ചെന്നൈ: ആർകെ നഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരന് വൻ വിജയം. രണ്ടില ചിഹ്നത്തിൽ മത്സരിച്ച അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥി ഇ മധുസൂദനനെ പിന്തള്ളിയാണ് ദിനകരൻ വൻ വിജയം നേടിയത്. ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേശിന് കെട്ടിവെച്ച കാശു പോയപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശു പോലും നഷ്ടമായി. അതിലും നാണക്കേട് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. ബിജെപി സ്ഥാനാർത്ഥി കാരു നാഗരാജൻ നേടിയ വോട്ട് നോട്ടയേക്കാൾ കുറവാണെന്നതാണ് കനത്ത തിരിച്ചടിയായി മാറിയത്.

അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറികളെ തുടർന്നാണ് സ്വതന്ത്രനായി ടി ടി വി ദിനകരൻ മത്സര രംഗത്തിറങ്ങിയത്. ഇവിടെ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിനകരന്റെ ജയം. ജയലളിതക്ക് പോലും ഇത്രയും വമ്പൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചത്. 2016ൽ ജയ നേടിയ 39,545 വോട്ടിന്റെ ഭൂരിപക്ഷമാണ് മന്നാർഗുഡി മാഫിയയുടെ തലവൻ കടപുഴക്കിയത്.

ദിനകരൻ 89013 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ഇ മധുസൂദനന് 48306 വോട്ടുകളാണ് ലഭിച്ചത്. ഡിഎംകെയുടെ മരുതു ഗണേശിന് 24651 വോട്ടുകൾ മാത്രമാണ് നേടാനായത്. പോരാട്ടത്തിനിറങ്ങിയ ബിജെപിക്ക് വൻതകർച്ചയാണ് ഉണ്ടായത്. നോട്ടയ്ക്കും പിന്നാലാണ് ബിജെപിയുടെ സ്ഥാനം. നോട്ട 2373 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ ബിജെപി സ്ഥാനാർത്ഥി കാരു നാഗരാജന് 1417 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഈ വിജയത്തോടെ തമിഴ രാഷ്ട്രീയത്തിൽ ഒരു പുതിയ തലൈവൻ കൂടി പിറവിയെടുക്കുകയാണ്. ഇത് വരും നാളുകളിൽ തമിഴ്‌നാട് രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കും. മൂന്ന് മാസത്തിനുള്ളിൽ സർക്കാറിനെ വീഴ്‌ത്തുമെന്ന ദിനകരന്റെ പ്രസ്താവന പളനിസ്വാമിക്കും പനീർശെൽവത്തിനുമുള്ള മുന്നറിയിപ്പു കൂടിയാണ്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡെടുത്ത ദിനകരന് മറ്റ് സ്ഥാനാർത്ഥികളാരും ഭീഷണിയായില്ല. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും ലീഡ് നില ഉയർത്തിയ ദിനകരനെ തൊടാൻ പോലും രണ്ടില ചിഹ്നത്തിൽ മത്സരിച്ച അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല. ഇതോടെ നിലവിലെ സർക്കാർ എത്രകണ്ട് മുന്നോട്ടു പോകുമെന്ന കാര്യം കണ്ടറിയണ്. തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറുകയായിരുന്നു ദിനകരൻ. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു മുന്നേറ്റം. പിന്നീട് ഇവരെ പോലും അമ്പരപ്പിക്കുന്ന വിധത്തിലേക്ക് ലീഡ് ഉയർത്താൻ ദിനകരന് സാധിച്ചു.

ഇതിനിടെ രാവിലെ മുതൽ തുടർച്ചയായി ലീഡ് നിലനിർത്തിപ്പോന്ന ദിനകരനെതിരെ അണ്ണാ ഡിഎംകെ വിഭാഗത്തിന്റെ പ്രതിഷേധമുയർന്നു. ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു ഏറ്റുമുട്ടൽ. ഇതേത്തുടർന്നു വോട്ടെണ്ണൽ 15 മിനിറ്റോളം നിർത്തിവച്ചു. പിന്നീട് സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏർപ്പെടുത്തിയും വോട്ടെണ്ണൽ പുനരാരംഭിക്കുകയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇടയ്ക്കിടെ സംഘർഷ സാധ്യത പുകയുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അണ്ണാ ഡിഎംകെ ഏജന്റുമാർ കസേരകൾ വലിച്ചെറിഞ്ഞു. രാവിലെ മധുരയിലായിരുന്ന ദിനകരൻ വിമാനത്തിൽ ചെന്നൈയിലെത്തി.

എത്തിയപാടെ നേരെ മറീന ബീച്ചിൽ ജയലളിതയുടെ സ്മാരകത്തിലേക്കാണ് പോയത്. അവിടെ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോടും സന്തോഷം പങ്കുവച്ചു. വലിയ സ്വീകരണമാണു ദിനകരന് ചെന്നൈയിൽ ലഭിച്ചത്. ജയലളിതയുടെ മരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജയയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്ന തരത്തിൽ പ്രചാരവുമായി മുന്നോട്ട് പോയിരുന്ന അണ്ണാ ഡി.എം.കെ കക്ഷികളിൽ ദിനകരന്റെ വിജയം തമിഴ് രാഷ്ട്രീയത്തിലെ അധികാര കേന്ദ്രങ്ങളെ മാറ്റിമറിക്കും.

ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തുള്ള എംഎ‍ൽഎമാർ തങ്ങളോടൊപ്പം വരുമെന്നും സർക്കാർ ഉടനെ വീഴുമെന്നുമാണ് ദിനകരപക്ഷം അവകാശപ്പെടുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കുന്ന നീക്കങ്ങളുണ്ടാകുമെന്ന് നേതാക്കൾ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയമായി മേൽകൈ നേടാമെന്ന ഡി.എം.കെയും കണക്കുകൂട്ടൽ അപ്പാടെ തെറ്റിയിരിക്കുകയാണ്. വൻതോതിൽ പണമൊഴുകിയെന്ന ആരോപണത്തെ തുടർന്ന് മുമ്പ് ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ വൻതോതിൽ പണമൊഴുക്കിയതായി ആരോപണമുണ്ട്.