കൊൽക്കത്ത: ചില ജീവിതങ്ങൾ അങ്ങനെയാണ്, നമ്മളെ മുന്നോട്ട് നയിക്കാനുള്ള ഊർജ്ജം പകരുന്നവരയാകും അത്. അത്തരമൊരു ജീവിതകഥയാണ് ബംഗാളി പയ്യൻ തുഹിൻ ദെയ് എന്ന ബംഗാളി ബാലന്റേത്. 90 ശതമാനവും വൈകല്യവുമായി ജനിച്ചു വീണിട്ടും തോൽക്കില്ലെന്ന് ഉറപ്പിച്ചു പോരാടി ജീവിതം വിജയം നേടി തുഹിൻ. ജന്മനാ രോഗബാധിതനായി പിറന്ന് കൈയും കതാലും അനക്കാനാവാതെ വീൽച്ചെയറിൽ തള്ളി നീക്കുകയായിരുന്നു ജീവിതം. എന്നാൽ വൈകല്യത്തെ മറികടക്കാൻ ആത്മവിശ്വാസം കൊണ്ട് പൊരുതിയ തുഹിൻ വിജയവഴിയിൽ തന്നെയെത്തി.

തൊണ്ണൂറ് ശതമാനത്തിലധികം വൈകല്യമുള്ള തുഹിൻ ദെയ് എന്ന ബംഗാളി ബാലൻ പരീക്ഷയിൽ നേടിയ വിജയത്തിന് 100 ശതമാനത്തിന്റെ തിളക്കമുണ്ട്. വായിൽ കടിച്ച് പിടിച്ച പേനകൊണ്ട് എഴുതി സിബിഎസ്സി പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്കാണ് തുഹിൻ ദെയ് നേടിയത്.

ഗർഭാവസ്ഥയിൽ തന്നെ ബാധിക്കുന്ന ആർത്രോഗ്രൈപോസിസ് മൾട്ടിപ്ലെക്സ് കൺജെനിറ്റ (എഎംസി) എന്ന രോഗമായിരുന്നു തുഹിൻ ദെയ്ക്ക്. ഇത് മൂലം കൈകാലുകളുടെ ചലനം സാധ്യമായിരുന്നില്ല. 1999ൽ ജനിച്ചത് മുതൽ ഇതിനകം 20 ശസ്ത്രക്രിയകൾക്ക് തുഹിൻ വിധേയനായി. എന്നാൽ ഇതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല.

പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിലെ ഖരഖ്പുർ ഐഐടി സെൻട്രൽ സ്‌കൂളിലാണ് ദെയ് പരീക്ഷ എഴുതിയത്. ഫലം വരുമ്പോൾ മത്സരപ്പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാജസ്ഥാനിലെ കോട്ടയിലായിരുന്നു ദെയ്. 95 ശതമാനത്തിന് മുകളിൽ മകൻ മാർക്ക് നേടുമെന്നാണ് വിചാരിച്ചിരുന്നതെന്ന് തുഹിന്റെ അമ്മ സുജാത ദെയ് പറഞ്ഞു.

ഭിന്നശേഷിക്കാരനായിരുന്നതിനാൽ ദെയ്ക്ക് സഹ- പാഠ്യവിഷയങ്ങളിൽ പങ്കാളിയാകാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ കുറഞ്ഞ ഗ്രേഡായ ബി ടു മാത്രമാണ് അവന്റെ സ്‌കൂൾ നൽകിത്. ഇത് മൊത്തം മാർക്കിൽ കുറവുണ്ടാക്കിയെന്നും അവർ പറഞ്ഞു. തൊണ്ണൂറ് ശതമാനത്തിലധികം വൈകല്യമുള്ളതിനാൽ തന്നെ സ്‌കൂൾ പഠനം ദെയ്ക്ക് എളുപ്പമായിരുന്നില്ല. 14 കിലോമീറ്റർ ദൂരെയുള്ള സ്‌കൂളിലേക്ക് ദിവസവും പിതാവ് മോട്ടോർ സൈക്കിളിലാണ് അവനെ എത്തിച്ചിരുന്നത്. മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രാജസ്ഥാനിലെ കോട്ടയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.