കാസർകോട്: മുസ്ലിം സമുദായം ഭീഷണിയിലാണെന്നും നമസ്‌കാര പള്ളികൾ സംഘപരിവാർ പ്രവർത്തകർ തകർക്കുകയാണന്നും രീതിയിൽ പ്രചരിക്കുന്ന വീഡിയോ കാസർകോട് തളങ്കര വലിയ ജുമാ മസ്ജിദ് പ്രവശേന കവാട ഗോപുരത്തിന്റേത്.

ചരിത്രവും വിശ്വാസവും ഇഴചേർന്നുനിൽക്കുന്ന കാസർകോട്ടെ തളങ്കര മാലിക് ഇബ്നു ദീനാർ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീർത്ഥാടനകേന്ദ്രമാണ്. കേരളത്തിൽ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണ് ഈ പള്ളി നില കൊള്ളുന്നത്. 1400 വർഷത്തിലേറെ പഴക്കം. വാസ്തുശിൽപ മികവിൽ ചരിത്രം ഒളിഞ്ഞിരിക്കുന്ന ഈ പള്ളിയുടെ വിശുദ്ധി തേടി പതിനായിരക്കണക്കിന് വിശ്വാസികളാണ് കാലങ്ങളായി ഇവിടെ എത്തികൊണ്ടിരിക്കുന്നത്. അവരിൽ വിദേശികളും ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള മറുനാട്ടുകാരുമുണ്ട്.

പല നാടുകളിൽനിന്നുള്ള മലയാളികളും പുണ്യംതേടി ഇവിടെയെത്തുന്നു. തങ്ങളുടെ ഇഷ്ട തീർത്ഥാടനകേന്ദ്രത്തിന്റെ അടയാളമായി 43 വർഷം മുൻപ് പള്ളിയിലേക്ക് കടന്നുവരുന്ന റോഡിന്റെ ആദ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കവാടം കാലപ്പഴക്കത്താൽ കഴിഞ്ഞദിവസം പൊളിച്ചു മാറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പള്ളികൾ സംഘപരിവാർ സംഘങ്ങൾ പൊളിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്നത്.

പള്ളിയിലേക്കുള്ള കടന്നുവരുന്ന റോഡിന്റെ ആദ്യഭാഗത്ത് 1980ൽ പണികഴിപ്പിച്ച പ്രവേശന കവാടത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. ഇത് ജീവനു ഭീഷണി ആയതോടെയാണ് പൊളിച്ചു മാറ്റാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കവാടത്തിന് ഗോപുരങ്ങൾ നീക്കം ചെയ്തത്. ഗോപുരങ്ങൾ മാറ്റിയതിന്റെ ദൃശ്യങ്ങൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് സംസ്ഥാന അതിർത്തി കടന്നതോടെയാണ് വ്യാപകമായി ദുരുപയോഗപ്പെട്ടത്. നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടത്തിന് ഇവിടെ എത്തിയവർക്ക് ഈ കാഴ്ച ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. പിന്നീട് പല രീതിയിലും ഇത് പ്രചരിക്കുകയായിരുന്നു .

കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ തളങ്കരയിൽ ചന്ദ്രഗിരിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും വിലപ്പെട്ട അനുഭവമാണ് പകർന്നുനൽകുന്നത്. 1400 വർഷങ്ങൾക്ക് മുൻപ് അറേബ്യയിൽനിന്ന് കപ്പൽ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കർണാടകയിലുമായി പത്ത് പള്ളികൾ പണിതുയർത്തിയിരുന്നു . ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദാണ് മാലിക് ഇബ്നു ദീനാർ പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസർകോട്ടേത്.

സത്യസന്ധരും സത്സ്വഭാവികളുമായ മാലിക് ഇബ്നു ദീനാറിനെയും സംഘത്തെയും കേരളത്തിലെ ഭരണാധികാരികൾ സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്. മതപ്രബോധനത്തിനും പള്ളി നിർമ്മാണത്തിനും അവർക്ക് അനുമതിയും പിന്തുണയും ലഭിച്ചു. ധാർമികബോധമുള്ള അവരുടെ ജീവിതരീതിയിൽ പ്രചോദിതരായി ഒട്ടേറെ പേർ ഇസ്ലാംമതത്തെ ആശ്ലേഷിച്ചു. കേരളത്തിൽ ഇസ്ലാം വേരാഴ്‌ത്തുന്നതിലും പടർന്നുപന്തലിക്കുന്നതിലും മാലിക് ഇബ്നു ദീനാറും സംഘവും വലിയ പങ്കുവഹിച്ചു. കൊടുങ്ങല്ലൂരിനും കാസർകോടിനും പുറമെ കൊല്ലം, ചാലിയം, പന്തലായിനി, ധർമടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാർകൂർ (തെക്കൻ കർണാടക) എന്നിവിടങ്ങളിലും അവർ പള്ളികൾ പണിതു. കറുപ്പഴകിൽ തിളങ്ങുന്ന മരങ്ങളിൽ അതിസൂക്ഷ്മമായി കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്പങ്ങളും വള്ളികളും ഇലകളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള വാസ്തുശില്പമികവുമായാണ് പള്ളി പണിതത്.

പള്ളിയുടെ അകത്തേക്കും പുറത്തേക്കും പോകാൻ അടുത്തടുത്തായി നിലകൊള്ളുന്ന ഒട്ടേറെ വാതിൽപ്പടികളുണ്ട്. മരത്തിൽ തീർത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും (മിമ്പർ) എല്ലാം പഴയകാല വാസ്തുസൗന്ദര്യത്തിന്റെ വിലപ്പെട്ട അടയാളങ്ങളാണ്. പ്രധാന വാതിൽപ്പടിയിൽ കൊത്തിവെച്ച അറബിലിഖിതം പള്ളിയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. മാലിക് ഇബ്നു ദീനാറും സംഘവും പടുത്തുയർത്തിയ മസ്ജിദുകളിൽ ഇന്നും മികവുറ്റരീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്നതും കാസർകോട്ടെ താളങ്ങരയിലെ പള്ളിയുടെ സവിശേഷതയാണ്.