ഡാളസ്: ഡാളസ് കിങ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഒന്നാമത് അന്തർദേശീയ വടംവലി മത്സരത്തിൽ ഡാളസ് കിങ്‌സ് ആർട്‌സ് സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഹൂസ്റ്റൺ കില്ലേഴ്‌സിനെ കീഴ്‌പ്പെടുത്തിയാണ് ട്രോഫിയും 1500 ഡോളർ കാഷ് അവാർഡും കരസ്ഥമാക്കിയത്.

എട്ടു ടീമുകൾ അണിനിരന്ന ടൂർണമെന്റിലെ സെമി ഫൈനലിൽ ഡാളസ് കിങ്‌സ് ഡാളസ് റോയൽസിനെയും ഹൂസ്റ്റൺ കില്ലേഴ്‌സ്, ദാക്ഷായണി ആർട്‌സ് ക്ലബ് ഡാളസിനെയും പരിചയപ്പെടുത്തിയണ് ഫൈനലിൽ കടന്നത്. ജിനു കുടിൽ ക്യാപ്റ്റനായും സൈമൺ ചാമക്കാല കോച്ചായുള്ള ഡാളസ് കിങ്‌സിനെതിരെ ഹൂസ്റ്റൺ കില്ലേഴ്‌സിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.

ഡാളസ് കിങ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം ഡാളസ് ക്രൈസ്റ്റ് ദ കിങ് ഡാളസ് ക്‌നാനായ ചർച്ച് വികാരി ഫാ. മാത്യു മേലേടം നിർവഹിച്ചു. കൂടാതെ ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റി കൗൺസിൽ മൈക്ക് ബുമ് ഗാർഡണർ വിശിഷ്ടാതിഥിയായ സമ്മേളനത്തിൽ ഡാളസ് ക്‌നാനായ യാക്കോബായ വികാരി ഫാ. എബി ഏബ്രഹാമും സന്നിഹിതനായിരുന്നു. ക്ലബ് പ്രസിഡന്റ് ജിനു കുടിലിൽ വിശിഷ്ടാതിഥികളേയും ടീമംഗങ്ങളേയും സ്വാഗതം ചെയ്തു. സൈമൺ ചാമക്കാല നന്ദി പറഞ്ഞു.

അഞ്ഞൂറിൽപരം കാണികൾക്കു മുമ്പിൽ നടന്ന വടംവലി മത്സരം സിറ്റി കൗൺസിൽ മൈക്ക് ബുമ് ഗാർഡണർക്ക് വളരെയധികം കൗതുകം ഉള്ളവാക്കി. ഫാ. മാത്യു മേലേടവും ഫാ. എബി ഏബ്രഹാമും ആശംസകൾ അർപ്പിച്ചു.