മധുര: അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന് പേരിൽ പുതിയ പാർട്ടിയുമായി അങ്കത്തിനൊരുങ്ങി ടി ടി വി ദിനകരൻ. മധുരയിൽ ആയിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം നടത്തിയത്.

രണ്ടില ചിഹ്നത്തിനായി നിയമ പോരാട്ടം നടത്തുമെന്നും അത് വരെ പ്രഷർ കുക്കറായിരിക്കും തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചിഹ്നമെന്നും പാർട്ടി പ്രഖ്യാപിച്ച് ദിനകരൻ പറഞ്ഞു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്നു ദിനകരൻ വ്യക്തമാക്കി.

ജയലളിത, എംജിആർ, വി.കെ.ശശികല എന്നിവരുടെ വലിയ കട്ടൗട്ടുകളും വേദിക്കു സമീപം ഉയർത്തിയിരുന്നു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാർട്ടിയുടെ കൊടിയും ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

ശശികലയും ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ചുക്കാൻപിടിച്ച ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീർസെൽവം ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

തമിഴ് ചലച്ചിത്രതാരം കമൽ ഹാസൻ 'മക്കൾ നീതി മയ്യം' എന്ന പേരിൽ പാർട്ടി പ്രഖ്യാപിക്കുകയും നടൻ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനു തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണു പുതിയ പാർട്ടിയുമായി ദിനകരന്റെ രംഗപ്രവേശം.

ജയലളിതയുടെ മരണ ശേഷം എ.ഐ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. മുഖ്യമന്ത്രി പളനി സ്വാമിയും ഒ.പനീർശെൽവവും നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നൽകുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാർട്ടി പിളർന്നത്.

അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് ആർകെ നഗർ ഉപതിരഞ്ഞടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച ദിനകരൻ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. കുക്കർ ചിഹ്നത്തിലായിരുന്നു ദിനകരൻ മത്സരിച്ചിരുന്നത്.