം കടുത്ത പ്രതിഷേധവും ഉയർത്തുകയാണ്. തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് തുഷാര. തുഷാര തന്നെയാണ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയിൽ നിന്ന് ആക്രമണവിവരം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചൻ എന്ന പേരിലാണ് ഇവർ ഹോട്ടൽ ആരംഭിച്ചത്. ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവർ പറയുന്നു. നോൺ ഹലാൽ ഫുഡ് വിളമ്പരുത് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് തുഷാര പറയുന്നു. പോർക്ക് ഉൾപ്പടെ ഹലാൽ അല്ലാത്ത വിഭവങ്ങൾ വിളമ്പരുതെന്ന് സംഘം ഭീഷണി മുഴക്കി എന്നാണ് ഇവരുടെ ആരോപണം.
നന്ദൂസ് കിച്ചൻ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാൻ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോർക്കു വിളമ്പാൻ പാടില്ലെന്നും ഇവിടെ നിർദ്ദേശമുണ്ടായി. നോൺ ഹലാൽ ബോർഡും പോർക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാർത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര പറയുന്നു.
സമീപത്ത് തന്നെയുള്ള ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജ്, സുഹൃത്ത് നകുൽ എന്നിവരാണ് തുഷാരയെ ആക്രമിച്ചതെന്ന് മറുനാടൻ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, ഇവർ തങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളെ ഫുഡ കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രത്തിന്റെ ഭാഗമായുള്ള നാടകം മാത്രമാണ് ഇതെന്ന് ഇവർ ആരോപിക്കുന്നു.
തുഷാര അജിത്തിന്റെ വാക്കുകൾ
'ഞാനൊരു ആറുമാസം മുന്നേ നമ്മുടെ ഹോട്ടലിന്റെ അടുത്ത ബ്രാഞ്ചായിട്ട് കാക്കനാട് സ്ഥലം എടുത്തിട്ടിരിക്കുകയായിരുന്നു. ആ സ്ഥലം എടുത്തിട്ട് കുറച്ചുകഴിഞ്ഞപ്പോൾ, അവിടെ കുറെ ജിഹാദികൾ കയറി പറ്റിയിട്ട് ആ പ്രോപ്പർട്ടിക്ക് കേസും കാര്യങ്ങളും ഒക്കെ ആക്കി. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ല. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം കട തുറക്കാനായിട്ട് പോയി. അവിടെ ഡിഷുകളുടെ പേരും മറ്റും എഴുതി വയ്ക്കുമല്ലോ...നാളെ കട തുറക്കേണ്ട ദിവസം. ചെല്ലുമ്പോൾ, ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒന്നുംകാണാനില്ല. അപ്പോ, ഞാൻ എന്റെ ബാക്കി സാധനങ്ങൾ എല്ലാം കൂടി എടുത്തോണ്ടു പോന്നു. സ്റ്റേഷനിൽ ചെന്ന് സാധനങ്ങൾ കാണാനില്ലെന്ന് പറഞ്ഞു. ഇതിന് മുന്നെയും സാധനങ്ങൾ കാണാതെ പോയപ്പോൾ പരാതി നൽകിയിരുന്നു. അപ്പോ അവര് സാധനങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ തിരിച്ചുതന്നിട്ടില്ല. ഇതിനിടെ അവിടെ സംസാരമുണ്ട്...പന്നിയിറച്ചി വിൽക്കാൻ പാടില്ല. അവിടെ കഴിഞ്ഞ ദിവസം ഒരു പെറ്റിനെയും കൊണ്ടുവന്നപ്പോൾ അവന്മാര് പറഞ്ഞു...അത് അവർക്ക് ഹറാമെന്ന് പറഞ്ഞ് കേറ്റിയില്ല.
ഹിന്ദുക്കൾ പാലിക്കുന്ന ഒരു സഹനമുണ്ട്...ഈ സഹിക്കുന്നു എന്ന് പറഞ്ഞിട്ട് ഇത് കഴിവില്ലായ്മ ഒന്നും അല്ലല്ലോ...അപ്പോ ...നമുക്കിവിടെ കച്ചവടം നടത്താൻ പറ്റില്ല...പോർക്കിറച്ചി വിൽക്കാൻ പറ്റില്ല.എന്നോട് ചോദിച്ചതാ..നിനക്ക് പന്നിക്കുട്ടികളെ അങ്ങ് ഉണ്ടാക്കിയാൽ പോരേ? നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഒരുത്തൻ എന്റെ ഉടുപ്പിൽ കയറി പിടിച്ച് സാരി കീറി..എന്റെ അടിവയറ്റിൽ ചവിട്ടുമ്പോൾ, കണ്ടോണ്ട് നിന്ന കുക്ക്, അവൻ കൈയിലിരുന്നതുകൊണ്ട് അവന്റെ കാലിന് വെട്ടി..ഇതാണ് സംഭവിച്ചത്. ഇപ്പോൾ, ആദ്യം പരാതി കൊടുത്ത ഞാൻ ഒന്നാം പ്രതി, ഭർത്താവ് രണ്ടാംപ്രതി. എന്റെ പണിക്കാര് മൂന്നാം പ്രതി. അല്ലെങ്കിൽ വെട്ടിയോനെ കസ്റ്റഡിയിൽ എടുക്കുക. പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു ഇന്നലത്തെ തല്ല്."
ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോർഡും സംരംഭകയുടെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിക്കുന്ന റെസ്റ്റോറന്റ്.. തുടക്കത്തിൽ 20 പേർക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.
അതേസമയം, തുഷാരയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിട്ടു
കാക്കനാട് റിപബ്ലിക്കിൽ ഹോട്ടൽ നടത്തണമെങ്കിൽ പോർക്ക് വിഭവങ്ങളോ നോൺ ഹലാൽ ബോർഡോ പറ്റില്ലെന്ന് പറഞ്ഞാണത്രേ തുഷാര അജിത്തിനെ മർദ്ദിച്ചത്!അതിനെതിരായി ഉയരുന്ന പ്രതിഷേധം തന്റെ ഇഷ്ടപ്രകാരമുള്ള വ്യവസായം നടത്താനുള്ള ഒരു വനിതാ സംരംഭകയുടെ അവകാശത്തിനു വേണ്ടിയുള്ളത് മാത്രമല്ല, അന്യരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേൽ തങ്ങളുടെ ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്ന മത മൗലിക ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിരോധം കൂടിയാവേണ്ടതുണ്ട്.തുഷാര ചേച്ചിക്ക് പരിപൂർണ്ണ പിന്തുണ.
ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജിന്റെ പ്രതികരണം
"ഷോപ്പ് തുറക്കാൻ വന്നപ്പോൾ, എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു കൂടെ. നമ്മുടെ ഷോപ്പിന്റെ മുന്നിലുള്ള ഒരു അനക്സ്, പാനി പൂരി ഒക്കെ ചെയ്യുന്ന ഷോപ്പുണ്ട..അതുകാണുന്നില്ല..തുഷാര എന്നു പറയുനന ലേഡിയാണ് എടുത്തു കൊണ്ടുപോയതെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ, ഒരു കാരണവും ഇല്ലാതെ അവർ ഞങ്ങളുടെ അടുത്ത് ദേഷ്യപ്പെട്ടു. അവർക്കാണ് ഫുഡ് കോർട്ട് നടത്താനുള്ള അധികാരം ലാൻഡ് ലോർഡ് കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞാണ് ചൂടായത്. നിങ്ങൾ ആരാ ...ഇതുവരെ കണ്ടിട്ടു പോലും ഇല്ലല്ലോ എന്നുപറഞ്ഞപ്പോൾ കുറെ അസഭ്യം പറഞ്ഞു. എന്റെ സുഹൃത്തിനെ തല്ലുകയും ചെയ്തു. അപ്പോ, അവരുടെ ഭർത്താവും കൂടെയുണ്ടായിരുന്ന രണ്ടുപേരും, അവരുടെ കൈയിൽ വടിവാൾ പോലെ എന്തോ ഉണ്ടായിരുന്നു. അവർ വെട്ടാൻ തുടങ്ങി. എന്റെ കൈയിൽ രണ്ട് വെട്ട് കൊണ്ടു. പിന്നെ സുഹൃത്തിനെ ചവിട്ടി വീഴ്ത്തി കാലിലും വെട്ടി. സുഹൃത്തിന് നട്ടെല്ലില് ക്രാക്കുണ്ട്. കാലിന് ഒരു സർജറി കഴിഞ്ഞു.
തുഷാര നേരത്തെ ഇവിടെ ഹോട്ടലൊന്നും നടത്തിയിരുന്നില്ല. അവരെ കണ്ടിട്ടുപോലും ഇല്ല. ലാൻഡുമായിട്ടുള്ള ഒരു തർക്കത്തിന്റെ പേരിൽ അവരെ ഏൽപ്പിച്ചേക്കുന്നു എന്നാണ് നമ്മൾ അറിഞ്ഞത്. അതാവാം ആക്രമണത്തിന് പിന്നിൽ. അറിയില്ല എന്താണെന്ന്. ഞങ്ങളെ ഒഴിപ്പിക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശം."
ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്
വർഗ്ഗീസ് എന്നയാളുടെ സ്ഥലം, ജയശ്രീ എന്ന യുവതിക്ക് പാട്ടത്തിന് കൊടുത്തു.അവർ പലർക്കായി വാടകയ്ക്ക് നൽകി. ഇവിടെ രണ്ടു ഹോട്ടലുകൾ തുഷാരയ്ക്ക് ഉണ്ട്.ഇത് ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ക്ലീൻ ചെയ്യാനാണ് തുഷാര അവിടെ എത്തിയത്. ബിനോജിന്റെ ഹോട്ടലിന്റെ മുന്നിലെ ചാറ്റ് മസാല കൗണ്ടർ, എടുത്തുമാറ്റി എന്നാരോപിച്ച് ബിനോജും നകുലും, ഇവരോട് തട്ടിക്കയറി. തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു.തുഷാരയ്ക്കെതിരെ ഐപിസി 326 പ്രകാരം, കേസെടുത്തിട്ടുണ്ട്.തുഷാരയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ബിനോജിനും നകുലിനും എതിരെ കേസെടുത്തിട്ടുണ്ട്. തുഷാരയ്ക്കെതിരെ മാത്രമാണ് കേസെടുത്തത് എന്ന അവരുടെ ആരോപണം അടിസ്ഥാനരഹതിമാണെന്നും പൊലീസ് പറയുന്നു. തുഷാര തൃക്കാക്കര ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ചികിത്സയ്്ക്കായി മാറിയരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.