വിദ്യാഭ്യാസമേഖലയിൽ വളരെ പിന്നോക്കമാണ് ലിംഗവൈവിധ്യ സമൂഹങ്ങളെല്ലാം തന്നെ. അതിനാൽ തന്നെ ഈ സമൂഹങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഒരു പദ്ധതി, കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി പ്രഖ്യാപിക്കാൻ പോകുന്നതായി അറിയാൻ കഴിഞ്ഞു. സ്വാഗതാർഹമായ ഒരു പ്രവൃത്തിയാണത്. എന്നാൽ അതിനാവശ്യമായ തയ്യാറെടുപ്പുകൾ ശരിയായ ദിശയിലൂടെയാണോ മുന്നോട്ട് പോകുന്നത് എന്നൊരു സംശയവും ഉണ്ട്. ഇന്നോളം ഭാരതത്തിൽ പ്രഖ്യാപിച്ച ഇത്തരം പദ്ധതികൾ പരാജയമാണ്.

2011 ലെ സെൻസസ് വിവരങ്ങളും 2014 ലെ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം(CRS) വിവരങ്ങളും പരിശോധിച്ചാൽ തന്നെ ഭാരതത്തിലെ വിദ്യാഭ്യാസ വ്യവസ്ഥിതി ലിംഗവൈവിധ്യ സമൂഹങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് മനസ്സിലാകും. സ്ഥിതിവിവര കണക്കുകൾ പ്രകാരം, ഭാരതത്തിലെ 4,90,000 വരുന്ന ലിംഗവൈവിധ്യ സമൂഹത്തിൽ ഏകദേശം 46% മാത്രമാണ് സാക്ഷരർ. ഇവരിൽ തന്നെ 5.5% മാത്രമാണ് സ്‌കൂൾ തലത്തിലും ഉയർന്ന വിദ്യാഭ്യാസയോഗ്യതകൾ ഉള്ളവർ. ഇത്രയും വലിയൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്കായി ഭാരത സർക്കാർ വകയിരിത്തിയിട്ടുള്ളത് 10 കോടി രൂപ മാത്രമാണ്. ആ തുക അപര്യാപ്തമാണെന്നിരിക്കെ, ഇതിൽ എത്ര തുക വിനിയോഗിക്കപ്പെട്ടു എന്ന കണക്കുകളും ലഭ്യമല്ല.

2014 മുതൽ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തരബിരുദ പദ്ധതികളിൽ ലിംഗവൈവിധ്യ സമൂഹങ്ങളിൽപെടുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടും ഇന്നോളം ആരും തന്നെ സ്ഥിരവിദ്യാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 2016ൽ ഓപ്പൺ ലേണിങ് പദ്ധതിപ്രകാരം പഠനത്തിന് തയാറായത് 18 പേരാണ്. അവർക്കും ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. റിയ ശർമയെ പോലുള്ളവരുടെ ദുരനുഭവങ്ങൾ മാദ്ധ്യമശ്രദ്ധ ആകർഷിച്ചവയുമാണ്. ഞങ്ങളെപോലുള്ളവരുടെ പഠനത്തിന്, സ്വാഗതാർഹമായൊരു അന്തരീക്ഷമല്ല ഇപ്പോൾ നിലനിൽക്കുന്നതെന്ന് അടിവരയിടുന്ന നിരവധി ദുരനുഭവങ്ങൾ എടുത്തുപറയുവാൻ സാധിക്കും.

പാതിവഴിയിൽ പഠനമുപേക്ഷിച്ച ഭിന്നലിംഗക്കാർക്കായി കേരളത്തിൽ തന്നെ ഈ അടുത്തൊരു സ്‌കൂൾ തുടങ്ങുകയുണ്ടായി. ഭിന്നലിംഗക്കാർ തന്നെ തുടങ്ങിയ സ്‌കൂൾ എന്ന നിലയിൽ രാജ്യമൊട്ടാകെ വലിയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംരംഭമായിരുന്നു അത്. 'ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ' എന്ന സംഘടനയുടെ കീഴിൽ 'സഹജ് ഇന്റർനാഷണൽ സ്‌കൂൾ' എന്ന പേരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗുമായി (NIOS) സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ്, അതുമായി ബന്ധപ്പെട്ടവർ പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നത്.

എന്നാൽ ഇത്തരത്തിൽ ഒരു സംഘടന തന്നെ നിലവിലില്ല എന്നാണ് തുടരന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല, NIOSന്റെ സിലബസ്സിൽ എങ്ങനെയാണ് ഒരു ഇന്റർനാഷണൽ സ്‌കൂൾ പ്രവർത്തിക്കുക എന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. സ്‌കൂളിന്റെ പ്രവർത്തനാരംഭത്തിനായി പൊതുസമൂഹത്തിൽ നിന്നും വലിയ തുകകൾ സംഭാവനയായി പിരിച്ചെടുത്തതും യാതൊരുവിധ രേഖകളും ഇല്ലാതെയാണ്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഇത്തരമൊരു ആശയത്തെ പിന്തുണക്കാൻ പൊതുസമൂഹം തയാറായത്, ഞങ്ങളുടെ പ്രശ്‌നങ്ങൾ അവർ മനസ്സിലാക്കുന്നതുകൊണ്ട് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

സ്‌കൂളിന്റെ പ്രവർത്തനരീതിയിൽ സംശയം തോന്നിയതിനാൽ, സ്‌കൂൾ അധികൃതയുമായി ഞാൻ ഫോണിൽ ബന്ധപ്പെട്ടു. എന്റെ സംശയങ്ങൾ അവരോടു ചോദിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി പരിതാപകരമാണ്. ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

ഞാൻ: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നാൽ എന്താണ്?

അധികൃത: ട്രാൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നത് ഞങ്ങളുടെ NGO ബോഡിയുടെ പേരാണ്.

ഞാൻ: ഈ സംഘടനയുടെ തണലിലാണോ സ്‌കൂൾ പ്രവർത്തിക്കുന്നത്?

അധികൃത: അതെ.

ഞാൻ: അങ്ങനൊരു സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

അധികൃത: ഇല്ല.

ഞാൻ: രജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് 'ഫൗണ്ടേഷൻ' എന്ന് പേരിൽ വയ്ക്കുന്നത്?

- മറുപടി ഇല്ല -

ഞാൻ: സ്‌കൂളുമായി ബന്ധപ്പെട്ട വാർത്തകളിലും സ്‌കൂളിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ നൽകിയ ക്ഷണക്കത്തിലുമെല്ലാം 'Collaboration with NIOS' എന്ന് കണ്ടിരുന്നു, NIOSന്റെ അംഗീകാരത്തോടെയാണോ സ്‌കൂൾ പ്രവർത്തിക്കുന്നത് ?

അധികൃത: അവർ പറഞ്ഞത് അംഗീകാരമൊക്കെ സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങിയ ശേഷമേ തരാൻ പറ്റുകയുള്ളൂ, സ്‌കൂൾ ആകുന്ന സമയത്തേ നമുക്ക് അംഗീകാരം തരാൻ പറ്റുകയുള്ളൂ.

ഞാൻ: അപ്പോൾ ഒരു അംഗീകാരവുമില്ലാതെ, 'in collaboration with NIOS' എന്ന് നിങ്ങൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത് ?

'മറുപടി ഇല്ല'

ഞാൻ: നിങ്ങൾ ഇന്റർനാഷണൽ സ്‌കൂൾ എന്നൊക്കെ പറഞ്ഞല്ലോ, അവിടെയൊരു ബ്ലാക്ക് ബോർഡോ ഗ്രീൻ ബോർഡോ ഉണ്ടോ? ഒരു കഷ്ണം ചോക്ക് എങ്കിലുമുണ്ടോ?

അധികൃത: ഇല്ല.

ഞാൻ: ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീച്ചർ ഉണ്ടോ?

അധികൃത: ഇല്ല.

ഞാൻ: അദ്ധ്യാപകരായി ആരെങ്കിലുമുണ്ടോ?

അധികൃത: ഇല്ല.

ഞാൻ: അപ്പോൾ നിങ്ങൾ എന്തർത്ഥത്തിലാണ് ഇതിനെ സ്‌കൂൾ എന്ന് വിളിക്കുന്നത് ?

അധികൃത: ഞങ്ങൾ ഒരിടത്തും ഇതുവരെ സ്‌കൂൾ എന്ന് പറഞ്ഞിട്ടില്ലല്ലോ. ആൾട്ടർനേറ്റ് ലേർണിങ് സെന്റർ എന്നാണ് പറഞ്ഞിട്ടുള്ളത്.

ഞാൻ: അപ്പോൾ ഈ മാദ്ധ്യമങ്ങൾ മുഴുവൻ വാർത്ത നൽകിയത് ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്നാണല്ലോ? പത്ര സമ്മേളനത്തിലും നിങ്ങൾ പറഞ്ഞതും അങ്ങനെയാണല്ലോ?

അധികൃത: സത്യമായും, ഞങ്ങൾ ഒരിടത്തും ഇതുവരെ സ്‌കൂൾ എന്ന് പറഞ്ഞിട്ടില്ല.

ഞാൻ: ചുരുക്കി പറഞ്ഞാൽ ഈ സ്‌കൂളിനെ സംബന്ധിച്ച് നിങ്ങൾ പ്രചരിപ്പിച്ച ഓരോ കാര്യങ്ങളും കള്ളമാണ്. ആരെങ്കിലും നിങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുത്താൽ നിങ്ങൾ അകത്താകില്ലേ?

അധികൃത: അപ്പോൾ ഒരു പത്ര സമ്മേളനം നടത്തി പറയാം അല്ലേ, ഇത് സ്‌കൂളല്ല ഒരു ആൾട്ടർനേറ്റ് ലേർണിങ് സെന്റർ ആണെന്ന്. ഇത്തരം കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു, സുകന്യ. അതുകൊണ്ട് സംഭവിച്ചതാണ്. സുകന്യ പറഞ്ഞപ്പോഴാണ് ഈ കാര്യങ്ങളൊക്കെ ഓർത്തത്.

ഞാൻ: സുകന്യ പറഞ്ഞപ്പോഴാണ് ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിങ്ങൾ അറിയുന്നതെങ്കിൽ നിങ്ങൾ ഈ പണിക്ക് യോജിച്ച ആളല്ല.

അധികൃത: ഞങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്.

ഞാൻ: ഇനിയെങ്കിലും സത്യസന്ധമായി പറയൂ. എന്താണ് ഈ സ്‌കൂളുകൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത്?

അധികൃത: അതായത് പത്ത് പാസ് ആകാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് പരീക്ഷ എഴുതാനുള്ള സഹായം നൽകുക. എങ്ങനെ പരീക്ഷ എഴുതാൻ കഴിയുമെന്ന് അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ ക്ലാസ് എടുക്കാനൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല, അതിനുള്ള സൗകര്യങ്ങളും ഇവിടെ ഇല്ല. പിന്നെ അവർക്ക് വേണമെങ്കിൽ കുറച്ച് നാൾ ഇവിടെ താമസിക്കാം.

ഈ സംഭാഷണം വായിച്ചവരോട് ഇനിയും കൂടുതലൊന്നും വിശദമാക്കേണ്ട ആവശ്യമുണ്ടാകില്ല എന്ന് കരുതുന്നു. ഇത്രയും ചെറിയൊരു കാര്യത്തെ മഹത്തായ എന്തോ ഒരു ലക്ഷ്യം നിറവേറ്റുന്നു എന്ന് കൊട്ടിഘോഷിച്ച്, ട്രാൻസ്‌ജെന്‌ഡേഴ്‌സിന് എന്തൊക്കെയോ ചെയ്തു കൊടുക്കുന്നു എന്നൊരു പുകമറ സൃഷ്ടിച്ചത് സ്വാർത്ഥലാഭങ്ങൾക്കായി തന്നെയാണ്. ഇന്നോളം ഒരു പ്രവർത്തനവും നടന്നിട്ടില്ലാത്ത ഈ സ്‌കൂളിന്റെ ഉത്ഘാടനം കഴിഞ്ഞ വർഷാവസാനം നടന്നിരുന്നു. നാൾ ഇതുവരെ എന്ന് പ്രവർത്തിച്ചു തുടങ്ങും എന്നും അറിവായിട്ടില്ല. പ്രാരംഭപ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. എന്നെങ്കിലും പ്രവർത്തിച്ചു തുടങ്ങിയാലും ഫോം പൂരിപ്പിച്ച് കൊടുക്കുന്ന ഒരു സഹായി എന്നതിലുപരി അവർക്കൊന്നും ചെയ്യാനുമില്ല.

ഏതൊരു സാധാരണ സ്‌കൂളും പ്രവർത്തിക്കുന്ന പോലെ, അല്ലെങ്കിൽ അതിലും ഒരുപടി മുകളിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കും ഇതെന്ന ഒരു പ്രതീതി ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ സംഭാവന ഇനത്തിൽ തന്നെ ഇവർ സ്വീകരിച്ചിട്ടുണ്ട്. അതിനൊന്നും യാതൊരുവിധ രസീതും നൽകിയിട്ടുമില്ല. ഈ സംഘടനയുടെ പേരിൽ ഒരു ബാങ്കിലും ഒരു അക്കൗണ്ട് പോലുമില്ല.

'ട്രാൻസ്‌ജെൻഡർ' എന്ന വാക്ക് ദുരുപയോഗം ചെയ്ത് സ്വാർത്ഥലാഭം കൊയ്യുന്ന ഇത്തരക്കാർക്കെതിരെ യാതൊരു നടപടിയും ആരും സ്വീകരിച്ച് കാണുന്നുമില്ല. ഇനിയും ഇതുപോലുള്ള പല തട്ടിപ്പുകളും വെളിച്ചത്തുകൊണ്ടുവരുവാനുണ്ട്. അതികം വൈകാതെ അവ ഓരോന്നായി പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ പദ്ധതികൾ രൂപീകരിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് പഠിക്കാതെയാണ് അവ നടപ്പിലാക്കി കാണുന്നത്. ഇത്തരം പദ്ധതികൾ പരാജയപ്പെടാനുള്ള കാരണവും അത് തന്നെ. ഇനിയെങ്കിലും ഞങ്ങൾക്കായുള്ള പദ്ധതികളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക. ലാഭം കൊയ്യാൻ വെമ്പൽ കൊള്ളുന്ന നേതാക്കന്മാർ എല്ലാം കൈക്കലാക്കുന്ന അവസ്ഥ ഒഴിവാക്കുക.

(ഇവിടെ നൽകിയിട്ടുള്ളത് സുകന്യ കൃഷ്ണയുടെ അഭിപ്രായമാണ് - എഡിറ്റർ)